ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാന്‍ ഒരിക്കലും ഇന്ത്യയ്ക്ക് കൈമാറില്ലെന്നു മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്നതും അവര്‍ സമ്മതിക്കില്ല. അങ്ങനെ അവര്‍ സമ്മതിച്ചാലും ദാവൂദിനെ ഇന്ത്യയ്ക്കു വിട്ടുതരില്ലെന്നും ചിദംബരം പറഞ്ഞു. ദക്ഷിണ കറാച്ചിയിലെ സമ്ബന്നര്‍ താമസിക്കുന്ന മേഖലയിലാണ് ദാവൂദ് താമസിക്കുന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിനുപിന്നാലെയാണ് ചിദംബരത്തിന്റെ പ്രതികരണം.ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് ലോകത്തിനു മൊത്തം അറിയാം. ഇക്കാര്യം പാക്കിസ്ഥാന്‍ സര്‍ക്കാരിനെ ഇന്ത്യ അറിയിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ ഇതിനെ നിഷേധിച്ചു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിഡിയോയില്‍ കാണുന്ന വീട്ടിലാണ് ദാവൂദ് താമസിക്കുന്നതെന്നു ഇതിനുമുന്‍പും സ്ഥിരീകരിച്ചതാണ്. പാക്കിസ്ഥാനിലും ദുബായിലും മാറിമാറിയാണ് ദാവൂദ് താമസിക്കുന്നത് – ചിദംബരം പറഞ്ഞു.
ദാവൂദിനെ തിരികെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ സര്‍ക്കാരിന്റെ തെറ്റല്ലെന്നും ചിദംബരം വ്യക്തമാക്കി. പാക്കിസ്ഥാന്‍ ദാവൂദിനെ ഒരു താലത്തില്‍വച്ച് ഇന്ത്യയ്ക്ക് കൈമാറുമെന്നു ആരെങ്കിലും കരുതുന്നുണ്ടോ? ദാവൂദിനെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം പാക്കിസ്ഥാനാണ്. പാക്കിസ്ഥാനില്‍ അധികാരത്തിലേറിയ ഒരു സര്‍ക്കാരും ദാവൂദ് അവിടെയുണ്ടെന്ന വസ്തുത ഇതുവരെ സമ്മതിച്ചിട്ടില്ലെന്നും ചിദംബരം പറഞ്ഞു.ദക്ഷിണ കറാച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയിലാണ് ദാവൂദ് താമസിക്കുന്നതെന്ന് ഇന്നലെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഡി – 13, ബ്ലോക്ക് 4, ക്ലിഫ്ടണ്‍, കറാച്ചി എന്നാണ് വിലാസം. ദാവൂദിന്റെ വീടിന്റെ ദൃശ്യങ്ങളെന്നു വ്യക്തമാക്കിയുള്ള വിഡിയോയും പുറത്തുവന്നിരുന്നു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ, സിന്ധ് പ്രവിശ്യാ മുന്‍ മുഖ്യമന്ത്രി മുസ്തഫാ ജതോയി തുടങ്ങിയവരാണ് ദാവൂദിന്റെ അയല്‍ക്കാര്‍.കഴിഞ്ഞ 23 വര്‍ഷമായി അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിനെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തുന്നുണ്ട്. 250 ലധികം പേര്‍ കൊല്ലപ്പെട്ട 1993ലെ മുംബൈ സ്ഫോടനക്കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ദാവൂദ് ഇബ്രാഹിം. ഇയാള്‍ പാക്കിസ്ഥാനിലുണ്ടെന്നാണ് ഇന്ത്യന്‍ ഏജന്‍സികളുടെ വിശദീകരണം. എന്നാല്‍ ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്നും തങ്ങള്‍ക്ക് അറിയില്ലെന്നുമാണ് പാക്ക് നിലപാട്.
Post Your Comments