കൊച്ചി: സിം കാര്‍ഡ് ആക്‌ടീവ് ആകാത്തതിന്റെ പേരില്‍ മൊബൈല്‍ ഷോപ്പുടമയ്‌ക്കും ജീവനക്കാര്‍ക്കും നേരേ ആസിഡ് ആക്രമണം. കലൂര്‍ ചമ്മിണി ടവറിലെ വോഡഫോണ്‍ ഷോപ്പുടമ എളമക്കര സ്വദേശി സക്കറിയ പൗലോസിന്റെ നേരെയാണ് ആസിഡ് ആക്രമണം നടന്നത് . മൂന്നു ജീവനക്കാര്‍ക്കും പരിക്കേറ്റു. ആക്രമണം നടത്തിയ ഇടുക്കി രാജാക്കാട് പന്നിയാര്‍കുട്ടി സ്വദേശി സണ്ണി തോമസിനെ സമീപത്തെ കടയുടമകളും മറ്റുള്ളവരും ചേര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. ബുധനാഴ്ച സണ്ണി തോമസ് കലൂര്‍ ചമ്മിണി ടവറിലെ വൊഡഫോണ്‍ ഷോപ്പില്‍ വന്ന് പുതിയ കണക്ഷന്‍ എടുത്തിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഷോപ്പിലെത്തിയ ഇയാള്‍ സിം കാര്‍ഡ് ആക്ടീവ് ആയില്ലെന്നു പറഞ്ഞ് സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാരോട് അസഭ്യം പറഞ്ഞു. ഇതോടെ സക്കറിയ പൗലോസും ജീവനക്കാരും ഇയാളോട് ഷോപ്പില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. കുറച്ചു നേരത്തിനു ശേഷം മരം അറക്കാനുപയോഗിക്കുന്നതു പോലെയുള്ള വാളും ചെറിയ പാത്രത്തില്‍ ആസിഡുമായെത്തിയ സണ്ണി തോമസ് ജീവനക്കാര്‍ക്കും ഷോപ്പുടമയ്ക്കുമെതിരെ വാള്‍ വീശി. അവര്‍ കസേരകൊണ്ട് തടുത്തു. തുടര്‍ന്ന് ഇയാള്‍ പാത്രത്തില്‍ കരുതിയിരുന്ന ആസിഡ് അവര്‍ക്കു നേരെ ഒഴിക്കുകയായിരുന്നു. ഷോപ്പുടമ സക്കറിയ പൗലോസിന്റെ കണ്ണുകളിലും ജീവനക്കാരായ ജോബിന്‍, സ്‌റ്റെഫി, ലിന്‍ഡ എന്നിവരുടെ ശരീരത്തിലും ആസിഡ് വീണു. ഇതിനു ശേഷം ഷോപ്പില്‍ നിന്ന് ഇറങ്ങിയോടിയ സണ്ണി തോമസിനെ ബഹളം കേട്ടെത്തിയ ജനങ്ങള്‍ പിടികൂടി എറണാകുളം നോര്‍ത്ത് പൊലീസിനു കൈമാറി.
Post Your Comments