ബീഹാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മഹാസഖ്യത്തിന്‍റെ പിന്‍ബലത്തില്‍ അധികാരം നിലനിര്‍ത്തിയ ശേഷം നിതീഷ് കുമാറിന്‍റെ ബീഹാര്‍ രാഷ്ട്രീയം ശ്രദ്ധയാകര്‍ഷിച്ചത് മദ്യനിരോധനം നടപ്പാക്കിയപ്പോള്‍ മാത്രമായിരുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും ബീഹാറില്‍ ജംഗിള്‍ രാജ് മടങ്ങി വരുന്നതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമായപ്പോഴൊക്കെ സംസ്ഥാനം ദേശീയതലത്തില്‍ ശ്രദ്ധാകേന്ദ്രമായി. മഹാസഖ്യത്തില്‍ നിതീഷിന് ഏറ്റവുമധികം ആശ്രയിക്കേണ്ടത് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി)-നേയും ലാലുപ്രസാദ് യാദവിനേയുമാണ്. ഇത് ആദ്യം മുതലേ മനസ്സിലാക്കിയ ലാലു. നിതീഷിന് മുകളില്‍ ‘സൂപ്പര്‍ മുഖ്യമന്ത്രി’ കളി തുടങ്ങിയതോടെ ജംഗിള്‍ രാജ് സംസ്ഥാനത്തേക്ക് മടങ്ങിവരും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.
ലാലുപ്രസാദ് യാദവിന്‍റെ ഭരണകാലം നടുക്കത്തോടെ മാത്രമേ ബീഹാറികള്‍ക്ക് ഓര്‍മ്മിക്കാന്‍ സാധിക്കൂ. നിയമവാഴ്ച്ച ഗുണ്ടാരാജിന് വഴിമാറിയ ആ കാലഘട്ടത്തിന് ഒരറുതിയായത് നിതീഷ് കുമാറിന്‍റെ ജെഡിയുവും ബിജെപിയും ചേര്‍ന്ന മുന്നണി ബീഹാറില്‍ അധികാരത്തില്‍ വന്നപ്പോളായിരുന്നു. പിന്നീട് ബിജെപിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തപ്പോള്‍ നിതീഷ് സഖ്യത്തില്‍ നിന്ന്‍ മാറുകയും, അധികാരം നിലനിര്‍ത്താനുള്ള അങ്കലാപ്പില്‍ ലാലു പാളയത്തില്‍ ചെന്ന്‍ കയറുകയുമായിരുന്നു. അധികാരം കയ്യില്‍ കിട്ടിയപ്പോള്‍ തന്നെ കാലിത്തീറ്റ കുംഭകോണത്തില്‍ ശിക്ഷിക്കപ്പെട്ടതിലൂടെയും മറ്റും തനിക്ക് ബീഹാറില്‍ നഷ്ടമായ അധികാരശക്തി തിരികെ പിടിക്കാനുള്ള ശ്രമങ്ങള്‍ ലാലു തുടങ്ങിയിരുന്നു. സ്വന്തം മക്കളെ മത്രിസഭയിലെ ഉന്നതസ്ഥാനത്ത് തന്നെ അവരോധിക്കാന്‍ ലാലുവിനായി.
മുഖ്യപ്രതിപക്ഷമായ ബിജെപിയുടെ സാമാജികര്‍ക്ക് നേരേയുള്ള ആക്രമണങ്ങളും മറ്റുമായി ജംഗിള്‍രാജും സംസ്ഥാനത്ത് തലപൊക്കിത്തുടങ്ങി. രാജ്യത്തിന്‍റെ പല മേഖലകളില്‍ നിന്നും അപ്പോള്‍ ഉയര്‍ന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചു കൊണ്ട് ലാലുവിന്‍റെ സൂപ്പര്‍ മുഖ്യമന്ത്രിക്കളി നിശ്ശബ്ദം സഹിച്ച് അധികാരവുമായി മുന്നോട്ടു പോകാന്‍ തന്നെയായിരുന്നു നിതീഷിന്‍റെ തീരുമാനം.
കഴിഞ്ഞ ദിവസം ഒരു പ്ലസ് ടു വിദ്യാര്‍ഥിയെ കാരണമേതും കൂടാതെ നിതീഷിന്‍റെ ജെഡിയു പാര്‍ട്ടി എംഎല്‍സിയുടെ മകന്‍ തന്നെ വെടിവച്ചു കൊന്നത് സംസ്ഥാനത്ത് ജംഗിള്‍രാജ് മടങ്ങി വന്നതിന്‍റെ ഏറ്റവും വലിയ തെളിവായി. മനോരമാ ദേവി എന്ന ഈ എംഎല്‍സി ഒരു മുന്‍ ആര്‍ജെഡി അംഗമാണ്. ഇവരുടെ ഭര്‍ത്താവ് ബിന്ദി യാദവ് ലാലുവിന്‍റെ അടുത്ത അനുയായിയും കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊള്ള എന്നിവയുള്‍പ്പെടെ രണ്ട് ഡസനിലധികം കേസുകളില്‍ പ്രതിയുമാണ്.
ബീഹാറിലെ ക്രിമിനല്‍ സംസ്കാരം ഇല്ലാതാക്കും എന്ന അവകാശവാദത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട നിതീഷ് ഈ ക്രിമിനല്‍ കുടുംബത്തെ കൂടെക്കൂട്ടിയത് പലരുടേയും നെറ്റി ചുളിച്ചിരുന്നു. “ഗയയുടെ ഭീതി” എന്നാണ് ബിന്ദി യാദവ് അറിയപ്പെടുന്നത് തന്നെ.
ഏറേ കൊട്ടിഘോഷിച്ച് നിതീഷ് നടപ്പിലാക്കിയ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു മദ്യനിരോധനം. ഇപ്പോള്‍ മനോരമാ ദേവി, ബിന്ദി യാദവ്, റോക്കി യാദവ് എന്നീ ക്രിമിനലുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് നിസ്സാരകാരണം പറഞ്ഞ് റോക്കി, ഗയ സ്വദേശിയായ 19-കാരന്‍ ആദിത്യ സച്ച്ദേവിനെ വെടിവച്ചു കൊന്ന സംഭവത്തെത്തുടര്‍ന്നാണ്. ഇതേത്തുടര്‍ന്നുണ്ടായ വന്‍ സമ്മര്‍ദ്ദത്തിന്‍റെ ഫലമായി മനസ്സില്ലാമനസ്സോടെ നിതീഷിന് റോക്കി, ബിന്ദി എന്നിവരെ അറസ്റ്റ് ചെയ്യേണ്ടി വന്നിരിക്കുകയാണ്. ഏറ്റവും പുതുതായി മനോരമാ ദേവിയും പോലീസ് കസ്റ്റഡിയിലായി.
മനോരമാ ദേവിയുടെ അറസ്റ്റ് സ്വന്തം വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചതിനും കൂടിയായിരുന്നു. ‘വേലി തന്നെ വിളവ്’ തിന്നുന്ന ബീഹാര്‍ ക്രിമിനല്‍ സംസ്കാരത്തിന്‍റെ ഉത്തമോദാഹരണമാണ് മനോരമാ ദേവി കാണിച്ചു തന്നത്. സ്വന്തം ഗവണ്‍മെന്‍റ് തന്നെ നിരോധിച്ച ഒരു സാധനം, നിയമസഭാ സാമാജിക എന്ന സ്ഥാനത്തിരുന്നു കൊണ്ട് തന്നെ, സ്വന്തം വീട്ടില്‍ സൂക്ഷിക്കുക. ആദിത്യയെ വെടിവച്ചു വീഴ്ത്തി ഒളിവില്‍ പോയ മകന്‍ റോക്കിയെ ടെലിവിഷന്‍ ക്യാമറകളുടെ മുന്നില്‍ ഒരുളുപ്പും കൂടാതെ ന്യായീകരിക്കുന്ന മനോരമാ ദേവിയെ ഇന്ത്യ മുഴുവന്‍ കണ്ടതാണ്. രാജ്യത്തെ നിയമസംവിധാനത്തിന് ഇവര്‍ പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല എന്നത് സ്വന്തം മകനെ ന്യായീകരിച്ചു കൊണ്ടുള്ള ഇവരുടെ ജല്‍പ്പനങ്ങളില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്. സ്വന്തം ഗവണ്‍മെന്‍റ് നടപ്പിലാക്കിയ ഒരു നയത്തിനു പോലും ഇവര്‍ വില കല്‍പ്പിക്കുന്നില്ല എന്നതും ഒട്ടും അതിശയോക്തിപരമല്ല.
ജംഗിള്‍ രാജ് പാര്‍ട്ട്-2 ആണ് ഇപ്പോള്‍ ബീഹാറില്‍ നടമാടുന്നതെന്ന് പകല്‍ പോലെ വ്യക്തമാണ്. ഇതിനെല്ലാം മുഖ്യമന്ത്രി നിതീഷ് കുമാര്‍ മറുപടി പറഞ്ഞേ മതിയാകൂ.
Post Your Comments