തിരുവനന്തപുരം: രണ്ടുമാസം നീണ്ട പ്രചാരണത്തിന്റെ ആവേശം നിറഞ്ഞൊഴുകിയ കലാശക്കൊട്ട് കഴിഞ്ഞു. നാള രാവിലെ ഏഴുമുതല്‍ കേരളം പോളിങ് ബൂത്തിലേക്ക്. ഫലമറിയുന്ന 19 വരെ ഇനി ഓരോ നിമിഷവും ഉദ്വേഗഭരിതം.
രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഇത്തവണ വോട്ടിംഗ് സമയം. കഴിഞ്ഞ തവണ അഞ്ചു മണി വരെയായിരുന്നു വോട്ടെടുപ്പ്. ആറിനു ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും.ഇക്കുറി 2,60,19,284 വോട്ടര്‍മാരാണു പട്ടികയിലുള്ളത്. 140 മണ്ഡലങ്ങളിലായി 21,498 പോളിങ് ബൂത്തുകളുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 740 ബൂത്തുകള്‍ കൂടുതല്‍.
സുരക്ഷയ്ക്കായി പോലീസ് സേനാംഗങ്ങളടക്കം ഒന്നര ലക്ഷം പോളിങ് ഉദ്യോഗസ്ഥരാണ് രംഗത്തുള്ളത്. ഇതിനായി 35,946 വോട്ടിങ് യന്ത്രങ്ങളും തയാറാക്കിയിട്ടുണ്ട്. വോട്ടിങ് യന്ത്രത്തിലെ ബാലറ്റ് പേപ്പറിലും പോസ്റ്റല്‍ ബാലറ്റിലും സ്ഥാനാര്‍ഥിയുടെ ചിത്രമുണ്ടാകും.വോട്ട് രേഖപ്പെടുത്തിയത് ഏതു സ്ഥാനാര്‍ഥിക്കാണെന്നു കണ്ടറിയാനുള്ള വോട്ടര്‍ വെരിഫെയ്ഡ് പേപ്പര്‍ ഓഡിറ്റ് ട്രെയല്‍ (വി.വി.പി.എ.ടി വോട്ട് സ്ഥിരീകരണ സംവിധാനം) 12 മണ്ഡലങ്ങളില്‍ നടപ്പാക്കും.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന് പുറമെ മറ്റ് 11 രേഖകള്‍ ഉപയോഗിച്ച് ഇത്തവണ വോട്ട് രേഖപ്പെടുത്താം. ഫോട്ടോ പതിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡാണ് പൊതുവെ വോട്ടര്‍മാര്‍ ഉപയോഗിക്കേണ്ടത്. ഇതില്ലെങ്കില്‍ മാത്രമാണ് മറ്റ് രേഖകള്‍ ഉപയോഗിക്കേണ്ടത്.
ഇവയ്‌ക്കൊപ്പം സത്യപ്രസ്താവന നല്‍കണം. പ്രസ്താവനയുടെ പകര്‍പ്പുകള്‍ ബി.എല്‍.ഒമാര്‍ നല്‍കും. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും പബ്ലിക് ലിമിറ്റഡ് കമ്പനികളും ജീവനക്കാര്‍ക്കു നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള ബാങ്കുകളുടെയും പോസ്റ്റ് ഓഫീസിലെയും ഫോട്ടോ പതിച്ച പാസ് ബുക്ക്, ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതിയുടെ ഫോട്ടോ പതിച്ച തൊഴില്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് എന്നിവയാണ് മറ്റ് രേഖകള്‍. ബി.എല്‍.ഒയില്‍ നിന്നു കിട്ടിയ ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ് മാത്രം ഉപയോഗിച്ചും വോട്ട് ചെയ്യാം.
പോളിങ്ങ് ബൂത്തിലെത്തിയാല്‍ ഓരോ വോട്ടര്‍മാരുടെയും രേഖകള്‍ ഒന്നാം പോളിങ് ഓഫീസര്‍ ആദ്യം പരിശോധിക്കും. രണ്ടാം പോളിങ് ഓഫീസര്‍ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടും. ക്രമനമ്പര്‍ രേഖപ്പെടുത്തിയ ശേഷം സ്ലിപ്പ് നല്‍കും. വോട്ടേഴ്‌സ് സ്ലിപ്പുമായി പ്രിസൈഡിങ് ഓഫീസറുടെ അടുത്തെത്തി മഷി പുരട്ടിയതു പരിശോധിച്ചശേഷം കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ അനുവദിക്കും.
വോട്ടിങ് മെഷീനിലെ ബള്‍ബ് പച്ചനിറത്തില്‍ പ്രകാശിക്കുമ്പോള്‍ താല്‍പര്യമുള്ള സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരേയുള്ള നീല ബട്ടണ്‍ അമര്‍ത്തണം. അപ്പോള്‍ പച്ച ബള്‍ബ് അണഞ്ഞ് ചുവന്ന ബള്‍ബ് കത്തും. ബീപ് ശബ്ദവും കേള്‍ക്കും. വോട്ട് രേഖപ്പെടുത്തപ്പെട്ടതിന്റെ സൂചനയാണിത്. സംശയമുള്ളവര്‍ക്കു പ്രിസൈഡിങ് ഓഫീസറുടെ പക്കലുള്ള മാതൃകാ യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്ന വിധം കണ്ടറിയാനുള്ള സൗകര്യവുമുണ്ട്.
Post Your Comments