അഡ്വ. എ.ജയശങ്കര്‍
കുറുനരി പലതും കൂടുകിലും ഒരു ചെറുപുലിയോട് ഫലിക്കില്ലേതും എന്നാണ് കുഞ്ചൻ നമ്പ്യാർ പാടിയിട്ടുള്ളത്. പി.സി. ജോർജ്ജ് ചെറുപുലിയല്ല വൻപുലിയാണ്. പുഞ്ഞാർ വ്യാഘ്രം.
ടി.യു.കുരുവിളയുടെ ഭൂമിയിടപാടിലെ കൃത്രിമം ചൂണ്ടിക്കാണിച്ചതിനാണ് പി.സി.യെ ഇടതുമുന്നണി പുറത്താക്കിയത്. അഴിമതിക്കാരനായ കെ.എം.മാണി രാജിവെയ്ക്കണം എന്ന് പറഞ്ഞപ്പോൾ വലതുമുന്നണിയിൽ നിന്നും പുറത്തായി. വീണ്ടും ഇടതുപക്ഷത്തെക്ക് ചെന്നപ്പോൾ, കാഞ്ഞിരപ്പിള്ളി മെത്രാന്റെ ദുർബോധനയാൽ പിണറായി മുതലാളി സീറ്റു നിഷേധിച്ചു. സെക്യുലർ കേരളാ കോൺഗ്രസുമായി ടി.എസ് ജോൺ കടന്നുകളഞ്ഞു. പി.സി.ജോർജ്ജിന്റെ പണി തീർന്നു, പുഞ്ഞാർ പുലി വഴിയാധാരമായി എന്ന് മാധ്യമങ്ങൾ ആർപ്പുവിളിച്ചു.
പി.സി.ജോർജ്ജ് പൂഞ്ഞാറിൽ ഉറച്ചുനിന്നു. സ്വതന്ത്രനായി പത്രിക കൊടുത്തു. അരുവിത്തുറ പുണ്യാളൻ പടിഞ്ഞാറോട്ട് തിരിഞ്ഞാണ് ഇരിക്കുന്നതെങ്കിൽ താൻ ജയിക്കും എന്ന് ഉറപ്പിച്ചു പറഞ്ഞു.
പിണറായി വിജയൻ ഈരാറ്റുപേട്ടയിൽ ചെന്ന് എന്തായാലും ജോർജ്ജിനെ തോൽപ്പിക്കണമെന്ന് പ്രാദേശിക നേതാക്കളെ താക്കീത് ചെയ്തു. ഉമ്മൻ ചാണ്ടിയുടെ പ്രതിപുരുഷനായ ആന്റോ ആന്റണി മുണ്ടക്കയത്ത് ക്യാമ്പ് ചെയ്ത് എതിർ പ്രചരണനത്തിന് മേൽനോട്ടം വഹിച്ചു.
ഇതൊക്കെ കഴിഞ്ഞിട്ടും വോട്ടെണ്ണിയപ്പോൾ പി.സി.ജോർജ്ജ് ജയിച്ചു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 27092, മലമ്പുഴയിൽ വി.എസിന്റെ ഭൂരിപക്ഷം 27142, പൂഞ്ഞാറിൽ പി.സി.യുടെ ഭൂരിപക്ഷം 27821.
പൂഞ്ഞാറിൽ തോറ്റത് ജോർജ്ജുകുട്ടി അഗസ്തി അല്ല, ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും ആന്റോ ആന്റണിയുമാണ്. കെട്ടിവെച്ച കാശ് പോയത് പി.സി.ജോസഫിന്റെ അല്ല, പിണറായി വിജയന്റെയും കാഞ്ഞിരപ്പിള്ളി മെത്രാന്റെയും ഫാരിസ് അബൂബക്കറുടെയും ആണ്.
കൂറുമാറ്റ നിരോധന നിയമ പ്രകാരം പി.സി.ജോർജ്ജിനെ നിയമസഭയിൽ നിന്ന് പുറത്താക്കിയ സ്പീക്കർ എൻ.ശപ്പനെ കാട്ടക്കടക്കാർ അയോഗ്യനാക്കി. പരാതി കൊടുത്ത തോമസ് ഉണ്ണിയാടനെ ഇരിങ്ങാലക്കുടക്കാരും പുറത്താക്കി .
നീതിമാൻ ഏഴുതവണ വീണാലും എഴുന്നേൽക്കും; പാപിയോ അനർത്ഥത്തിൽ നശിച്ചുപോകും എന്ന് ബൈബിൾ വചനമുണ്ട്.
കാട്ടുകള്ളന്മാരായ കുഞ്ഞാലിയും കുഞ്ഞുഞ്ഞും രക്ഷപ്പെട്ടു. പക്ഷെ ടി.വി.ചാനലുകൾ തോറും പാറി നടന്ന് അഴിമതിക്കാരെ ന്യായീകരിച്ച വക്താക്കൾ മൊത്തം തോറ്റ് തൊപ്പിയിട്ടു. പി.സി.വിഷ്ണുനാഥ്, ജോസഫ് വാഴക്കൻ, ടി.സിദ്ദീഖ്, എം.ലിജു, ഷാനിമോൾ ഉസ്മാൻ, ലാലി വിൻസെന്റ്, അബ്ദുറഹിമാൻ രണ്ടത്താണി, ജോസഫ് എം. പുതുശ്ശേരി, ആന്റണി രാജു….. അങ്ങനെ നീളുന്നു വീണ വക്താക്കളുടെ നിര. തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാഞ്ഞതുകൊണ്ട് കെ.പി.അനിൽകുമാറും, കെ.എൻ.എ.ഖാദറും പ്രിൻസ് ലൂക്കോസും സജി മഞ്ഞകടമ്പനും തോല്ക്കാതെ രക്ഷപ്പെട്ടു.
ഗുണപാഠം : ജനം അഴിമതിക്കാരോട് ക്ഷമിച്ചാലും വക്താക്കളോട് പൊറുക്കില്ല.
Post Your Comments