കാലിഫോര്‍ണിയ: ചില സംഭവങ്ങള്‍ ആക്ഷനും സസ്‌പെന്‍സും ത്രില്ലുമുള്ള സിനിമാക്കഥയെ വെല്ലും. കാലിഫോര്‍ണിയക്കാരി ബലിന്ദാ ലേന്നിന്റെ കഥ അങ്ങിനെ ഒന്നാണ്. പത്തു വര്‍ഷം നീണ്ട തെരച്ചിലിനൊടുവില്‍ മകളെ വെടിവെച്ചു കൊന്ന അക്രമി സംഘത്തെ മുഴുവന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് ഇവര്‍അഴിക്കുള്ളിലാക്കി. വെള്ളിയാഴ്ച അവശേഷിച്ച കുറ്റവാളി വില്യം ജോക്‌സ് സോറ്റെലോ എന്നയാളെയും കുടുക്കിയതോടെ ഒരു ദശകം ഉണ്ണാതെയും ഉറങ്ങാതെയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയകരമായ പര്യവസാനം കിട്ടി.
2006 ല്‍ മകള്‍ ക്രിസ്റ്റല്‍ തീയോബാള്‍ഡ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ വിവിധ സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അതിലൂടെ കുറ്റവാളികളിലേക്ക് എത്തുകയും അവരുടെ വിവരങ്ങള്‍ പോലീസിന് കൈമാറുകയും ആയിരുന്നു. സംഘത്തിലെ സോറ്റെലോ ഒഴികെ എല്ലാവരേയും 2011 നിടെ പോലീസിന്റെ പിടിയില്‍ എത്തിച്ചെങ്കിലൂം ആറു വര്‍ഷം കൂടി പിന്തുടര്‍ന്ന് ഇവര്‍ സോറ്റെല്ലോയെയും ഒടുവില്‍ നിയമത്തിന് മുന്നില്‍ എത്തിക്കുകയായിരുന്നു.
മകളെ അടക്കം ചെയ്തതിന്റെ തൊട്ടുപിന്നാലെ കുറ്റവാളിയെ പിടികൂടുമെന്ന് ശപഥം എടുത്ത അവര്‍ ഉണ്ണാതെയും ഉറങ്ങാതെയും നടത്തിയ നിരന്തരശ്രമമാണ് വിജയിച്ചത്. മകള്‍ക്ക് നീതി കിട്ടാന്‍ അവസാന ശ്വാസം വരെ പോരാടുമെന്ന് താന്‍ മകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതായി അവര്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പത്തു വര്‍ഷത്തിന് ശേഷം താന്‍ വാക്കു പാലിച്ചതായി അവര്‍ വ്യക്തമാക്കി.
വില്യം സോറ്റെല്ലോ വെള്ളിയാഴ്ച മെക്‌സിക്കോയിലാണ് അറസ്റ്റിലായത്. മകളുടെ മരണം തന്നെ തകര്‍ത്തു കളഞ്ഞിരുന്നു. അടക്കാനാകാത്ത കോപമാണുണ്ടായത്. ദേഷ്യം, സങ്കടം, വിഷമം ജീവിക്കേണ്ടെന്ന് പോലും തോന്നിയ അവസ്ഥ, മരിക്കാന്‍ തോന്നിപ്പോയിരുന്നു. എന്നാല്‍ തന്റെ രോഷം മുഴുവന്‍ പ്രവര്‍ത്തിയിലേക്ക് മാറിയ ലാന്‍ സാമൂഹ്യസൈറ്റിലൂടെ സുന്ദരിയായ മകളുടെ ചിത്രം ഉപയോഗിച്ച് തന്നെ കൊലയാളി സംഘവുമായി ബന്ധപ്പെട്ടു.
ഒടുവിലാണ് ലാന്‍ സോറ്റെല്ലോയിലേക്ക് എത്തിയത്. ഏയ്ഞ്ജല്‍ എന്ന പേരിലായിരുന്നു സോറ്റെല്ലോയെ മുട്ടിയത്. സോറ്റെല്ലോ തന്റെ പ്രണയ വലയില്‍ വീണെന്ന് ഉറപ്പാക്കിയപ്പോള്‍ പിന്നെ മൂടുപടം മാറ്റി. തന്നെ ഒരുപാട് സ്‌നേഹിക്കുന്നു എന്ന് പറയുന്ന നീ എന്തിനാണ് എന്നെ കൊന്നതെന്നും ആരെയാണ് കൊന്നതെന്ന നിനക്കറിയാമോ എന്നും ചോദിച്ചു. തുടര്‍ന്ന് സോറ്റെല്ലോ മെക്‌സിക്കോയിലേക്ക് രക്ഷപ്പെട്ടപ്പോള്‍ ലേന്‍ അവിടെയും അയാളുമായി ബന്ധപ്പെട്ടു.
2006 ഫെബ്രുവരിയിലായിരുന്നു ക്രിസ്റ്റല്‍ തിയോബാള്‍ഡിനെ സോറ്റെല്ലോ എന്ന 28 കാരന്‍ വെടിവെച്ചു കൊന്നത്. ലോസ് ഏഞ്ചല്‍സിലെ റിവര്‍സൈഡിലൂടെ കാമുകനൊപ്പം കാറില്‍ വരികയായിരുന്ന തിയോബോള്‍ഡിനെ എതിര്‍ ഗ്യാംഗിലെ ആള്‍ക്കാര്‍ എന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിവെച്ചത്. ലേനിന്റെ കാറിനെ പിന്തുടര്‍ന്ന ബൈക്കില്‍ കാമുകനും സഹോദരനും ഒപ്പം സഞ്ചരിക്കുമ്പോള്‍ എതിര്‍ ഗ്യാംഗിനെ കാത്തു നില്‍ക്കുകയായിരുന്ന സോറ്റെല്ലോയുടെ സംഘം വെടിവെയ്ക്കുകയായിരുന്നു. തലയില്‍ വെടിയേറ്റ തിയോബാള്‍ഡ് സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. വയറ്റില്‍ വെടിയേറ്റെങ്കിലും കാമുകന്‍ രക്ഷപ്പെട്ടു.
വര്‍ഷങ്ങളോളമുള്ള അനുധാവനത്തില്‍ മകളെ കൊന്ന സംഘത്തിലെ 12 ലധികം പേരെയാണ് ലെന്‍ അഴിക്കുകള്ളിലാക്കിയത്. കൊലപാതകം, കൊലപാതക ശ്രമം, അനധികൃതമായി ആയുധം കൈവശം വെയ്ക്കല്‍, ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങി അനേകം കുറ്റമാണ് സാറ്റെല്ലോയ്ക്കും സംഘത്തിനുമെതിരേ ചുമത്തിയത്. സാറ്റെല്ലോയുടെ വലംകൈയ്യായ ജൂലിയോ ഹെറെഡിയയെ 2011 ല്‍ ജയിലിലാക്കാന്‍ ലെന് കഴിഞ്ഞിരുന്നു. ഇയാള്‍ക്ക് ജീവപര്യന്തം തടവാണ് കിട്ടിയത്.
സോറ്റെല്ലോയില്‍ എത്തിച്ചേരാന്‍ ഫേസ്ബുക്കും മൈ സ്‌പേസും തുടങ്ങി സാമൂഹ്യ സൈറ്റുകളില്‍ അനേകം പേരുകളിലാണ് ലാന്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത്. റബേക്ക, ഏഞ്ജല്‍ എന്നിവയെല്ലാം അതില്‍പെടും. എല്ലാവരും നിയമത്തിന് മുന്നില്‍ എത്തി എന്നതിനാല്‍ മകളുടെ കൊലപാതകികളോട് മുഴുവന്‍ താന്‍ ക്ഷമിക്കുകയാണെന്ന് ലാന്‍ പറഞ്ഞു.
Post Your Comments