യുണൈറ്റഡ് നേഷന്‍സ്; 2050-ഓടെ സമുദ്രനിരപ്പില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് മൂലം 4-കോടി ഇന്ത്യാക്കാര്‍ അപകടസാധ്യതയില്‍ ആകുമെന്ന് യുഎന്‍-ന്‍റെ പരിസ്ഥിതി റിപ്പോര്‍ട്ട് പറയുന്നു. അതിവേഗത്തിലുള്ള നഗരവത്ക്കരണവും, സാമ്പത്തിക വളര്‍ച്ചയും നിമിത്തം മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ താമസിക്കുന്നവരാകും ഭാവിയില്‍ തീരദേശങ്ങളില്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന്‍റെ ഭീഷണിയില്‍ ഏറ്റവുമധികം വരിക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദി ഗ്ലോബല്‍ എന്‍വയോണ്‍മെന്‍റ് ഔട്ട്‌ലുക്ക് (ജിയോ-6): പ്രാദേശിക അവലോകനങ്ങള്‍, എന്ന റിപ്പോര്‍ട്ടില്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഏറ്റവും ദോഷകരമായ ഫലങ്ങള്‍ അനുഭവപ്പെടുക പസിഫിക്, ദക്ഷിണേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവടങ്ങളിലാകും എന്നും പറയുന്നുണ്ട്.
4-കോടി ആളുകള്‍ ദുരിതത്തില്‍ ആഴുമെന്നതിനാല്‍ അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്. 2.5-കോടി ജനങ്ങളോടെ ബംഗ്ലാദേശ് രണ്ടാമതും, 2-കോടിയിലധികം ജനങ്ങളോടെ ചൈന മൂന്നമതും, 1.5-കോടി ജനങ്ങളോടെ ഫിലിപ്പീന്‍സ് നാലാമതും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
പല തീരദേശ മേഖലകളിലും വര്‍ദ്ധിച്ചു വരുന്ന നഗരവത്കൃത താമസസൗകര്യങ്ങള്‍ മൂലം പ്രകൃതിജന്യമായ തീരദേശവ്യവസ്ഥയ്ക്ക് തീവ്രമായ കാലാവസ്ഥാ മാറ്റങ്ങളോട് കാര്യക്ഷമമായി പ്രതികരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടതാണ് അവ ഇത്തരം ദുരന്തസാഹചര്യങ്ങളില്‍ അകപ്പെടാന്‍ ഇടയാക്കുക എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ മുബൈ, കൊല്‍ക്കത്ത, ചൈനയില്‍ ഗ്വാങ്ങ്ഷൂ, ഷാങ്ങ്ഹായ്, ബംഗ്ലാദേശില്‍ ധാക്ക, മ്യാന്‍മറില്‍ യങ്കോണ്‍, തായ്ലാന്‍റില്‍ ബാങ്കോക്ക്, വിയറ്റ്നാമില്‍ ഹോ ചി മിന്‍ സിറ്റി, ഹൈഫോങ്ങ് എന്നിവയാണ് തീരദേശ പ്രളയത്തിന്‍റെ ഇരകളാകാന്‍ സാധ്യതയുള്ള ജനങ്ങള്‍ ഏറ്റവുമധികം വസിക്കുന്ന പ്രദേശങ്ങളായി റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചത്.
കെനിയയിലെ നൈറോബിയില്‍ ഈയാഴ്ച തുടങ്ങുന്ന യുഎന്‍ എന്‍വയോണ്‍മെന്‍റ് അസ്സംബ്ലിക്ക് മുന്നോടിയായാണ് ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
Post Your Comments