പാലാ: ധ്യാനം പഠിപ്പിക്കാന്‍ പാലായില്‍ ബുദ്ധസന്യാസിമാരുടെ പ്രാര്‍ഥനാലയം വരുന്നു. ടിബറ്റന്‍ ധര്‍മ്മകേന്ദ്രത്തിന് വേഴങ്ങാനത്താണ് തറക്കല്ലിട്ടത്. ബുദ്ധ പൗര്‍ണ്ണമി ദിനമായ ഇന്നലെ രാവിലെ 9 മുതല്‍ 12 വരെ നീണ്ട പ്രത്യേക പ്രാര്‍ഥനകളോടെയായിരുന്നു കേരളത്തിലെ ആദ്യത്തെ ടിബറ്റന്‍ ബുദ്ധ ധര്‍മ കേന്ദത്തിന്റെ ശിലാസ്ഥാപനം.
ബൈലക്കുപ്പ ഗോള്‍ഡന്‍ ക്ഷേത്രത്തിലെ റിംപോച്ചെയും ഇന്ത്യയിലെ ടിബറ്റന്‍ ബുദ്ധ ജനതയുടെ ആത്മീയചാര്യന്മാരില്‍ ഒരാളുമായ സെമാ ഷെറാബാണ ്ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. ഭൂമിപൂജയോടെയാണ ്ചടങ്ങുകള്‍ ആരംഭിച്ചത്.
കര്‍മ്മ രക്ഷാപൂജ, ബുദ്ധപൂജ, ഗുരു റിംപോച്ചെ പൂജ തുടങ്ങിയവയും ഉള്‍പ്പെട്ടിരുന്നു. സുഗന്ധ ദ്രവ്യങ്ങള്‍, തേന്‍, പൂക്കള്‍, വെണ്ണ, പാല്‍, മദ്യം എന്നിവ ഉപയോഗിച്ചാണ് പൂജാകര്‍മ്മങ്ങള്‍ നടത്തിയത്. ലൗകിക സുഖങ്ങള്‍ ത്യജിക്കുന്നതിന്റെ പ്രതീകമായാണ് മദ്യം പൂജകളില്‍ ഉപയോഗിച്ചത്.
ബൈലക്കുപ്പ ഗോള്‍ഡന്‍ ക്ഷേത്രത്തിലെ രണ്ടു വനിതകളുള്‍പ്പടെയുള്ള സന്യാസിമാരാണു ചടങ്ങുകള്‍ക്ക് എത്തിയത്. ടിബറ്റന്‍ ബുദ്ധ ധര്‍മ്മത്തെക്കുറിച്ചും ധ്യാനത്തെക്കുറിച്ചും പഠിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. മഹാബോധി ഇന്റര്‍നാഷണല്‍ സ്പിരിച്വല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് കേന്ദ്രം പണിതീര്‍ക്കുന്നത്. വണ്ടര്‍കുന്നേല്‍ മാത്യുവാണ് ബുദ്ധകേന്ദ്രത്തിന് സ്ഥലം നല്‍കിയത്.
Post Your Comments