ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ദ്വിദിന സന്ദര്‍ശനത്തിനായി ബുധനാഴ്ച യു.എ.ഇയിലെത്തും. യു.എ.ഇയുമായുള്ള സൈനിക സഹകരണം വര്‍ദ്ധിപ്പിക്കുകയും, സൈനിക സാമഗ്രികളുടെ കച്ചവടത്തിനുള്ള സാധ്യതകള്‍ ആരായുകയുമാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യങ്ങള്‍.
യു.എ.ഇയില്‍ ഉഭയകക്ഷി സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രതിരോധമന്ത്രിയാണ് മനോഹര്‍ പരീക്കര്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റെടുത്ത ശേഷം യു.എ.ഇയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമായതിന്‍റെ തെളിവാണ് ഈ സന്ദര്‍ശനം എന്ന് പ്രതിരോധരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.
ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച അബുദാബി കിരീടാവകാശിയും സായുധസൈന്യത്തിന്‍റെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയെദിന്‍റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് പരീക്കര്‍ യു.എ.ഇ. സന്ദര്‍ശിക്കാന്‍ പോകുന്നത്.
മദ്ധ്യപൂര്‍വ്വ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മോദി ഗവണ്‍മെന്‍റ് മെച്ചപ്പെടുത്തിയതിന്‍റെ ഫലമായാണ് ഈ അടുത്ത കാലത്ത് യുദ്ധമേഖലകളില്‍ അകപ്പെട്ടു പോയ പ്രവാസി ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള ദൌത്യവുമായിപ്പോയ ഇന്ത്യന്‍ സൈന്യത്തിന് പല ഗള്‍ഫ് രാജ്യങ്ങളിലും സഞ്ചാര സ്വാതന്ത്ര്യം നേടിത്തന്നതെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതിരോധ വിദഗ്ധനും മുന്‍ ഇന്ത്യന്‍ ആര്‍മി ലെഫ്റ്റനന്‍റ് കേണലുമായ സുശാന്ത് കെ. സിംഗ് അഭിപ്രായപ്പെട്ടു.
Post Your Comments