ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ആഫ്രിക്കന്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് കോംഗോയിലെ ഇന്ത്യക്കാര്‍ക്ക് നേരെ ആക്രമണം. കൊലപാതകത്തില്‍ കോംഗോ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ കിന്‍ഷാസയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്ത സമരം നടന്നിരുന്നു. തുടര്‍ന്നാണ് ഇന്ത്യാക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
ഈ മാസം 20 ന് ആയിരുന്നു ഡല്‍ഹിയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഫ്രഞ്ച് അദ്ധ്യാപകനായ ആഫ്രിക്കന്‍ പൗരന്‍ എം.കെ ഒലിവര്‍ കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടില്‍ പോയി തിരികെ വരുമ്പോള്‍ ഒരു സംഘം ഒലിവറിനെ ആക്രമിക്കുകയും മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പ്രധാന പ്രതി മൊബിന്‍ സൈഫി കൊലപാതകത്തിന്റെ പിറ്റേന്ന് പിടിയിലായിരുന്നു. ഇയാളുടെ കൂട്ടാളി പ്രകാശ് കഴിഞ്ഞ ദിവസം അറസ്റ്റിലായി. മൂന്നാമനെ പിടികൂടാന്‍ സാധിച്ചില്ല.
കോംഗോ നഗരത്തിലെ ഇന്ത്യക്കാരുടെ സ്ഥാപനങ്ങള്‍ക്ക് നേരെയും സമരക്കാര്‍ ആക്രമണമഴിച്ചു വിട്ടു. സ്ഥിതി ശാന്തമാകുന്നതു വരെ ഇന്ത്യാക്കാര്‍ കടകള്‍ തുറക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അയ്യായിരത്തോളം ഇന്ത്യക്കാരുടെ സ്ഥലമാണ് കിന്‍ഷാസ. ഇന്ത്യയിലുള്ള ആഫ്രിക്കക്കാര്‍ക്ക് സുരക്ഷ ഉറപ്പു നല്‍കുമെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഡല്‍ഹി ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments