ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹേറത്ത് പ്രവിശ്യയില്‍ ഈയടുത്ത ദിവസം തന്നെ ഒരു വി.വി.ഐ.പി. സന്ദര്‍ശനം ഉണ്ടായേക്കാം. ജൂണ്‍ ആദ്യവാരത്തിലെ തന്‍റെ സന്ദര്‍ശന തിരക്കുകള്‍ക്കിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഹേറത്തിലും എത്തിയേക്കാം. അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കുന്ന സൗഹൃദസമ്മാനമായ സല്‍മ അണക്കെട്ടിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനാകും ഖത്തറിലേക്കുള്ള തന്‍റെ യാത്രാമദ്ധ്യേ പ്രധാനമന്ത്രി ഹേറത്തില്‍ എത്തുക.
സല്‍മയുടെ പേര് “ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ സൗഹൃദ അണക്കെട്ട്” എന്നാക്കി മാറ്റാനും അഫ്ഗാനിസ്ഥാന്‍ തീരുമാനമെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ മോസ്ക്കോയില്‍ നിന്ന്‍ മടങ്ങുന്ന വഴിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കാബൂളില്‍ എത്തിയതും ഇന്ത്യ നിര്‍മ്മിച്ചു നല്‍കിയ അഫ്ഗാന്‍ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്തതും, അഫ്ഗാന്‍ സൈന്യത്തിന് സൈനിക ഹെലിക്കോപ്റ്ററുകള്‍ സമ്മാനിച്ചതും.
മെയില്‍ ഇറാനുമായി ഒപ്പിട്ട ചബഹാര്‍ തുറമുഖത്തിനോടൊപ്പം സല്‍മ അണക്കെട്ടു കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ സാന്നിദ്ധ്യം ചോദ്യംചെയ്യപ്പെടാനാവാത്തതായി മാറുകയാണ്. അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണകാലത്ത് തുടക്കമിട്ട പദ്ധതികളാണ് ചബഹാറും, സല്‍മയും.
പാകിസ്ഥാനെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് കരബന്ധിത രാജ്യമായ അഫ്ഗാനിസ്ഥാനിലേക്കും, അഫ്ഗാന് മുകളിലുള്ള മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും റഷ്യയിലേക്കും ഉള്ള ഇന്ത്യയുടെ സൈനിക-സാമ്പത്തിക ഇടനാഴിയായി മാറും ചബഹാര്‍.
Post Your Comments