ബെംഗളൂരു:ലോങ്ജംപ്, ഹൈജംപ്, ട്രിപ്പിള്‍ ജംപ് ഇനങ്ങളില്‍ പ്രതിഭകളെ കണ്ടെത്തി രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം ഒരുക്കുന്ന ‘അഞ്ജു ബോബി സ്പോര്ട്സ് അക്കാദമി’ ജൂണ്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും.പി.ടി.ഉഷയ്ക്കും മേഴ്സി കുട്ടനും ശേഷം ഇത്തരമൊരു സംരംഭവുമായി രംഗത്തെത്തുന്ന ഒളിംപ്യന്‍ കായിക താരമാണ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ അഞ്ജു.
അക്കാദമിയുടെ ഉദ്ഘാടനം പുരുഷ ലോങ്ജംപിലെ ലോക റെക്കോര്‍ഡിനുടമയായ ഒളിംപ്യന്‍ മൈക് പവല്‍ നിര്‍വഹിച്ചു.സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബാംഗ്ലൂര്‍ കേന്ദ്രത്തില്‍ ആരംഭിക്കുന്ന അക്കാദമിയുടെ ആദ്യ ബാച്ചിലേക്ക് പത്തു പേരെയാണ് തിരഞ്ഞെടുത്തത്. ആദ്യ ഘട്ടത്തില്‍ ജൂനിയര്‍ താരങ്ങളില്‍ കേന്ദ്രീകരിച്ചാണ് പരിശീലനം. ദേശീയ മല്‍സരങ്ങളിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ താരങ്ങളില്‍ മലയാളികളായ മരിയ ജയ്‍സണും രുഗ്മ ഉദയനുമുണ്ട്. അഞ്ജുവും ഭര്‍ത്താവ് റോബര്‍ട്ട് ബോബി ജോര്‍ജും പരിശീലനത്തിനു നേതൃത്വം നല്‍കും. മൈക് പവലടക്കമുള്ള രാജ്യാന്തര താരങ്ങളുടെ സേവനവും ലഭ്യമാക്കും.
Post Your Comments