കട്ടക്ക്: രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കണമെങ്കില്‍ ഇനിയും 70,000ല്‍ അധികം ജഡ്ജിമാരെ പുതിയതായി നിയമിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍. പുതിയ ജഡ്ജിമാരെ അടിയന്തിരമായി നിയമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കവെയാണ് ജസ്റ്റിസ് ഠാക്കൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ജനസംഖ്യയും ജഡ്ജിമാരുടെ എണ്ണവും തമ്മിലുള്ള കുറഞ്ഞ അനുപാദം ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഠാക്കൂര്‍, നീതിയെന്നത് ഭരണഘടന ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന മൗലികാവകാശമാണെന്നും അത് നിഷേധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും വ്യക്തമാക്കി.
ജുഡീഷ്യറിയുടെ ജോലിഭാരത്തിലും കേസുകള്‍ കെട്ടിക്കിടക്കുന്നതില്‍ കോടതികളെ കുറ്റപ്പെടുത്തുന്നതിലും മനംനൊന്ത് ജസ്റ്റിസ് ഠാക്കൂര്‍ കഴിഞ്ഞ ദിവസം വികാരാധീനനായിരുന്നു. മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണു ചീഫ് ജസ്റ്റിസ് വികാരാധീനനായത്. ഈ സംഭവത്തിന് പിന്നാലെയാണ് ജഡ്ജിമാരുടെ എണ്ണത്തിലുള്ള കുറവ് ചൂണ്ടിക്കാട്ടി നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യം അദ്ദേഹം വീണ്ടും ഉയര്‍ത്തിക്കാട്ടിയത്.
രാജ്യത്തെ നീതിന്യായ വ്യവസ്ഥ ജഡ്ജിമാരെ സമയാസമയങ്ങളില്‍ നിയമിക്കുന്ന കാര്യത്തില്‍ ബദ്ധശ്രദ്ധ പുലര്‍ത്തുമ്പോഴും ഇതില്‍ നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മെല്ലെപ്പോക്ക് നയമാണെന്നും ജസ്റ്റിസ് ഠാക്കൂര്‍ കുറ്റപ്പെടുത്തി. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് 170 നിര്‍ദേശങ്ങള്‍ ഇപ്പോള്‍ത്തന്നെ സര്‍ക്കാരിന്റെ അനുമതിയും കാത്തു കെട്ടിക്കിടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments