ഇന്ത്യയില്‍ മതസ്പര്‍ദ്ധ ആളിക്കത്തിച്ച് യുവാക്കളെ തങ്ങളുടെയൊപ്പം ചേര്‍ക്കാന്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ ഡി-കമ്പനി പദ്ധതി തയാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. മുസ്ലീം-വിരുദ്ധ നേതാക്കന്മാരെ കൊല്ലുകയും അതുവഴി മതസ്പര്‍ദ്ധ വളര്‍ത്തുകയും ചെയ്‌താല്‍ വന്‍തുകയും ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ ആകര്‍ഷകമായ ജോലിയും വാഗ്ദാനം ചെയ്താണ് ഡി-കമ്പനി യുവാക്കളെ തങ്ങളുടെ ഒപ്പം ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നത്. ഗുജറാത്തിലെ ബറൂച്ചില്‍ ബിജെപിയുടെ രണ്ട് നേതാക്കന്മാരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ 10 പ്രതികള്‍ക്കെതിരെ അഹമ്മദാബാദിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎ ഈ കാര്യം പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 2-നാണ് മുന്‍ ബറൂച്ച് ബിജെപി പ്രസിഡന്‍റും മുതിര്‍ന്ന ആര്‍എസ്എസ് നേതാവുമായ ശിരീഷ് ബന്‍ഗാലി, ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ജെനറല്‍ സെക്രട്ടറിയായ പ്രാഗ്നേഷ് മിസ്ട്രി എന്നിവര്‍ കൊല്ലപ്പെട്ടത്. ഇന്ത്യയില്‍ 1993-ലും 2002-ലും നടന്ന കലാപങ്ങള്‍ക്ക് പകരം വീട്ടാന്‍ ജാവേദ് ചിന്‍ക എന്ന ഡി-കമ്പനി ഓപ്പറേറ്റീവ് ആണ് ഈ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത്.
ജാവേദും, 1993 മുംബൈ സ്ഫോടനക്കേസില്‍ പ്രതിയായ സഹോദരന്‍ ആബിദ് പട്ടേലും ചേര്‍ന്നാണ് ഡി-കമ്പനിയുടെ ഒരു ലോക്കല്‍ ഗ്രൂപ്പിനോടൊപ്പം ചേര്‍ന്ന് ഈ കൊലപാതകങ്ങള്‍ നടത്തിയത്. ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ എന്നീ വിദേശരാജ്യങ്ങളിലുള്ള ഡി-കമ്പനി അംഗങ്ങളും ഈ കൊലപാതകങ്ങളുടെ ഗൂഡാലോചനയില്‍ പങ്കാളികളാണെന്ന് പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി പി.ബി.ദേശായിയുടെ മുന്‍പില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
പെട്രോള്‍ ബോബ് കുപ്പികള്‍ എറിഞ്ഞ് ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കാനും, അതുവഴി മതവികാരങ്ങള്‍ ഇളക്കിവിടാനും അംഗങ്ങള്‍ക്ക് ഡി-കമ്പനി നിര്‍ദ്ദേശം നല്‍കിയിരുന്നതായി എന്‍ഐഎ പറയുന്നു. ഹവാലാ ഇടപാടുകള്‍ വഴിയാണ് കൊലപാതകം നടത്തിയവര്‍ക്ക് പ്രതിഫലം നല്‍കാനുള്ള തുക ഇന്ത്യയില്‍ എത്തിച്ചത്. ജാവേദ് ചിന്‍ക തന്നെയാണ് കൃത്യം നടത്താനുള്ള തോക്കുകള്‍ ഏര്‍പ്പാടാക്കിയത്. കൊലപാതകം നടത്തിയവര്‍ക്ക് 5-ലക്ഷം രൂപ പ്രതിഫലം നല്‍കിയതായും എന്‍ഐഎ റിപ്പോര്‍ട്ട് പറയുന്നു.
ജാവേദ് ചിന്‍ക ഇപ്പോള്‍ പാകിസ്ഥാനില്‍ ആണുള്ളത്. ജാവേദും, മുതിര്‍ന്ന ഡി-കമ്പനി അംഗമായ സാഹിദ് മിലനും ചേര്‍ന്നാണ് ആബിദ് പട്ടേലിനെ കൊലപാതകങ്ങള്‍ നടത്താനുള്ള തയാറെടുപ്പുകള്‍ക്ക് സഹായിച്ചത്. ആബിദ് ഉള്‍പ്പെടെ 12 പേര്‍ ഈ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലുണ്ട്.
Post Your Comments