KeralaNews

ജിഷ വധക്കേസ്: കൊലയാളിയെ നേരിട്ടുകണ്ട അയല്‍വാസികളുടെ നിര്‍ണായക മൊഴികള്‍ പുറത്ത്

കൊച്ചി: പെരുമ്പാവൂര്‍ ജിഷാ വധക്കേസ് അന്വേഷണവുമായി അയല്‍വാസികള്‍ സഹകരിക്കാന്‍ തുടങ്ങി. കൊലയാളിയെ നേരിട്ടു കണ്ടവര്‍ പൊലീസിന് നിര്‍ണായക മൊഴികള്‍ നല്‍കി. സംഭവദിവസം ജിഷയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരായ നാലു പേരുടേതാണ് ഈ മൊഴികള്‍. ജിഷയുടെ വീടിനടുത്തുള്ള കനാലിനപ്പുറമാണ് ഇവര്‍ നിന്നത്. നിലവിളിക്കു ശേഷം ഒരാള്‍ ജിഷയുടെ വീടിനു പുറത്തിറങ്ങിയെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. പുറത്തു കിടന്ന മഞ്ഞ ഷാളുമായി ഇയാള്‍ വീണ്ടും അകത്തുകയറി. പിന്നീടും ജിഷയുടെ നിലവിളി കേട്ടെങ്കിലും മഴ പെയ്തതിനാല്‍ തങ്ങള്‍ വീട്ടില്‍ കയറി ജനലിലൂടെ നോക്കിയെന്നും അവര്‍ പറഞ്ഞു. ഇയാള്‍ ജിഷയുടെ വീടിനു പിന്നിലുള്ള വട്ട മരത്തിലൂടെ ഇറങ്ങി വസ്ത്രങ്ങള്‍ കഴുകിയെന്നും അതു കണ്ട് സ്തംഭിച്ചു പോയെന്നും മൊഴിയിലുണ്ട്. കൊലപാതകിയെ ഭയപ്പെടുന്നതായും ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കൊലയാളിയെക്കുറിച്ചുള്ള നാലു പേരുടെയും വിവരണം സമാനമാണ്.

കൊലയാളിക്കുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ അനുമാനം. അയല്‍വാസികളെയും ബന്ധുക്കളെയും സുഹത്തുക്കളെയും കേന്ദ്രീകരിച്ച അന്വേഷണം ഊര്‍ജിതമാക്കിയതനുസരിച്ചാണ് പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തത്. കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഇന്നലെ അന്വേഷണസംഘത്തിനു മൊഴി നല്‍കി. സംഭവദിവസം രാജേശ്വരി പോയ സ്ഥലങ്ങളെപ്പറ്റിയും വീട്ടിലെത്തിയതിനു ശേഷമുണ്ടായ കാര്യങ്ങളെപ്പറ്റിയുമാണു ചോദിച്ചറിഞ്ഞത്. ജിഷ കൊല്ലപ്പെട്ടതിനുശേഷം വീട്ടില്‍ ആദ്യമെത്തിയത് രാജേശ്വരിയായിരുന്നു. ഏപ്രില്‍ 28ന് ഉച്ചയ്ക്കു മുന്‍പ് പുറത്തുപോയ രാജേശ്വരി വീട്ടില്‍ തിരിച്ചെത്തിയ സമയം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ ജിഷയുടെ ഫോണ്‍ സംഭാഷണങ്ങള്‍, യാത്രകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും രാജേശ്വരിയില്‍ നിന്നു ശേഖരിച്ചു. ജിഷയുടെ സഹോദരി ദീപയെ പൊലീസ് നാലര മണിക്കൂര്‍ ചോദ്യംചെയ്‌തെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. തുടക്കത്തില്‍ അയല്‍വാസികള്‍ ആരും കേസുമായി സഹകരിച്ചിരുന്നില്ല. ആദ്യമൊക്കെ ഇക്കാര്യങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. ആദ്യചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയുമില്ല. പിന്നീട് വിശദമായി ചോദിച്ചപ്പോഴാണ് നിര്‍ണായക മൊഴി ലഭിച്ചത്.

ജിഷ കൊല്ലപ്പെട്ട മുറിയില്‍ കൊലയാളി ഊരിവച്ചിരുന്ന ബള്‍ബ് പൊലീസുകാര്‍ തിരികെ ഹോള്‍ഡറില്‍ ഇട്ടതോടെ നിര്‍ണായകമാകുമായിരുന്ന തെളിവ് നശിച്ചു. ബള്‍ബില്‍ പതിഞ്ഞിരുന്ന കൊലയാളിയുടെ വിരലടയാളം അതോടെ നഷ്ടമായി. ഇതു ഗുരുതര വീഴ്ചയാണെന്നാണ് പുതിയ അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മുറിയില്‍ നടന്നത് പുറത്തുകാണാതിരിക്കാനായാണ് കൊലയാളി ബള്‍ബ് ഊരിവച്ചത്. കൊലപാതക വിവരമറിഞ്ഞ് എത്തിയ പൊലീസുകാര്‍ മുറിയില്‍ ഇരുട്ടായതിനാല്‍ ബള്‍ബ് തിരികെ ഇടുകയായിരുന്നു.

ജിഷ കൊല്ലപ്പെട്ടേക്കുമെന്ന് അമ്മ രാജേശ്വരി നേരത്തേ തന്നെ ഭയപ്പെട്ടിരുന്നു. തെളിവെടുപ്പിനായി കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കസ്റ്റഡിയിലുള്ളയാളെ പൊലീസ് രാജേശ്വരിക്കു കാട്ടിക്കൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button