ന്യൂഡല്‍ഹി ● യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാകുന്ന വിധം സുരക്ഷാ വീഴ്ച വരുത്തിയ മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രാദേശിക വിമാനക്കമ്പനിയായ ‘എയര്‍ പെഗാസസി’നെതിരെ കടുത്ത നടപടിയുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). സുരക്ഷാ ക്രമീരണത്തില്‍ വീഴ്ചവരുത്തിയതിന് കമ്പനിയുടെ അഞ്ച് പൈലറ്റുമാരേയും സുരക്ഷാ മേധാവിയേയും ഡി.ജി.സി.എ സസ്പെന്‍ഡ് ചെയ്തു. സുരക്ഷാ പിഴവുകള്‍ എത്രയും വേഗം തിരുത്തിയില്ലെങ്കില്‍ എയര്‍ പെഗാസസിന്റെ പറക്കാനുള്ള അനുമതി റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും ഡി.ജി.സി.എ മുന്നറിയിപ്പ് നല്‍കി.
പൈലറ്റുമാരെ താത്കാലികമായാണ് സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. അതേസമയം, സുരക്ഷാ മേധാവിയെ സ്ഥിരമായാണ് നീക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ എയര്‍ പെഗാസസിന്റെ മിക്ക വിമാനങ്ങളിലും ഗുരുതരമായ സുരക്ഷാവീഴ്ചകള്‍ കണ്ടെത്തിയിന്നതായി ഡി.ജി.സി.എ വ്യക്തമാക്കി. വിമാനം പറത്തുന്നതിന്റെ അടിസ്ഥാന നിയമങ്ങള്‍ പോലും ലംഘിച്ചാണ് എയര്‍ പെഗാസസ് പൈലറ്റുമാര്‍ വിമാനം പറത്തിയിരുന്നത്. അപകടകരമായ രീതിയില്‍ കുത്തനെയും, അതിവേഗത്തിലും ലാന്‍ഡ് ചെയ്യുക, മതിയായ അളവില്‍ ഇന്ധനം നിറയ്ക്കാതിരിക്കുക എന്നിവയാണ് ഡി.ജി.സി.എ ആരോപിക്കുന്ന കുറ്റങ്ങള്‍.
ബംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തിയ എയര്‍ പെഗാസസ് വിമാനങ്ങളിലും ഇത്തരം സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് വന്ന ഒരു എയര്‍ പെഗാസസ് വിമാനം അപകടകരമായ രീതിയില്‍ കുത്തനെയാണ് റണ്‍വേയിലേക്ക് ലാന്‍ഡിംഗിനായി എത്തിയത്. ഇതുമൂലം ചില ഘട്ടങ്ങളില്‍ പൈലറ്റ് ലാന്‍ഡിംഗ് ഉപേക്ഷിച്ച് വിമാനം വട്ടമിട്ടു പറത്തിയതായും ഡി.ജി.സി.എ പറയുന്നു.
പ്രാദേശിക സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ അടുത്തിടെയായി വലിയ തോതില്‍ സുരക്ഷാ വീഴ്ചകള്‍ വരുത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുള്ളതായി ഡി.ജി.സി.എ. പറഞ്ഞു. നിര്‍ദ്ദേശിച്ചിട്ടുള്ള അളവില്‍ ഇന്ധനം നിറയ്ക്കാതിരിക്കുക, റണ്‍വേയാണെന്നു തെറ്റിദ്ധരിച്ചു റോഡില്‍ വിമാനമിറക്കാന്‍ ഭാവിച്ച് കാബിന്‍ ക്രൂവിന് നിര്‍ദ്ദേശം നല്‍കുക തുടങ്ങിയ വീഴ്ചകളാണ് കണ്ടെത്തിയിട്ടുള്ളത്.
അതേസമയം, ഇപ്പോള്‍ ചൂണ്ടിക്കാണിച്ച തെറ്റുകള്‍ റെഗുലേറ്റര്‍ നേരത്തേ ഉന്നയിച്ചതാണെന്നും അത് പരിഹരിച്ച ശേഷമുള്ള റിപ്പോര്‍ട്ടുകള്‍ ഡി.ജി.സി.എയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും എയര്‍ പെഗാസസ് എം.ഡി ഷൈസണ്‍ തോമസ് അറിയിച്ചു.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ പെഗാസസ് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സര്‍വീസ് ആരംഭിച്ചത്. 66 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ടര്‍ബോ പ്രൊപ്പല്ലര്‍ ഇനത്തിലുള്ള മൂന്ന് എ.ടി.ആര്‍ 72-500 വിമാനങ്ങള്‍ ഉള്ള കമ്പനി തിരുവനന്തപുരം, ബംഗളൂരു, മംഗളൂരു, ചെന്നൈ, കടപ്പാ, ഹുബ്ലി, ഗോവ, കൊച്ചി, മധുരൈ എന്നീ എട്ടു സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ലൈന്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡെക്കോര്‍ ഏവിയേഷനാണ് എയര്‍ പെഗാസസിന്റെ പ്രമോട്ടര്‍മാര്‍.
Post Your Comments