തിരുവനന്തപുരം : സംസ്ഥാനത്ത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ജിഷ കൊലക്കേസിലും കലാഭവന്‍ മണിയുടെ അസ്വഭാവിക മരണത്തിലും കേസ് അന്വേഷണം എങ്ങുമെത്താത്തത് പൊലീസിന്റെ അനാസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇരു കേസുകളിലും പൊലീസ് കാണിക്കുന്ന നിസ്സംഗതയാണ് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചത്. പെരുമ്പാവൂര്‍ ജിഷ കൊലക്കേസിന്റെ അന്വേഷണം രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് തുമ്പുണ്ടാക്കാന്‍ കഴിയാത്തത് പൊലീസിന്റെ ഭാഗത്തുനിന്നുള്ള വലിയവീഴ്ചയാണ്. ജിഷയുടെ ശരീരം മറവുചെയ്യുന്നതിലും പൊലീസിന് വീഴ്ചപറ്റി. കേസ് അന്വേഷണത്തിന് സഹായകമാകുന്ന പല കാര്യങ്ങളും ജിഷയുടെ മൃതദേഹത്തില്‍ നിന്നും ലഭിക്കുമായിരുന്നു. എന്നാല്‍ ഇത് പൊലീസ് വേണ്ടത്ര ഗൗനിച്ചില്ല. മാത്രമല്ല ജിഷയുടെ മരണം കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായി അറിയാമായിരുന്നിട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമാണ് ക്രൂരമായ കൊലപാതകമാണെന്ന് പുറംലോകം അറിഞ്ഞത്. ഇതുവരെയായി ആയിരത്തോളം പേരെ കേസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തുവെങ്കിലും ഒരു തുമ്പുണ്ടാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. മാത്രമല്ല കാര്യമായ തെളിവുകള്‍ ശേഖരിയ്ക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഓരോ ദിവസവും പൊലീസ് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥപ്രതി ഇപ്പോഴും കാണാമറയത്ത് തന്നെ.
രണ്ട് മാസം മുന്‍പുണ്ടായ കലാഭവന്‍ മണിയുടെ മരണത്തിലും പൊലീസിന്റെ അന്വേഷണവും നിലച്ചു. മണിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നുറപ്പിക്കാന്‍ നാളുകള്‍ കഴിഞ്ഞിട്ടും ഇന്നും പൊലീസിന് സാധിച്ചിട്ടില്ല. മണി മരിച്ചിട്ടു രണ്ടു മാസം കഴിഞ്ഞിട്ടും ഫൊറന്‍സിക് പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് അന്വേഷണം നിര്‍ത്തിയ മട്ടാണ് ഇപ്പോള്‍.
ഏറെ ചര്‍ച്ചയായപ്പോഴെല്ലാം അന്വേഷണം ശരിയായ ദിശയിലാണെന്നായിരുന്നു പൊലീസിന്റെ വാദം. മണിയുമായി അടുപ്പമുണ്ടായിരുന്ന ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മരണകാരണം പോലും വ്യക്തമാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് പൊലീസ് ഇപ്പോള്‍. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെയും മെഥനോളിന്റെയും അംശമുണ്ടെന്ന് നിഗമനങ്ങള്‍ പോലും സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.
കാക്കനാട്ടെ റീജണല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ മെഥനോളിന്റെ അളവ് എത്രയാണെന്നു കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ആന്തരാവയവങ്ങള്‍ ഹൈദരാബാദിലെ കേന്ദ്ര പരിശോധനാ ലാബിലേക്ക് അയച്ചത്. ഇവിടെനിന്ന് ഇതുവരെ പരിശോധനാ ഫലം ലഭിച്ചില്ലെന്നാണു പൊലീസിന്റെ വാദം. അതേസമയം, പൊലീസ് ഇക്കാര്യത്തില്‍ താല്‍പര്യം കാട്ടുന്നില്ലെന്നാണ് സൂചന.
മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി കൊച്ചി അമൃത ആശുപത്രിയില്‍ മരിച്ചത്. ആന്തരാവയവങ്ങളുടെ പരിശോധനയില്‍ ശരീരത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയതാണ് മണിയുടെ മരണത്തില്‍ സംശയമുയര്‍ത്തിയത്. മാത്രമല്ല, കീടനാശിനിയുടെ അംശമുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കീടനാശിനിയുടെ അംശം കണ്ടെത്തിയെങ്കിലും അതെങ്ങനെയെത്തി, എത്ര അളവില്‍ എത്തി എന്നു കണ്ടെത്താനുള്ള സംവിധാനവും കാക്കനാട്ടെ റീജണല്‍ പരിശോധനാ ലാബില്‍ ഇല്ലായിരുന്നു.
കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും ആത്മഹത്യ ചെയ്യില്ലെന്നും കാട്ടി സഹോദരന്‍ ആര്‍എല്‍വി രാധാകൃഷ്ണന്‍ രംഗത്തെത്തിയതോടെയാണ് സംശയങ്ങള്‍ക്കു ശക്തിയേറിയത്. മണിയൊടൊപ്പം നടന്നിരുന്നവരെയാണു തങ്ങള്‍ക്കു സംശയമെന്നും വീട്ടുകാരുമായി മണിയെ അകറ്റിയവര്‍ ഇവരാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇത്ര ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും പൊലിസിന്റെ ഭാഗത്തുനിന്ന് വസ്തുനിഷ്ഠമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നാണു സൂചന. അത്തരത്തില്‍ പൊലീസിന് മുന്നോട്ടു പോകാനാവാത്തതു ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തുന്നത്.
Post Your Comments