കൊച്ചി: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. പലയിടത്തായി മുന്നൂറോളം പേരെ ചോദ്യംചെയ്‌തെങ്കിലും കൊലയാളിയെപ്പറ്റി വ്യക്തമായ വിവരങ്ങളില്ല. പന്ത്രണ്ടു പേര്‍ കസ്റ്റഡിയിലുള്ളതില്‍ നാലു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
അന്വേഷണത്തിന് സഹായകമായ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു ബീഡിക്കുറ്റി, ഒരു സിഗരറ്റ് ലാമ്പ്, ചോര പുരണ്ട ഒരു ചെരുപ്പ്, സ്റ്റീല്‍ കത്തി എന്നിവയാണു പോലീസിന്റെ പക്കല്‍ തെളിവായുള്ളത്. ഇതൊന്നും പ്രതിയെ കണ്ടെത്താന്‍ പോന്നവയെല്ലന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
പോലീസ് തയാറാക്കിയ പ്രതിയുടെ രേഖാചിത്രവും സംശയത്തിന്റെ വക്കിലാണ്. രേഖാചിത്രം തയാറാക്കിയത് അയല്‍വാസികളുടെ വിവരണത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് പോലീസ് ഭാഷ്യം. മതില്‍ ചാടിപ്പോയെന്നു പറയപ്പെടുന്ന ആള്‍ അന്യസംസ്ഥാനക്കാരനാണോ മലയാളിയാണോ എന്നു വ്യക്തമല്ല. ജിഷയുടെ മൃതദേഹം ചോരയില്‍ കുളിച്ചാണു കിടന്നിരുന്നതെങ്കിലും മതില്‍ ചാടിപ്പോയ ആളുടെ ദേഹത്ത് ചോര പുരണ്ടിരുന്നതായും സൂചനയില്ല. ഇയാളെ മുമ്പു കണ്ടിട്ടുണ്ടോ എന്നും സാക്ഷികള്‍ വ്യക്തമാക്കിയിട്ടില്ല. പിടിയിലായ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ ജിഷയുടെ അമ്മ രാജേശ്വരിയുടെ മുന്നിലെത്തിച്ചെങ്കിലും കേസിന് സഹായകമായ ഒരു വിവരവും ലഭിച്ചില്ല.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടികൂടിയ രണ്ട് അസം സ്വദേശികളേയും അയല്‍വാസികളേയും ചോദ്യം ചെയ്‌തെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ജിഷയുടെ വീട്ടിനു സമീപത്തു നിന്നു ലഭിച്ച ചെരുപ്പ് കേന്ദ്രീകരിച്ചാണ് ഇവരെ ചോദ്യം ചെയ്തത്. അയല്‍വാസിയുടെ ദേഹത്ത് നഖക്ഷതമുണ്ടെങ്കിലും അതു മല്‍പ്പിടിത്തത്തിനിടെ സംഭവിച്ചതാണെന്നതിനുള്ള തെളിവു ലഭിച്ചിട്ടില്ല. ഒരാള്‍ മതില്‍ ചാടി ഓടുന്നതു കണ്ടെന്നാണ് ആദ്യ അന്വേഷണത്തില്‍ അയല്‍വാസിയായ സ്ത്രീ പോലീസിനോടു പറഞ്ഞത്. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് തയാറാക്കിയ രേഖാചിത്രത്തിന് ഇപ്പോള്‍ പിടിയിലായ അയല്‍വാസിയുമായി സാമ്യമില്ലെന്നാണു വിവരം.
കൊലപാതകവുമായി ബന്ധപ്പെട്ട് ജിഷയുടെ സഹോദരീഭര്‍ത്താവ്, ഇയാളുടെ സുഹൃത്ത്, രണ്ട് അയല്‍വാസികള്‍, ഇതര സംസ്ഥാന തൊഴിലാളി എന്നിവരടക്കം പന്ത്രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ചോദ്യംചെയ്യുകയാണ്. ഇതിനിടെ ഇന്നലെ കൂടുതല്‍ തെളിവെടുപ്പിനായി ജിഷയുടെ വീട്ടിലെത്തിയ പോലീസ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞു.
കുറുപ്പംപടി കനാല്‍ പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത ചെറിയ വീട്ടില്‍ ഏപ്രില്‍ 28നാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ ആക്രമണത്തില്‍ ജിഷയുടെ കുടല്‍മാല പുറത്തുചാടിയിരുന്നിട്ടു കൂടി പോലീസ് നിസാരമായാണു കേസ് കൈകാര്യം ചെയ്തത്. തൊട്ടടുത്ത പറമ്പില്‍ ഉപേക്ഷിക്കപ്പെട്ടിരുന്ന ആയുധങ്ങള്‍ കണ്ടെടുക്കാന്‍ മൂന്നു ദിവസം വേണ്ടിവന്നു. കൊലപാതകം നടന്ന ഒറ്റമുറിവീടും പരിസരവും ബന്തവസിലാക്കിയില്ല. സംഭവമറിഞ്ഞെത്തുന്നവരെല്ലാം കയറിയിറങ്ങുന്നതു മൂലം തെളിവായേക്കുമായിരുന്ന പലതും ഇല്ലാതായി. പോലീസ് നായയെ എത്തിച്ചെങ്കിലും കാര്യമായ തെളിവൊന്നും കിട്ടിയില്ല.
പോസ്റ്റ്‌മോര്‍ട്ടം പരിശോധന അന്വേഷണത്തിന്റെ ഭാഗമാണെന്ന് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 174ാം വകുപ്പ് വ്യക്തമാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അതു നടക്കേണ്ടത്. അപ്പോള്‍ത്തന്നെ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും വേണം. ജിഷയുടെ കേസില്‍ ഇതൊന്നും ഉണ്ടായില്ല. ദളിത് വിഭാഗക്കാര്‍ കൊല്ലപ്പെട്ടാല്‍ ആര്‍.ഡി.ഒ, കലക്ടര്‍ എന്നിവരെ വിവരമറിയിക്കണമെന്ന ചട്ടവും ലംഘിക്കപ്പെട്ടു.
പോസ്റ്റ്‌മോര്‍ട്ടം ആലപ്പുഴ മെഡിക്കല്‍ കോളജിലെ പി.ജി. വിദ്യാര്‍ഥി നിര്‍വഹിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പീഡനം ഉള്‍പ്പെടുന്ന കൊലക്കേസുകളില്‍ ഡോക്ടര്‍മാരുടെ സംഘമോ പോലീസ് സര്‍ജന്റെ നേതൃത്വത്തിലോ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണു ചട്ടം. പ്രഫസര്‍, അസോഷ്യേറ്റ് പ്രഫസര്‍ തസ്തികകളില്‍ നാലു ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണ് തികഞ്ഞ അലംഭാവത്തോടെ പി.ജി. വിദ്യാര്‍ഥിയെ പോസ്റ്റ്‌മോര്‍ട്ടം ഏല്‍പ്പിച്ചത്.
Post Your Comments