ജയ്പൂര്‍ : ഒട്ടകത്തിന്റെ ആക്രമണത്തില്‍ മധ്യവയസ്കന് മരിച്ചു. രാജസ്ഥാനിലെ ബര്‍മര്‍ ജില്ലയിലാണ് ഒട്ടകത്തിന്റെ ആക്രമണത്തില്‍ മധ്യവയസ്കന് മരിച്ചത്. ഒട്ടകത്തിന്റെ ഉടമസ്ഥന്കൂടിയായ മധ്യവയസ്കനാണ് കൊല്ലപ്പെട്ടത്. ഒട്ടകത്തിന്റെ ആക്രമണത്തില്‍ ഇയാളുടെ തലയിലും കഴുത്തിലുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.
കനത്ത ചൂടിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒട്ടകത്തിന്റെ കാലിന് വേദന അനുഭവപ്പെട്ടിരുന്നു. ഇത് വകവെയ്ക്കാതെ ഉടമസ്ഥന് ഒട്ടകത്തെ കൊണ്ട് കഠിനമായി പണി ചെയ്യിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ബര്‍മറിലെ ഉര്ജാരം എന്ന ഗ്രാമത്തില്‍ നിന്നും ചില അതിഥികളെ ഒട്ടകത്തിന്റെ പുറത്തു കയറ്റി ഉടമസ്ഥന് കൊണ്ടു വന്നിരുന്നു. ശനിയാഴ്ച വൈകിയാണ് ഇവര്‍ വീട്ടിലെത്തിയത്.
തുടര്‍ന്ന് ഞായറാഴ്ചയായിരുന്നു ആക്രമണം നടന്നത്. പരിചരിക്കാനെത്തിയ മധ്യവയസ്കനെ ഒട്ടകം ആക്രമിക്കുകയായിരുന്നു. തലയില്‍ കടിച്ച ശേഷം ഇയാളെ നിലത്തിട്ട് ചവിട്ടി. പിന്നീട് വീണ്ടും തലയില്‍ കടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒട്ടകത്തെ അനുനയിപ്പിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഒട്ടകം ശാന്തനായത്.
Post Your Comments