തിരുവനന്തപുരം: സര്‍ക്കാര്‍ സംവിധാനം തെരഞ്ഞെടുപ്പിനു പിന്നാലെയായതോടെ സംസ്ഥാനത്തു പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കു തീവില. മഴയെ പഴിച്ച് ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ളവയ്ക്കു യാതൊരു മാനദണ്ഡവുമില്ലാതെയാണ് രണ്ടാഴ്ചയായി വില കുതിക്കുന്നത്.
സര്‍ക്കാരിനു വിപണിക്കുമേലുള്ള നിയന്ത്രണം നഷ്ടമായതിനുപിന്നാലെ വ്യാപാരസ്ഥാപനങ്ങളിലെ പരിശോധന നിലയ്ക്കുകയും ചെയ്തതോടെ വ്യാപാരികള്‍ സാധനവില തോന്നുംപടി നിശ്ചയിക്കുന്ന സാഹചര്യമാണ്. ഈ ആഴ്ച ആദ്യംമുതല്‍ പച്ചക്കറിക്കു റെക്കോഡ് വിലയാണ്.
കനത്ത മഴമൂലം സംസ്ഥാനത്തിനകത്തും പുറത്തുംനിന്ന് പച്ചക്കറികള്‍ എത്തുന്നില്ലെന്ന ന്യായമാണ് വിലക്കുതിപ്പിനു കാരണമായി വ്യാപാരികള്‍ പറയുന്നത്. മിക്ക സാധനങ്ങള്‍ക്കും രണ്ടുമുതല്‍ പത്തു രൂപയുടെ വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ബീന്‍സിനു മാത്രമാണ് കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ വില കുറഞ്ഞത്. ഊട്ടിയില്‍ നിന്നുള്‍പ്പെടെ വരുന്ന രണ്ടാം തരം ബീന്‍സാണ് വിപണിയില്‍ കൂടുതലുള്ളത്. അതേസമയം ഹൊസൂര്‍, ഒട്ടന്‍ഛത്രം, മേട്ടുപ്പാളയം തുടങ്ങിയ മൊത്തവിപണന കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ യഥേഷ്ടം കിട്ടാനുള്ളതിനാല്‍ അവിടങ്ങളില്‍ പച്ചക്കറിക്ക് തുച്ഛവിലയാണെന്നതാണ് വാസ്തവം.
കേരളത്തിനൊപ്പം കഴിഞ്ഞ 16ന് തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പായിരുന്നതിനാല്‍ അന്നേദിവസം ഇവിടുത്തെ മൊത്തവിതരണ കേന്ദ്രങ്ങളില്‍ കാര്യമായ വില്‍പന നടന്നിരുന്നില്ല.
ഇത് യാതൊരുതരത്തിലും വിപണിയെ ബാധിക്കാത്ത തരത്തില്‍ തലേന്നും പിറ്റേന്നും ചരക്കുനീക്കം വര്‍ധിപ്പിക്കാന്‍ ശ്രദ്ധിച്ചിരുന്നു. വാസ്തവം ഇതായിരിക്കെ മഴയെ മറയാക്കി വിലകൂട്ടി പരമാവധി ലാഭം കൊയ്യുകയാണ് വ്യാപാരികള്‍. വിപണി നിയന്ത്രണം ഏറ്റെടുക്കാന്‍ പുതിയ സര്‍ക്കാര്‍ വൈകിയാല്‍ കാലവര്‍ഷം കനക്കുന്നതോടെ ജനജീവിതം കൂടുതല്‍ ദുഃസഹമാക്കുന്ന തരത്തിലേക്ക് വില കുതിക്കുമെന്ന ആശങ്കയാണുള്ളത്
Post Your Comments