ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തിനെ കുറിച്ചും ബാങ്കിങ് ഇടപാടുകള്‍ സംബന്ധിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 14 രാജ്യങ്ങളോട് വിവരങ്ങള്‍ തേടി. യു.കെ, യു.എ.ഇ, ദക്ഷിണാഫ്രിക്ക, യു.എസ്, ഗ്രീസ്, സ്‌പെയ്ന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫ്രാന്‍സ്, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, ശ്രീലങ്ക, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ് എന്നീ രാജ്യങ്ങളെയാണ് ഇ.ഡി സമീപിച്ചത്.
അഡ്വാന്റേജ് സ്ട്രാറ്റജിക്, സീക്വോയ, വെസ്റ്റ്ബ്രിഡ്ജ് തുടങ്ങിയ കമ്പനികളില്‍ കാര്‍ത്തിക്ക് നിക്ഷേപങ്ങളും ബിസിനസ് ഇടപാടുകളും തെളിയിക്കുന്ന രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ കണ്ടത്തെിയിരുന്നു. ഇതത്തേുടര്‍ന്നാണ് വിദേശരാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഇ.ഡി തീരുമാനിച്ചത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കാര്‍ത്തിയെ ഉടന്‍ ചോദ്യംചെയ്‌തേക്കും.
എന്നാല്‍, എല്ലാ ഇടപാടുകളും തന്റെ അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കാര്‍ത്തി പ്രതികരിച്ചു. കൃത്യസമയത്തുതന്നെ താന്‍ നികുതി നല്‍കാറുണ്ടെന്നും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ നിയമാനുസൃതമായി സമീപിക്കുകയാണെങ്കില്‍ എല്ലാ വിവരങ്ങളും കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ പി. ചിദംബരം മകനെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. തന്റെ മകനായതുകൊണ്ടാണ് കാര്‍ത്തിയെ ഉന്നമിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇ.ഡിയും ആദായനികുതി വകുപ്പും സംയുക്തമായാണ് കാര്‍ത്തിയുടെ ചെന്നൈയിലെ ഓഫിസില്‍ റെയ്ഡ് നടത്തിയത്. ചിദംബരം ധനമന്ത്രിയായിരുന്ന 2006 മുതല്‍ 2014 വരെയുള്ള കാലയളവില്‍ കാര്‍ത്തി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് ആരോപണം.
Post Your Comments