ഡല്‍ഹിയില്‍ ചൂതാട്ടകേന്ദ്രം, അനധികൃത മദ്യവ്യാപാരം, മരിജുവാന-കഞ്ചാവ് മുതലായവയുടെ വില്‍പ്പന തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘങ്ങള്‍ ഈയിടെയായി ഡല്‍ഹി പോലീസിന്‍റെ വലയില്‍ വീഴതെയായി. ഇത്തരം കേന്ദ്രങ്ങളെപ്പറ്റി രഹസ്യവിവരങ്ങള്‍ ലഭിച്ചിട്ടോ, അന്വേഷണം വഴി തോന്നുന്ന സംശയങ്ങള്‍ മൂലമോ പോലീസ് റെയ്ഡ് നടത്തുമ്പോള്‍ എല്ലാം ഭദ്രം. ഒരു ക്രമക്കേടും കണ്ടെത്താന്‍ ആകുന്നില്ല. സിറ്റിയുടെ ആഡംബരം നിറഞ്ഞ ദക്ഷിണഭാഗത്താണ് ഈയൊരു പരാജയം പോലീസിന് സംഭവിച്ചു തുടങ്ങിയത്.
ഇതില്‍ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ വെളിവായത് സാമൂഹ്യവിരുദ്ധരുടെ നീ’ക്കങ്ങള്‍ നിരീക്ഷിക്കാന്‍ തങ്ങള്‍ ഉപയോഗിക്കുന്ന അതേ തന്ത്രം തന്നെ തങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇത്തരക്കാരും ഉപയോഗിച്ചു തുടങ്ങിയതാണ് തങ്ങളുടെ അടുത്തിടെ തുടങ്ങിയ പരാജയങ്ങള്‍ക്ക് കാരണം എന്ന വസ്തുതയാണ്. വസന്ത് ഗാവ് ഏരിയയിലുള്ള ഒരു ചൂതാട്ടകേന്ദ്രത്തിന്‍റെ നടത്തിപ്പുകാര്‍ CCTV ക്യാമറകള്‍ അതിവിദഗ്ധമായി തങ്ങളുടെ കേന്ദ്രത്തിനു ചുറ്റും സ്ഥാപിച്ചാണ് പോലീസ് നീക്കങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് രക്ഷപെട്ടു കൊണ്ടിരുന്നത്.
ഇത്തരം നിയമവിരുദ്ധ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് ചെല്ലുന്ന ബീറ്റ് പോലീസ് ഉദ്യോഗസ്ഥരെ സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ അതിക്രമിച്ച് കയറുന്നു എന്നോ, കൈക്കൂലി ആവശ്യപ്പെട്ടുകൊണ്ട് ചെല്ലുന്നു എന്ന് പറഞ്ഞോ ഭീഷണിപ്പെടുത്തും. തെളിവായി പോലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉള്ള വീടുകളിലേക്ക് പ്രവേശിക്കുന്ന വീഡിയോ ദൃശ്യങ്ങളും കാണിച്ചുകൊടുക്കും. ഇത് പതിവായപ്പോഴാണ് തങ്ങള്‍ ഉപയോഗിക്കുന്ന അതേ തന്ത്രം ഉപയോഗപ്പെടുത്തി ഈ സാമൂഹ്യവിരുദ്ധര്‍ തങ്ങളെ കുടുക്കാന്‍ ശ്രമിക്കുന്ന വിവരം പോലീസിന് മനസ്സിലായത്. ഇത്തരം പല കേന്ദ്രങ്ങളുടേയും നടത്തിപ്പുകാര്‍ മദ്ധ്യവയസ് പിന്നിട്ട സ്ത്രീകള്‍ ആയിരിക്കും. സ്ത്രീകള്‍ക്കെതിരെ അതിക്രമം കാട്ടി എന്ന് പറഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്താനുള്ള എളുപ്പത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ഈ കണ്ടെത്തലിനെത്തുടര്‍ന്ന്‍ ഇത്തരം കേന്ദ്രങ്ങളെ കണ്ടെത്തി അവരുടെ നിരീക്ഷണസംവിധാനം തകര്‍ക്കാന്‍ ഒരു പ്രത്യേക സംഘത്തിന് തന്നെ രൂപം കൊടുത്തു ഡല്‍ഹി പോലീസ്. രൂപം കൊടുത്ത് ആദ്യ പത്തു ദിവസത്തിനുള്ളില്‍ത്തന്നെ പ്രത്യേക സംഘം ഇത്തരം മൂന്ന്‍ സംഘങ്ങളെ തകര്‍ത്തു. പ്രത്യേക സംഘം നടത്തിയ പരിശോധനയില്‍ ഏറ്റവും തന്ത്രപരമായ രീതിയില്‍ ആണ് ഇത്തരം സംഘങ്ങള്‍ തങ്ങളുടെ CCTV ക്യാമറ സംവിധാനം ഒരുക്കിയിരുന്നതെന്ന് വ്യക്തമായി. ക്യാമറകള്‍ ലെന്‍സ് മാത്രം വെളിയില്‍ വരത്തക്ക വിധം, എന്നാല്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ കവര്‍ ചെയ്താണ് സ്ഥാപിച്ചിരുന്നത്.
Post Your Comments