പാലക്കാട് നഗരത്തിലെ പ്രസിദ്ധമായ വിദ്യാലയത്തിൽ നിന്ന് പുസ്തകക്കച്ചവടക്കാരനെ ഇറക്കിവിട്ട പ്രധാനാദ്ധ്യാപകന്റെ നടപടിയിൽ പ്രതിഷേധം വ്യാപകമാവുന്നു.
മലയാളം അദ്ധ്യാപകരുടെ അവധിക്കാല പരിശീലനം നടക്കുന്ന കേന്ദ്രത്തിൽ അദ്ധ്യാപകർക്ക് പുതിയ പാഠപുസ്തകം പഠിപ്പിക്കാൻ സഹായകമാവുന്ന സാഹിത്യ കൃതികൾ വിൽക്കാനെത്തിയ നഗരിപ്പുറം എ വി ശശിയെന്ന പുസ്തകക്കാരനെയാണ് പ്രധാനാദ്ധ്യാപകൻ അപമാനിച്ച് ഇറക്കിവിട്ടത്. പതിറ്റാണ്ടുകളായി പുസ്തകം വിറ്റ് ജീവിക്കുന്ന ശശി മികച്ച വായനക്കാരൻ, എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പാലക്കാടിന് പുറത്തും സുപരിചിതനായ വ്യക്തിയാണ്. വി.കെ.ശ്രീരാമന്റെ പ്രസിദ്ധമായ ‘വേറിട്ട കാഴ്ചകളിൽ ‘ ശശിയുടെ ജീവിതം കടന്നുവന്നിട്ടുണ്ട്.
താനാരാണെന്നും തന്റെ ഉദ്ദേശമെന്താണെന്നും വിനയത്തോടെ വിശദീകരിച്ചിട്ടും പ്രധാനാദ്ധ്യാപകൻ പുസ്തകം വിൽക്കാനുള്ള അനുമതി നിഷേധിക്കുകയായിരുന്നുവത്രെ. സ്കൂൾ പരിസരങ്ങളിൽ കുട്ടികൾക്ക് മയക്കുമരുന്ന് വിൽക്കുന്നവരെ നിരീക്ഷിക്കാൻ കാണിക്കാത്ത ജാഗ്രത പുസ്തകക്കച്ചവടക്കാരനു നേരെ പുലർത്തുന്നത് എന്തായാലും അത്ഭുതപ്പെടുത്തുന്നു…
അദ്ധ്യാപകനോട് കയർക്കാതെ ക്ഷമ ചോദിച്ച് പുറത്തിറങ്ങിയ ശശി പിറ്റേന്ന് രാവിലെ അതേ വിദ്യാലയത്തിലെത്തി ഒരു സമ്മാനപ്പൊതിയും കത്തും പ്രധാനാദ്ധ്യാപകന് നൽകി. കത്തിന്റെ പകർപ്പ് ഫേസ് ബുക്കിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. സമ്മാനപ്പൊതിയിൽ മലയാളം അക്ഷരമാലയുൾപ്പെടുന്ന എഞ്ചുവടിയും ആമയും മുയലും കഥാപുസ്തകവുമായിരുന്നു!!
കത്ത് ഇങ്ങനെ..
” പൂർണ്ണ വളർച്ചയെത്തും മുമ്പ് മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ-
മനുഷ്യന് ഒരാമുഖം
പ്രിയ എച്ച് എം,.
ഞാനിന്നലെ പുസ്തകങ്ങളുമായി വന്നപ്പോൾ താങ്കളെന്നെ ഇറക്കിവിട്ടു. .
താങ്കൾ അപമാനിച്ചത് എം.ടി.യേയും ഒ.വി.വിജയനേയും തകഴിയേയും സർവ്വോപരി മലയാള സാഹിത്യത്തേയുമാണ്.
ജൂൺ 19 വായനാദിനമാണ്.
ബഹുമാനപ്പെട്ട അങ്ങ്തന്നെ കുട്ടികളോട് പ്രസംഗിക്കണം, വായനയുടെ മഹത്വത്തെപ്പറ്റി…,
അങ്ങ് വായനയിലേക്ക് പിച്ചവച്ച് വരുവാൻ
ഈ മന:പാഠവും കുഞ്ഞു കഥകളും സഹായകമാവട്ടെ….
നന്ദി….”
Post Your Comments