Editorial

വോട്ട് ഇങ്ങോട്ടു തരാനുള്ളവരുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍…..

നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ അവസാനിച്ചു. ആസ്സാമില്‍ സര്‍ബാനന്ദ്‌ സോനോവാള്‍ എന്ന പ്രാദേശിക നേതാവ് സംസ്ഥാനത്തെ ആദ്യ ബിജെപി ഗവണ്‍മെന്‍റിന് നേതൃത്വം നല്‍കും. കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ തിരിച്ചെത്തുകയും, ഏറേ നാളുകളായി മുഖ്യമന്ത്രി പദത്തിന് ചേര്‍ന്ന നേതാവെന്ന വിശേഷണവുമായി നടന്ന പിണറായി വിജയന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭരൂപീകരിക്കുകയും ചെയ്യും. പശ്ചിമബംഗാളിലും തമിഴ്നാട്ടിലും അധികാരക്കസേരയില്‍ മാറ്റങ്ങളൊന്നും സംഭവിക്കില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പെണ്‍പുലികളായ മമതാ ബാനര്‍ജിയും, ജയലളിതയും അടുത്ത അഞ്ച് വര്‍ഷം കൂടി തങ്ങളുടെ സംസ്ഥാനങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കും. പുതുച്ചേരിയില്‍ കോണ്‍ഗ്രസ്-ഡിഎംകെ മുന്നണി അധികാരമേറും.

അധികാരം നിലനിര്‍ത്തിയവരും പിടിച്ചെടുത്തവരും ഇനിയുള്ള നാളുകളില്‍ തങ്ങള്‍ തിരഞ്ഞെടുപ്പ് നാളുകളില്‍ നടത്തിയ പരീക്ഷണങ്ങളെപ്പറ്റിയും, ഏര്‍പ്പെട്ട സഖ്യങ്ങളുടെ പ്രയോജന-നിഷ്പ്രയോജനങ്ങളെപ്പറ്റിയും ആഴത്തില്‍ത്തന്നെ വിചിന്തനം നടത്തി ഭാവിയിലേക്കായി ചില കരുതലുകള്‍ രൂപപ്പെടുത്തി വയ്ക്കും. ബിജെപിക്ക് ആസ്സാമിലെ സഖ്യപരീക്ഷണങ്ങള്‍ വിജയിച്ചു എന്ന് തന്നെ അവകാശപ്പെടാം. പ്രഫുല്ലകുമാര്‍ മഹന്തയുടെ ആസ്സാം ഗണപരിഷദുമായും ഇടതുചിന്താഗതിയുള്ള ബോഡോലാന്‍റ് പീപ്പിള്‍സ് ഫ്രണ്ടുമായും ബിജെപി രൂപപ്പെടുത്തിയ സഖ്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിച്ചു, വന്‍ഭൂരിപക്ഷത്തോടെ. കഴിഞ്ഞ തവണ അഞ്ച് സീറ്റ് മാത്രം ഉള്ളിടത്തു നിന്ന് അധികാരത്തിലേക്ക്.

പക്ഷേ കേരളത്തിലെ ബിജെപിയുടെ സഖ്യപരീക്ഷണത്തിന് പ്രത്യക്ഷത്തില്‍ ഫലങ്ങളൊന്നും ഉണ്ടാക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. എസ്എന്‍ഡിപി യോഗത്തിന്‍റെ രാഷ്ട്രീയപരീക്ഷണമായ ബിഡിജെഎസ്-ന് ഇടതു-വലത് വോട്ടുബാങ്കുകളില്‍ കാര്യമായ വിള്ളലുകള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. എങ്കിലും ബിജെപിയുടെ വോട്ടു വിഹിതം ഉയര്‍ന്നതും പലസ്ഥലങ്ങളിലും രണ്ടാം സ്ഥാനം നേടാനായതും കേരളത്തില്‍ പാര്‍ട്ടിക്ക് ഏര്‍പ്പെടാന്‍ സാധിച്ച സഖ്യങ്ങളുടെ കൂടി ഫലമായിരുന്നു. ബിഡിജെഎസ്-ന് രാഷ്ട്രീയരംഗത്തുള്ള പരിചയക്കുറവും, രാഷ്ട്രീയത്തിലധിഷ്ഠിതമായ സംഘടനാ സംവിധാനത്തിന്‍റെ അപര്യാപ്തതയും വന്‍തോതില്‍ വോട്ടുകള്‍ നേടുന്നതിന് അവര്‍ക്ക് തടസ്സമായി.

പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന രണ്ട് സഖ്യപരീക്ഷണ പരാജയങ്ങള്‍ ബംഗാളിലേതും, തമിഴ്നാട്ടിലേതുമാണ്. കോണ്‍ഗ്രസ് ഏറേ പ്രതീക്ഷയര്‍പ്പിക്കുന്ന 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ വരെ പാര്‍ട്ടിക്ക് തിരിച്ചടിയാകാവുന്ന പരാജയങ്ങളാണ് രണ്ടിടത്തും സംഭവിച്ചത്. ബംഗാളില്‍ ഇടതുപക്ഷവുമായി ഏര്‍പ്പെട്ട സംഖ്യം പ്രത്യക്ഷത്തില്‍ ഇടതിന്‍റെ തന്നെ ആവശ്യമായിരുന്നു. മമതാ ബാനര്‍ജിയുടെ നേര്‍ക്കുനേര്‍ നില്‍ക്കാന്‍ ഒരു നേതാവില്ലാതെ കഷ്ടപ്പെടുന്ന സിപിഎം കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ആശ്വസിച്ചു. മമതയെ എതിര്‍ക്കാന്‍ കെല്‍പ്പുള്ള നേതാക്കള്‍ കോണ്‍ഗ്രസിന്‍റെ കൂടെ ഉണ്ടായിരുന്നതു കൊണ്ടായിരുന്നില്ല ഈ ആശ്വസിക്കല്‍. ഇടതുപക്ഷം ബംഗാളില്‍ അകാലചരമം അടയുന്നതില്‍ നിന്ന് രക്ഷനേടാന്‍ ഒരു അവസാന പിടിവള്ളി കിട്ടിയതിന്‍റെ ആശ്വാസമായിരുന്നു ഇത്. ഒരു പിടി അഴിമതിക്കേസുകളിലും, മറ്റ് ഭരണപരമായ പിഴവുകളിലും പെട്ട മമതാ ഗവണ്‍മെന്‍റ് ഒട്ടൊന്ന് ഉലഞ്ഞു നിന്ന സമയവുംകൂടി ആയിരുന്നു അത്. ഇതെല്ലാം വോട്ടായി മാറുമെന്നും, കോണ്‍ഗ്രസ് സഖ്യം ഗുണം ചെയ്യുമെന്നും ഇടതുപക്ഷം വിശ്വസിച്ചു. അധികാരത്തില്‍ തിരിച്ചെത്താം എന്ന നിലയില്‍ വരെയെത്തി പ്രതീക്ഷകള്‍.

പക്ഷേ ഇവിടെ, സിപിഎം മനസ്സിലാക്കാന്‍ വിട്ടുപോയ ഒരു കാര്യം ഉണ്ടായിരുന്നു. തങ്ങളുടെ പാര്‍ട്ടി കേഡറുകളുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമ്പോള്‍ തിരികെ അതേ പ്രയോജനം തങ്ങള്‍ക്ക് ലഭിക്കില്ല എന്ന വസ്തുതയായിരുന്നു അത്. കാരണം പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിന് വോട്ടുകള്‍ ഇല്ല എന്നതു തന്നെയാണ്. ബംഗാളിലെ പ്രാദേശിക ഇടതു നേതൃത്വം ഇതുസംബന്ധിച്ച മുന്നറിയിപ്പുകള്‍ യെച്ചൂരി അടക്കമുള്ള ദേശീയ നേതാക്കള്‍ക്ക് നല്‍കിയതാണ്. ഈ പ്രാദേശിക നേതൃത്ത്വത്തിന് കോണ്‍ഗ്രസുമായുള്ള സഖ്യവും സമ്മതമായിരുന്നില്ല. പക്ഷേ അവരുടെ പരിവേദനങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ ദേശീയ നേതൃത്വം കോണ്‍ഗ്രസുമായുള്ള സഖ്യം അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഒടുവില്‍, സിപിഎം വോട്ടുകള്‍ ലഭിച്ച കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു എന്ന വിപരീതഫലം മാത്രമാണ് ഈ സഖ്യം കൊണ്ട് ഇടതുപക്ഷത്തിന് സംസ്ഥാനത്തുണ്ടായ പ്രയോജനം!

തമിഴ്നാട്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ടത് പാരയായിപ്പോയി എന്നാണ് ഡിഎംകെ ഇപ്പോള്‍ കരുതുന്നത്. ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കില്‍ അധികാരം തിരിച്ചു പിടിക്കാമായിരുന്നു എന്നും കോണ്‍ഗ്രസിനെ കൂടെക്കൂട്ടിയത് പോലൊരു അബദ്ധം ഇനി പറ്റാനില്ലെന്നുമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കന്മാര്‍ വിശ്വസിക്കുന്നത്.

ബംഗാളില്‍ സീറ്റുകള്‍ കൂടുതല്‍ ലഭിച്ചതു പോലുള്ള ചെറിയ പ്രയോജനങ്ങള്‍ ഉണ്ടായെങ്കിലും സഖ്യപരീക്ഷണങ്ങള്‍ പരാജയപ്പെട്ടത് ഏറ്റവും വലിയ തിരിച്ചടിയാകാന്‍ പോകുന്നത് കോണ്‍ഗ്രസിനു തന്നെയാണ്. ബിജെപിയെ എതിര്‍ക്കുക എന്ന രാഷ്ട്രീയനയം മാത്രം കയ്യില്‍ വച്ചുകൊണ്ട് ഇനിവരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഒരു കക്ഷിയുമായും കോണ്‍ഗ്രസിന് സഖ്യത്തിലേര്‍പ്പെടാനാവില്ല. 2019-ലെ പൊതുതിരഞ്ഞെടുപ്പ് പോലുള്ള വലിയ പോരാട്ടങ്ങള്‍ വരുമ്പോള്‍ മറ്റു കക്ഷികള്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി വിശാലസഖ്യം രൂപീകരിക്കാനുള്ള സാധ്യത വരെയുണ്ട്.

വരുംദിനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യചര്‍ച്ചകള്‍ നടത്തുന്ന കക്ഷികള്‍ ഉറപ്പായും പരിഗണിച്ചേക്കാവുന്ന ഒരു വസ്തുതയുണ്ട്, “വോട്ട് ഇങ്ങോട്ടു തരാനുള്ളവരുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍….”

shortlink

Related Articles

Post Your Comments

Related Articles


Back to top button