കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ആധാര്‍ ഡാറ്റാ ബാങ്കില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിക്കാനുള്ള അന്വേഷണസംഘത്തിന്റെ നീക്കം പരാജയപ്പെട്ടു. കോടതിയുടെ അനുമതിയോടെ ബംഗളുരുവിലെ ഡാറ്റാ ബാങ്കില്‍ നേരിട്ടെത്തി അപേക്ഷ നല്‍കിയെങ്കിലും ആധാറിന്റെ ഉദ്ദേശ്യ ലക്ഷ്യത്തിന് വിരുദ്ധമായി ഒരു വിവരവും കൈമാറാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ സി.ഐ നവാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മടങ്ങി. ഫോറന്‍സിക് റിപ്പോര്‍ട്ട് ഇന്ന് കിട്ടുമെന്നാണ് പ്രതീക്ഷ. ശേഷം വെളിപ്പെടുത്തലുകള്‍ നടത്തുമെന്നാണ് അന്വേഷണസംഘം പറയുന്നത്.
അതേസമയം, ജിഷയുടെ മാതാവ് രാജേശ്വരി, സഹോദരി ദീപ എന്നിവരെ ഒരുമിച്ചിരുത്തി അന്വേഷണസംഘം ഇന്നലെ മൊഴിയെടുത്തു. വാര്‍ഡ് മെമ്ബറുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യണമെന്നായിരുന്നു രാജേശ്വരിയുടെ ആവശ്യം. രാജേശ്വരിയുടെ വിശദമായ മൊഴിയെടുക്കാനായില്ല. പല ചോദ്യങ്ങള്‍ക്കും പൊട്ടിക്കരച്ചിലായിരുന്നു പ്രതികരണം. ദീപയുടെ മൊഴി ഡി.വൈ.എസ്.പി ബിജോ അലക്സാണ്ടറും രാജേശ്വരിയുടേത് സി.ഐ രാധാമണിയുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 28ന് രാത്രി എട്ടരയോടെ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ ആദ്യം കാണുന്നത് രാജേശ്വരിയാണ്. ഈ സാഹചര്യത്തില്‍ അന്വേഷണത്തില്‍ രാജേശ്വരിയുടെ മൊഴി നിര്‍ണായകമാണ്. എറണാകുളം ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ജിഷയുടെ പിതാവ് പാപ്പുവിനെയും ചോദ്യം ചെയ്യാനായില്ല.
സംഭവദിവസം ജിഷയുടെ സമീപത്തുള്ള വീട്ടിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരെ അടുത്ത ദിവസം ചോദ്യം ചെയ്യും. ജിഷയെ കൊലപ്പെടുത്തിയെന്ന് കരുതുന്ന സമയത്തായിരുന്നു പ്രാര്‍ത്ഥന. കൊലയാളിയെ നേരിട്ടു കണ്ടുവെന്ന സമീപവാസികളായ മൂന്നു വീട്ടമ്മമാരുടെ മൊഴികളുടെ സംഭാഷണം രാജേശ്വരിയെ കേള്‍പ്പിച്ച് അടുത്ത ദിവസം വീണ്ടും മൊഴിയെടുക്കും. ഇന്നലെ വരെ നാട്ടിലുള്ള 350 പേരുടെ വിരലടയാളങ്ങള്‍ പൊലീസ് ശേഖരിച്ചു.
Post Your Comments