പാലക്കാട്: നഗരത്തില്‍ പട്ടാപ്പകല്‍ ജുവലറിയില്‍നിന്ന് 55 പവന് കവര്‍ന്ന സംഭവത്തില്‍ പ്രതികളെ തേടി മഹാരാഷ്ട്രയിലെത്തിയ അന്വേഷണ സംഘം പ്രതികളിലൊരാളുടെ വീടു കണ്ടു ഞെട്ടി. ഗവ്റായ് മേഖലയിലെ സജ്ജയ നഗര്‍ എന്ന ചേരിപ്രദേശത്ത് തകരംകൊണ്ട് മറച്ചതും മേഞ്ഞതുമായ വീടുകള്‍ക്കിടയില്‍ തലയെടുത്തു നില്ക്കുന്ന ഇരുനില വീട് കേസിലെ മുഖ്യപ്രതികളിലൊരാളായ വൈശാലി ഷിന്‍ഡേ(30)യുടേതായിരുന്നു. 2,000 ചതുരശ്രഅടിയിലധികം വിസ്തീര്‍ണമുള്ള വീട്ടില്‍ നക്ഷത്രഹോട്ടലുകളിലേതുപോലുള്ള സൗകര്യത്തിലാണ് കിടപ്പുമുറി ഒരുക്കിയിരുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന പാത്രങ്ങള്‍ അടുക്കിവെച്ചിരുന്നു.
ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത പുതിയ വസ്ത്രങ്ങളുടെ വന്‍ശേഖരവും വീട്ടില്‍ ഉണ്ടായിരുന്നു. രണ്ടുകാറുകളും ഇവര്‍ക്കുണ്ട്. ഗവ്റായ് പോലീസിന്റെ സഹായത്തോടെ ഇവിടെ നടത്തിയ പരിശോധനയില്‍ ഒരു നാടന്‍ കൈത്തോക്കും രണ്ടുവാളും ഒരു കത്തിയും കണ്ടെടുത്തിരുന്നു. ഇവ ഗവ്റായ് പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കേസില്‍ വൈശാലിക്കു പുറമെ സുലോചന(70), രാഹുല്‍ ഷേരു ബോസ്ലെ(21) എന്നിവരെയും രണ്ടുപ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇനിയും രണ്ടുപേരെകൂടി പിടികൂടാനുണ്ട്. മഹാരാഷ്ട്രയില്‍ കാര്യമായ മോഷണങ്ങള്‍ക്ക് മുതിരാത്തതിനാല്‍ ഇവര്‍ മോഷണ സംഘങ്ങളാണെന്ന് വ്യക്തമായി അറിയുമെങ്കിലും അവിടത്തെ പോലീസ് കാര്യമായ നടപടികളെടുക്കാറില്ല. മോഷ്ടിച്ചു കൊണ്ടുവരുന്ന സ്വര്‍ണം മറിച്ചുവില്‍ക്കാന്‍ മാത്രമായി അവിടെ ചെറിയ സ്വര്‍ണക്കടകള്‍ നിരവധി പ്രവര്‍ത്തിക്കുന്നുണ്ട്. സംഭവദിവസം മോഷ്ടാക്കള്‍ സഞ്ചരിച്ച ഡസ്റ്റര്‍ കാറിനു പുറമെ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഇന്‍ഡിക്ക കാറും അതിര്‍ത്തി കടന്നത് ടോള്‍ ബൂത്തിലെ കാമറയില്‍ പതിഞ്ഞിരുന്നു. ഡസ്റ്റര്‍ കാര്‍ വാളയാറിലെ ടോള്‍ ബൂത്ത് കടന്നതിനു പിന്നാലെ മൂന്നു മിനുറ്റ് വ്യത്യാസത്തിലാണ് ഇന്‍ഡിക്ക പോയത്. ഇതേവണ്ടികള് ഒരു മിനുറ്റ് വ്യത്യാസത്തില്‍ സേലത്തെ ഒരു ടോള്‍ബൂത്തില്‍ ആറ്, ഏഴ് ലൈനുകളിലൂടെ പോയതും അന്വേഷണ സംഘം കണ്ടെത്തി.
നൂറുകിലോമീറ്റര്‍ കൂടി പിന്നിട്ടപ്പോള്‍ ഇരുവാഹനങ്ങളും തമ്മിലുള്ള സമയവ്യത്യാസം 45 മിനിട്ടായി. ഇന്‍ഡിക്ക കാര്‍ തൃശൂരില്‍നിന്നും പോയതാണെന്നും നാഗ്പൂര്‍ സ്വദേശിയുടേതാണെന്നും വ്യക്തമായതോടെ അന്വേഷണ സംഘം ഡസ്റ്റര്‍ കാറിനെ മാത്രം കേന്ദ്രീകരിച്ചു. ഈ കാര്‍ ഇനിയും കണ്ടെത്താനായിട്ടില്ല.
കാര്‍ ഓടിച്ചിരുന്ന ശ്യാമിനെയും സ്വര്‍ണമടങ്ങിയ പെട്ടി എടുത്ത ഹീനയെയുമാണ് ഇനി പിടികൂടാനുള്ളത്. ഹീനയുടെ പേരില്‍ ഏഴു കേസ് മഹാരാഷ്ട്രയിലുണ്ടെന്നാണ് വിവരം. രാഹുലിന്റെ പേരില്‍ വധശ്രമം ഉള്‍പ്പെടെ കേസുണ്ട്. വൈശാലിക്ക് ആന്ധ്രപ്രദേശ്, പഞ്ചാബ്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ കേസുണ്ട്.
Post Your Comments