അജ്മീര്‍: ടോള്‍ ബൂത്തില്‍ പണം ചോദിച്ച ജീവനക്കാരെ കൊള്ളസംഘ തലവന്‍ പരസ്യമായി എത്തമീടിക്കുന്ന വീഡിയോ പുറത്ത്. ഇന്നലെ രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. അജ്മീറിലെ കുപ്രസിദ്ധനായ കൊള്ളസംഘാംഗം ധ്യാന്‍ സിംഗ് ആണ് പണം ചോദിച്ചതിന് ടോള്‍ ജീവനക്കാരനെ ശിക്ഷിച്ചത്. ആയുധം കൈവശം വെച്ചതിന് കുറച്ചുമാസങ്ങളായി ജയിലില്‍ ആയിരുന്നു ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
സര്‍വാദിലെ ടോള്‍ ബൂത്തില്‍ ധ്യാന്‍ സിംഗ് വാഹനമോടിച്ചെത്തുന്നതാണ് വീഡിയോയില്‍. തുടര്‍ന്ന് ടോള്‍ പണം ചോദിച്ച ജീവനക്കാരെ ഓരോരുത്തരായി വിളിച്ച് ഏത്തമീടിക്കുന്നു. ജീവനക്കാരുടെ എത്തമിടല്‍ ധ്യാനിന്റെ അനുയായി മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു.
ടോള്‍ ജീവനക്കാരുടെ പരാതിയില്‍ പൊലീസ് ധ്യാനിനെതിരെ കേസെടുത്തിട്ടുണ്ട്. തോക്കുചൂണ്ടിയാണ് ധ്യാന്‍ തങ്ങളെ എത്തമീടിച്ചതെന്ന് ജീവനക്കാര്‍ പരാതിയില്‍ പറയുന്നു. ഒരുമാസത്തിനുള്ളില്‍ ടോള്‍ ബൂത്തില്‍ നിന്നും പിരിച്ചുവിടുമെന്ന ഭീഷണിയും ധ്യാന്‍ മുഴക്കിയെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും ധ്യാനിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറയുന്നു.
നിലവില്‍ 32 ക്രിമിനല്‍ കേസുകള്‍ ധ്യാന്‍ സിംഗിനെതിരെയുണ്ട്. പരോളിലിറങ്ങി ഒരു വര്‍ഷം മുങ്ങിനടന്ന ധ്യാന്‍ കഴിഞ്ഞവര്‍ഷം നവംബറിലാണ് അറസ്റ്റിലായത്. വീഡിയോ കാണാം…
Post Your Comments