NewsIndia

ആസ്സാമിലെ ബിജെപി വിജയം രാഹുല്‍ഗാന്ധിയുടെ പട്ടിക്കുട്ടിയ്ക്ക് സ്വന്തം!!!

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റ വമ്പന്‍തോല്‍വിയെത്തുടര്‍ന്ന് ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് കോണ്‍ഗ്രസ്. സോണിയാ-രാഹുല്‍ ഗാന്ധിമാരുടെ നേതൃത്വത്തിനെതിരെ ഒറ്റപ്പെട്ടതെങ്കിലും ചെറിയ മുറുമുറുപ്പുകള്‍ പാര്‍ട്ടിയുടെ പല കോണുകളില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇതിനിടെ ആസ്സാമിലെ കോണ്‍ഗ്രസിന്‍റെ വന്‍തകര്‍ച്ചയുടെ കാരണങ്ങളെപ്പറ്റി വെളിയില്‍ വന്ന വിവരങ്ങള്‍ പാര്‍ട്ടിയുടെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നവയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടര്‍ന്ന് തരുണ്‍ ഗൊഗോയ് ആസ്സാം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാം എന്ന് സമ്മതിച്ചിരുന്നു. പക്ഷേ കേന്ദ്ര നേതൃത്വം അതിന് അനുമതി നല്‍കിയില്ല. ഹിമന്ത ബിശ്വ ശര്‍മ എന്ന മിടുക്കനായ യുവനേതാവ് ആ സമയത്ത് ആസ്സാമില്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തിരുന്നെങ്കില്‍ കഥ മറ്റൊന്നായേനേ എന്ന് വിശ്വസിക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിപക്ഷവും. താന്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറിയിട്ട് മകന്‍ ഗൌരവ് ഗൊഗോയിയെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഉയര്‍ത്തിക്കൊണ്ടു വരാനായിരിന്നു തരുണ്‍ ഗൊഗോയിയുടെ പദ്ധതി.

പക്ഷേ, കേന്ദ്രനേതൃത്വത്തിന്‍റെ അലസസമീപനവും, ഹിമന്ത ശര്‍മ തനിക്കും മകനും ഉയര്‍ത്തുന്ന ഭീഷണി തരുണ്‍ ഗൊഗോയ് തിരിച്ചറിഞ്ഞതും ആത്യന്തികമായി പാര്‍ട്ടിക്ക് വന്‍നഷ്ടം ഉണ്ടാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ മനോഭാവത്തില്‍ മനം മടുത്ത ഹിമന്ത പാര്‍ട്ടിയില്‍ നിന്ന്‍ രാജിവച്ച് ബിജെപിയില്‍ ചേരുകയും, നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. ജാലുക്ബാരിയിലെ സ്വന്തം മണ്ഡലം ഹിമന്ത നിലനിര്‍ത്തിയത് 90,000-ല്‍ പരം വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയായിരുന്നു.

ആസ്സാമിലെ വിജയത്തിനു ശേഷം കോണ്‍ഗ്രസില്‍ നിന്ന് താന്‍ രാജിവച്ച സാഹചര്യങ്ങള്‍ വിശദീകരിച്ച ഹിമന്തയുടെ വാക്കുകളില്‍ നിന്ന് പാര്‍ട്ടി നേതൃത്വത്തിന്‍റെ – പ്രെത്യേകിച്ച് രാഹുല്‍ഗാന്ധിയുടെ – ഉദാസീനതയുടെ തെളിവുകള്‍ നമുക്ക് ലഭിക്കും. 2014-ല്‍ തരുണ്‍ ഗൊഗോയിയെ മാറ്റി പുതിയൊരു നേതൃത്വത്തിന്‍റെ കീഴില്‍ ആസ്സാമിലെ ഭരണം കൊണ്ടുവരുന്നതിന്‍റെ പ്രാധാന്യത്തെപ്പറ്റി രാഹുല്‍ഗാന്ധിയെ ബോധ്യപ്പെടുത്താനായി മാസങ്ങളോളം താന്‍ ഒരു കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിച്ചു എന്ന് ഹിമന്ത പറഞ്ഞു.

നിരവധി തവണ നിരാശപ്പെടുത്തിയ ശേഷം ഒടുവില്‍ രാഹുല്‍ ഹിമന്തയെ കാണാം എന്ന് സമ്മതിച്ചു. തരുണ്‍ ഗൊഗോയിയെ എന്തിനു മാറ്റണം എന്ന് 2-മിനിറ്റിനുള്ളില്‍ തന്നെ ബോദ്ധ്യപ്പെടുത്താനാണ് ഹിമന്തയെ കണ്ടയുടനെ രാഹുല്‍ ആവശ്യപ്പെട്ടത്. തരുണ്‍ ഗൊഗോയിയും അസ്സാമിലെ പാര്‍ട്ടി ജെനറല്‍ സെക്രട്ടറി-ഇന്‍-ചാര്‍ജ് സി.പി.ജോഷിയും സന്നിഹിതരായ മുറിയില്‍ ഹിമന്ത തന്‍റെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോഴേക്കും മറ്റു രണ്ടു പേരും രാഹുലിന്‍റെ സാന്നിദ്ധ്യത്തില്‍ തന്നെ പരസ്പരം വഴക്കടിക്കാന്‍ തുടങ്ങി.

ഈ ബഹളത്തില്‍ തന്‍റെ വാദഗതികള്‍ അവതരിപ്പിക്കാന്‍ ഹിമന്ത പാടുപെടവേ രാഹുലിന്‍റെ പട്ടിക്കുട്ടി മുറിയിലേക്ക് കടന്നുവന്ന് അതിഥികള്‍ക്കായി ട്രേയില്‍ വച്ചിരുന്ന ബിസ്കറ്റുകള്‍ അകത്താക്കാന്‍ തുടങ്ങി. തന്‍റെ പാര്‍ട്ടി നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ രാഹുല്‍ പട്ടിക്കുട്ടിയെ താലോലിക്കാനും ആരംഭിച്ചു.

കൂടിക്കാഴ്ച്ചയ്ക്കു ശേഷം പുറത്തുവന്ന ഹിമന്ത ഇനി കോണ്‍ഗ്രസില്‍ തുടരാന്‍ തനിക്കാവില്ല എന്ന് ഗൊഗോയിയെ അറിയിക്കുകയാണ് ആദ്യം ചെയ്തത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ബിജെപിയില്‍ ചേരുന്നതിനായി അമിത് ഷായെ കാണുന്നതിന് ഹിമന്ത പൊയ്ക്കൊണ്ടിരിക്കവേ ഉടന്‍ തന്നെ വന്നു കാണാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള രാഹുല്‍ഗാന്ധിയുടെ എസ്.എം.എസ്. ലഭിച്ചു. “താമസിച്ചു പോയി” എന്നു മാത്രമായിരുന്നു ഹിമന്തയുടെ മറുപടി.

ഒരുപക്ഷേ രാഹുല്‍ തന്‍റെ പട്ടിക്കുട്ടിയെ താലോലിക്കുന്നതിനു പകരം ഹിമന്തയുടെ വാക്കുകള്‍ക്ക് ചെവി കൊടുത്തിരുന്നെങ്കില്‍ ആസ്സാമില്‍ ഇത്രവലിയ ഒരു നാണക്കേട്‌ പാര്‍ട്ടിക്കുണ്ടാകുമായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button