തിരുവനന്തപുരം: ഇടത് മന്ത്രിസഭയിലെ പ്രതിനിധികളെ തീരുമാനിക്കാന്‍ സി.പി.എം സെക്രട്ടേറിയേറ്റ് ഇന്ന് ചേരും. മുഖ്യമന്ത്രിയുള്‍പ്പെടെ 12 മന്ത്രിമാരാകും സിപിഎമ്മില്‍ നിന്നുണ്ടാവുക. സ്പീക്കറുടെ കാര്യത്തിലും ഇന്ന് ധാരണയാകുമെന്നാണ് സൂചന.
കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ 12 പേരാണ് സി.പി.എമ്മിനെ പ്രതിനിധീകരിച്ചിട്ടുണ്ടായിരുന്നത്. സീറ്റുകള്‍ കൂടിയെങ്കിലും ഇത്തവണയും അതേ സംഖ്യ നിലനിര്‍ത്താനാണ് പാര്‍ട്ടി തീരുമാനം. രാവിലെ ചേരുന്ന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും. വി.എസ് മന്ത്രിസഭയിലുണ്ടായിരുന്ന ടി.എം തോമസ് ഐസക്, ജി സുധാകരന്‍, എസ് ശര്‍മ്മ, എ.കെ ബാലന്‍ തുടങ്ങിയവര്‍ ഇത്തവണയും മന്ത്രിസഭയിലുണ്ടാകുമെന്ന ഉറപ്പായി കഴിഞ്ഞു.
കൂടാതെ ഇ.പി ജയരാജന്‍, ടി.പി രാമകൃഷ്ണന്‍, കെ.കെ ഷൈലജ ടീച്ചര്‍, മെഴ്സിക്കുട്ടിയമ്മ, ഐഷാപോറ്റി, സുരേഷ് കുറുപ്പ്, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകള്‍ പട്ടികയിലുണ്ട്. സി.പി.എം സ്വതന്ത്രനായി ജയിച്ച കെ.ടി ജലീലും മന്ത്രിയാകാനാണ് സാധ്യത. പാര്‍ട്ടി ഏറ്റെടുക്കേണ്ട വകുപ്പുകള്‍ സംബന്ധിച്ചും യോഗത്തില്‍ പ്രഥമിക ധാരണയാകും.
ആഭ്യന്തരം, ധനകാര്യം, വിദ്യാഭ്യാസം ഉള്‍പ്പടെയുളള സുപ്രധാന വകുപ്പുകള്‍ സി.പി.എം തന്നെയാകും ഏറ്റെടുക്കുക.സര്‍ക്കാറില്‍ വിഎസിന് ഉചിതമായ പദവി നല്‍കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. മന്ത്രിസഭ കൂടിയാലോചിച്ച് അര്‍ഹമായ പദവി വിഎസിന് നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി ഇന്നലെ വ്യക്തമാക്കിയിരുന്നു.
Post Your Comments