ന്യുഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്‍. കെജ്‌രിവാള്‍ സ്വന്തം നേട്ടത്തിനായി എന്തും ചെയ്യുന്നയാളാണെന്ന് പ്രശാന്ത് ഭൂഷന്‍ ആരോപിച്ചു.
അമേരിക്കയില്‍ സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയ പ്രശാന്ത് ഭൂഷന്‍ ഇന്ത്യക്കാര്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കെജ്‌രിവാളിന്റെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കാന്‍ വൈകിയതില്‍ ഖേദിക്കുന്നുവെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു. പാര്‍ട്ടിക്ക് വിശ്വാസ്യത നേടാന്‍ തന്റെയും യോഗേന്ദ്ര യാദവിന്റെയും പേര് ഉപയോഗിച്ച കെജ്‌രിവാള്‍ പാര്‍ട്ടിയില്‍ തന്റെ അപ്രമാദിത്വമാണ് നടപ്പിലാക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ നേട്ടത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത നേതാവാണ് അദ്ദേഹം. സ്വന്തം നേട്ടത്തിന് വേണ്ടി നരേന്ദ്ര മോദിയുമായി പോലും സഹകരിക്കാന്‍ അദ്ദേഹം തയ്യാറാകുമെന്നും പ്രശാന്ത് ഭൂഷന്‍ കൂട്ടിച്ചേര്‍ത്തു.
അഴിമതി തടയാന്‍ കെജ്‌രിവാളിന് താല്‍പ്പര്യമില്ല. സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എമാരുടെ അഴിമതിയെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടും അദ്ദേഹം നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. സ്വന്തമായി അഴിമതി നടത്തുന്നില്ലെങ്കിലും മറ്റുള്ളവരെ അഴിമതി ചെയ്യാന്‍ അനുവദിച്ചതിലൂടെ കെജ്‌രിവാളിന് മന്‍മോഹന്‍ സിന്‍ഡ്രോം ബാധിച്ചിരിക്കുകയാണെന്നും പ്രശാന്ത് ഭൂഷന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments