കോട്ടയം: കുറിച്ചിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച അസം സ്വദേശിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ അന്‍പതിലേറെ പാടുകളുണ്ടെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നിലത്തിട്ടു വലിച്ചിഴച്ചതിന്റെയും പരുക്കുകള്‍ ശരീരത്തിലുണ്ടെന്നാണു സൂചന. ഇതുമൂലമുള്ള ആഘാതമാകാം മരണകാരണമെന്നാണു പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അസം സിസ്ബാഗര്‍ ജില്ലയിലെ കൈലാസ് ജ്യോതി ബഹറ(30)യാണ് കഴിഞ്ഞദിവസം കുറിച്ചി ചിറവുമുട്ടം ക്ഷേത്രത്തിനു സമീപം മരിച്ചത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് അക്രമാസക്തനായി നാലുവീടുകളില്‍ ഓടിക്കയറിയ ഇയാളെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി റോഡരികില്‍ കെട്ടിയിടുകയായിരുന്നു. വെയിലേറ്റു വഴിയില്‍ കിടന്നതും മര്‍ദനമേറ്റതുമാണ് മരണകാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. നിലത്തിട്ടു വലിച്ചിഴച്ചതുമൂലം ഉരഞ്ഞു തൊലി പോയരീതിയില്‍ ആഴം കുറഞ്ഞ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. രക്തം കട്ടപിടിച്ചുകിടക്കുന്ന ഭാഗങ്ങളിലെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവരുമ്ബോള്‍ മാത്രമേ കൃത്യമായ മരണകാരണം ലഭിക്കൂ എന്നു പൊലീസ് പറഞ്ഞു.
ഇതിനു രണ്ടുദിവസത്തോളം വേണ്ടിവരും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ തുടര്‍നടപടികളിലേക്കു പൊലീസ് കടക്കൂ. അസമിലെ ദിബ്രുഗഡുവില്‍നിന്നു കന്യാകുമാരിയിലേക്കുള്ള വിവേക് എക്സ്പ്രസില്‍ കഴിഞ്ഞദിവസമാണ് ജ്യോതിയും സുഹൃത്തുക്കളായ രൂപം ഗോഗോയിയും ഗോകുല്‍ ഗോഗോയിയും കോട്ടയത്ത് എത്തിയത്.
പൂവന്‍തുരുത്തിലെ വ്യവസായ മേഖലയില്‍ റബര്‍ മാറ്റ് കമ്ബനിയില്‍ ജോലി വാഗ്ദാനം ചെയ്ത മറ്റൊരു സുഹൃത്താണ് മൂന്നുപേരെയും ഇവിടേക്കു വിളിച്ചുവരുത്തിയത്. ഇയാളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. രൂപം ഗോഗോയിയോടാണു സംസാരിച്ചതെന്നും കൈലാസ് ജ്യോതിയുടെ വിവരങ്ങള്‍ അറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ട്രെയിന്‍ യാത്രയ്ക്കിടെ തുടര്‍ച്ചയായി അഞ്ചു ദിവസം മദ്യം ലഭിക്കാതെ വന്നതോടെ ജ്യോതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും സുഹൃത്തുക്കളുടെ മൊഴിയിലുണ്ട്. കൈലാസ് ജ്യോതിയുടെ തിരിച്ചറിയല്‍ രേഖകളും മറ്റും അടങ്ങിയ ബാഗ് കുറിച്ചി ഭാഗത്തെ ബഹളത്തിനിടയില്‍ നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. മരണവിവരം അറിഞ്ഞതോടെ അസമില്‍നിന്നു കൈലാസിന്റെ ബന്ധുക്കള്‍ കേരളത്തിലേക്കു തിരിച്ചിട്ടുണ്ട്.
ചങ്ങനാശേരി സിഐ: സക്കറിയ മാത്യു, എസ്‌ഐ: എം.എസ്. ഷിബു എന്നിവരുടെ നേതൃത്വത്തിലാണു കേസ് അന്വേഷിക്കുന്നത്. അസ്വാഭാവിക മരണത്തിനാണു നിലവില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
Post Your Comments