KeralaNews

അട്ടപ്പാടിയില്‍ നടക്കുന്നത് മനുഷ്യമനസാക്ഷിയെ നടുക്കുന്ന നിശബ്ദ വംശഹത്യ

പാലക്കാട്: ശിശുമരണത്തിലൂടെ അട്ടപ്പാടിയില്‍ സംഭവിക്കുന്നത് നിശബ്ദ വംശഹത്യയാണെന്ന് ഡോ. ഇക്ബാല്‍. അട്ടപ്പാടിയിലെ ആദിവാസിശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ പഠനംനടത്താന്‍ സി.പി.ഐ.എം. സംസ്ഥാനസമിതി നിയോഗിച്ച ആറംഗ ഡോക്ടര്‍ സംഘത്തിന്റെ തലവനാണ് ഡോ. ഇക്ബാല്‍. അത്യന്തം ഗുരുതരമാണ് അട്ടപ്പാടിയിലെ സ്ഥിതിവിശേഷമെന്നും ഡോ. ഇക്ബാല്‍ അടങ്ങിയ ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു .

അട്ടപ്പാടിയില്‍ 578 ഗര്‍ഭിണികള്‍, 509 മുലയൂട്ടുന്ന അമ്മമാര്‍, 3900 കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, മൂന്നുവയസ്സിനും ആറുവയസ്സിനുമിടയിലുള്ള 5969 കുട്ടികള്‍ എന്നിങ്ങനെ പതിനായിരത്തില്‍പ്പരം പേരാണ് പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍. ഒരു ഗര്‍ഭിണിക്ക് അയേണ്‍ഫോളിക് ഗുളിക ഒരു വര്‍ഷം നല്‍കാനുള്ള ചെലവ് 10 രൂപയാണ്. എന്നിട്ടും രണ്ടുവര്‍ഷമായി ഇതില്ല. പകരം ഇന്‍ഫറോണ്‍ ഇന്‍ജക്ഷന്‍ ചിലയിടങ്ങളില്‍ നല്‍കുന്നു. 2002ല്‍ ഏറ്റവും നല്ല ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട പുതൂര്‍ ആശുപത്രിയില്‍ ഇപ്പോള്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. മറ്റ് ജീവനക്കാരില്ല. ഡോക്ടര്‍ക്കാകട്ടെ താമസസൗകര്യവുമില്ല. അട്ടപ്പാടിയില്‍ നല്ലൊരു ഏജന്‍സിയെക്കൊണ്ട് സമഗ്ര ആരോഗ്യസര്‍വേ നടത്തണമെന്നും ഡോ. ഇക്ബാല്‍ പറഞ്ഞു.

അങ്കണ്‍വാടികളില്‍ കുട്ടികളുടെയും അമ്മമാരുടെയും തൂക്കം, വളര്‍ച്ച എന്നിവ രേഖപ്പെടുത്തേണ്ട രജിസ്റ്റര്‍പോലുമില്ല. ട്രൈബല്‍ പ്രൊമോട്ടേഴ്‌സ്, ആശവര്‍ക്കര്‍മാര്‍ എന്നിവരുടെ പ്രവര്‍ത്തനത്തില്‍ ഏകോപനമില്ല. ഐസിഡിഎസ് ജില്ലാ ഓഫീസിന് ഒരു ജീപ്പാണുള്ളത്. അഞ്ച് ജീപ്പെങ്കിലും ലഭിച്ചാലേ ഓടിയെത്താനാവൂ. അങ്കണ്‍വാടിയില്‍ ഒരു കുട്ടിക്ക് ആറു രൂപയാണ് പോഷകാഹാരത്തിന് നല്‍കുന്നത്. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് പരമ്പരാഗത ഭക്ഷ്യയിനങ്ങള്‍കൂടി ലഭ്യമാക്കുംവിധം റേഷന്‍വിതരണ ഘടന മാറ്റണം. മേഖലയില്‍ 20 അങ്കണവാടികൂടി തുറക്കണം. അട്ടപ്പാടിയെ താലൂക്കായി പ്രഖ്യാപിക്കണം. അവിടത്തെ സര്‍ക്കാര്‍ ആശുപത്രി ആദിവാസി മെഡിക്കല്‍കോളേജാക്കി മാറ്റണം. ഇവിടെ ആദിവാസികള്‍ക്കും മറ്റുള്ളവര്‍ക്കും പ്രവേശനം നല്‍കണം. ഇതോടൊപ്പം നഴ്‌സിങ് കോഴ്‌സും തുടങ്ങണം. ഇവിടെ പഠിച്ചിറങ്ങുന്നവര്‍ക്ക് നിര്‍ദിഷ്ടകാലം ആദിവാസിമേഖലയില്‍ നിര്‍ബന്ധിതസേവനം ഉറപ്പാക്കണം അദ്ദേഹം പറഞ്ഞു. കുട്ടികള്‍ മരിക്കുന്ന വാര്‍ത്തവന്നിട്ടും അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരവീഴ്ചയാണ് വരുത്തുന്നത്. അങ്കണവാടി വര്‍ക്കര്‍മാര്‍ കടം വാങ്ങിയാണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button