NewsInternational

പാകിസ്ഥാന് അമേരിക്കയില്‍ നിന്ന്‍ വന്‍തിരിച്ചടി

തീവ്രവാദ-വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹക്കാനി ഗ്രൂപ്പിനെതിരെ നടപടികള്‍ എടുക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ പാകിസ്ഥാനുള്ള 450-മില്ല്യണ്‍ ഡോളറിന്‍റെ സഹായ പാക്കേജ് തടയുന്ന നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് (എന്‍ഡിഎഎ) അമേരിക്ക പാസ്സാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേല്‍ക്കൈ ഉള്ള യുഎസ് ഹൗസ് ഓഫ് റെപ്രസന്‍റേറ്റീവ്സ് ആണ് വൈറ്റ് ഹൗസിന്‍റെ എതിര്‍പ്പിനെ മറികടന്ന് പാകിസ്ഥാന് വന്‍തിരിച്ചടി നല്‍കുന്ന ഈ നിയമം പാസ്സാക്കിയത്.

അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളില്‍ നിലനില്‍ക്കുന്ന ശക്തമായ പാക്-വിരുദ്ധ നിലപാടിന്‍റെ പ്രത്യക്ഷമായ തെളിവായി എന്‍ഡിഎഎ 2017 (എച്ച് ആര്‍ 4909) എന്ന ആക്ട് പാസ്സായത്. സാമ്പത്തിക സഹായ പാക്കേജ് കൈമാറുന്നതിന് മുമ്പ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ അമേരിക്ക നിഷ്കര്‍ഷിച്ചിട്ടുള്ള നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഒബാമാ ഭരണകൂടം സാക്ഷ്യപ്പെടുത്തണം എന്നാണ് ഇപ്പോള്‍ പാസ്സായ ഈ ബില്‍ വ്യവസ്ഥ ചെയ്യുന്നത്.

കോണ്‍ഗ്രസ്മാന്‍ ഡന റോഹ്രബാക്കര്‍ ബില്ലില്‍ നിര്‍ദേശിച്ച ഭേതഗതികളില്‍ പാകിസ്ഥാന് ദോഷകരമായ ചില ഉപവ്യവസ്ഥകളും ഉണ്ട്. അമേരിക്ക നല്‍കുന്ന സഹായധനമോ, സൈനികഫണ്ടോ, ആയുധങ്ങളോ രാഷ്ട്രീയപരവും മതപരവുമായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ അടിച്ചമര്‍ത്താന്‍ പാകിസ്ഥാന്‍ ഉപയോഗിക്കുന്നില്ല എന്ന് യുഎസ് സെക്രട്ടറി ഓഫ് ഡിഫന്‍സ്, അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ സാക്ഷ്യപ്പെടുത്തണം എന്ന വ്യവസ്ഥയാണ് അതില്‍ പ്രമുഖം.

ഒസാമാ ബിന്‍ ലാദന്‍റെ അബോട്ടാബാദിലെ ഒളിവിടം കണ്ടെത്താന്‍ അമേരിക്കയെ സഹായിച്ചതിന്‍റെ പേരില്‍ പാകിസ്ഥാനില്‍ തടവില്‍ കഴിയുന്ന ഡോക്ടര്‍ ഷക്കീല്‍ അഫ്രീദി ഒരു യതാര്‍ത്ഥ
“അന്താരാഷ്‌ട്ര ഹീറോ” ആണെന്നും, പാക് ഗവണ്‍മെന്‍റ് അഫ്രീദിയെ ഉടനടി ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. എന്‍ഡിഎഎ-2017 ഇനി അമേരിക്കന്‍ സെനറ്റ് പാസ്സാക്കുകയും, അതിനുശേഷം പ്രസിഡന്‍റ് ബാരക്ക് ഒബാമയുടെ ഒപ്പും കൂടി ലഭിച്ചാലേ ഔദ്യോഗികമായി നിയമം ആവുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button