KeralaNews

ആ മുറിവുകള്‍ കൊലയാളിയുടെ കടിയേറ്റതല്ല : ജിഷ കൊലക്കേസില്‍ ശാസ്ത്രീയ പരിശോധനകള്‍ പാളുന്നു

കൊച്ചി : ജിഷയെ കൊലപ്പെടുത്താന്‍ കൊലയാളി ഉപയോഗിച്ച ആയുധം കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുന്ന അന്വേഷണ സംഘത്തിന് ഇടിത്തീയായി ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍. ശരീരസ്രവം, വിരലടയാളം, ദന്ത പരിശോധനകളുടെ ഫലങ്ങളാണ് പോലീസിനെ കുഴക്കുന്നത്. ജിഷയുടെ വസ്ത്രത്തില്‍ കണ്ടെത്തിയ സ്രവത്തിന്റെ ഡി.എന്‍.എ. ഫലം ഇന്നലെ പുറത്തുവന്നെങ്കിലും അതു കസ്റ്റഡിയിലുള്ളയാളുടെ ഡി.എന്‍.എയുമായി യോജിക്കുന്നില്ലെന്നാണു വിവരം.

കൊല്ലപ്പെട്ട സമയത്ത് ജിഷ ധരിച്ചിരുന്ന ചുരുദാറില്‍ നിന്നാണ് പ്രതിയുടേതെന്നു കരുതുന്ന ഒരു തുള്ളി ഉമിനീര്‍ (തുപ്പല്‍) ലഭിച്ചത്. ഇതില്‍ ജിഷയുടെ രക്തം കലര്‍ന്നിരുന്നതിനാലാണ് ഡി.എന്‍.എ. പരിശോധന പരാജയപ്പെട്ടതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ജിഷയുടെ വസ്ത്രത്തില്‍ നിന്നു ലഭിച്ച സ്രവം നഷ്ടപ്പെടാതിരിക്കാന്‍ വെയിലേല്‍ക്കാതെ ഇരുട്ടിലാണു സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാണു പരിശോധന നടത്തിയത്.

ജിഷയുടെ ശരീരത്തില്‍ കണ്ട മുറിവുകള്‍ പ്രതിയുടെ കടിയേറ്റതല്ലെന്നും വിദഗ്ധര്‍ പറയുന്നു. കഴുത്തിലും ഇടതുതോളിനു പിന്‍ഭാഗത്തും കാണപ്പെട്ട മുറിവുകളുടെ വലിപ്പമാണ് വിദഗ്ധരെ ഈ നിഗമനത്തിലെത്തിച്ചത്. കടിയേറ്റുണ്ടായതെന്നു കരുതുന്ന മുറിവുകള്‍ക്ക് 5.1, 5.2 സെ.മീ. നീളവും ഒരു സെ.മീ. വീതിയുമാണുള്ളത്. അഞ്ചു സെ.മീ. നീളത്തില്‍ മുറിവേല്‍ക്കണമെങ്കില്‍ വായ പൂര്‍ണമായും തുറന്ന് കടിക്കണമെന്നും അപ്പോള്‍ മുറിവിന് അത്രയും തന്നെ വീതിയുമുണ്ടാകുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. ജിഷയുടെ ശരീരത്തില്‍ കണ്ടത് പല്ല് പോലെ മുനയുള്ള വസ്തു കൊണ്ട് ഉണ്ടായ മുറിവാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഈ മുറിവുകള്‍ പ്രതിയുമായുണ്ടായ മല്‍പ്പിടിത്തത്തിനിടെ വീട് നിര്‍മിച്ച സിെമന്റ് ഇഷ്ടികയുടെ മുനയുള്ള ഭാഗത്ത് കൊണ്ടതാവാം എന്നാണ് വിദഗ്ധരുടെ നിഗമനം. സമാന അളവിലുള്ള മുറിവുകളാണ് ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയതെന്നതും കടിയേറ്റ മുറിവല്ലെന്ന സംശയത്തിന് ആക്കം കൂട്ടുന്നു.

പോസ്റ്റ്‌മോര്‍ട്ടം പകര്‍ത്തിയത് മൊബൈല്‍ ക്യാമറയിലാണെന്നു പോലീസ് സര്‍ജന്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പ്രഫഷണല്‍ ക്യാമറയില്‍ പകര്‍ത്താതെ മൊബൈലില്‍ ചിത്രീകരിച്ചത് ഗുരുതര വീഴ്ചയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പെരുമ്പാവൂരില്‍ നിന്നു മേയ് ഏഴിനു പിടികൂടിയ ബംഗാള്‍ സ്വദേശിയാണ് കൊലയാളിയെന്ന നിഗമനത്തിലാണു പോലീസ്. ഇയാളുടെ അറസ്റ്റ് തെരഞ്ഞെടുപ്പിന്റെ തലേന്നു പ്രഖ്യാപിക്കാന്‍ ആഭ്യന്തരമന്ത്രി തലത്തില്‍ ധാരണയാകുകയും ചെയ്തു. എന്നാല്‍, ഇന്നലെ ലഭിച്ച ഡി.എന്‍.എ. ഫലം ഇയാളുടേയാണെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആയുധങ്ങളും കണ്ടെത്താനായില്ല. കസ്റ്റഡിയിലുള്ള ബംഗാളിക്ക് ജിഷയോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button