പെരുമ്പാവൂർ; സാംസ്കാരിക വിദൂഷകർക്ക് നാവിറങ്ങിയോ ?
കെവിഎസ് ഹരിദാസ്
കേരളം സ്ത്രീകൾക്ക് സ്വതന്ത്രമായി കഴിയാൻ പറ്റാത്ത പ്രദേശമായി മാറുകയാണോ എന്നചോദ്യമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പലരും ഉയർത്തിയത് . പെരുമ്പാവൂരിൽ ഒരു നിയമ വിദ്യാർഥിനി നിഷ്റൂരമായി കൊലചെയ്യപ്പെട്ട സാഹചര്യത്തിലാണ് അത്തരമൊരു ചിന്ത ഉടലെടുത്തത്. അതിനെ കുറച്ചു കാണേണ്ടതില്ല; അതെ സമയം ഇന്നിപ്പോൾ കേരളത്തിലെ അവസ്ഥയോർത്ത് വിഷമിക്കുന്നവർക്ക് കുറച്ചുനാൾ മുന്പുവരെ അതൊന്നുമല്ല തോന്നിയിരുന്നത്. അന്ന് ഇത്തരം ചില സംഭവങ്ങൾ ഉത്തരേന്ത്യയിൽ ഉണ്ടായപ്പോൾ, അതിനെ അസഹിഷ്ണുതയുടെ പ്രതിരൂപമായാണ് ചിത്രീകരിച്ചത്. എന്തായിരുന്നു അന്നിവിടെ കോലാഹലം. സംഭവം നടന്നു മിനിറ്റുകൾക്കകം യുപിയിലെ ഗ്രാമത്തിലും ഹരിയാനയിലെ ഉൾപ്രദേശത്തുമൊക്കെ ദൽഹിയിലെ മാധ്യമ തമ്പ്രാക്കൾ എത്തിച്ചേർന്നു …… ഒബി വാനുകളുമായി. എല്ലാവർക്കും. എല്ലാ ചാനലുകാർക്കും പത്ര പ്രതിനിധികൾക്കും, അന്ന് നാവിൽ ഒരേ വാക്ക്, ഒരേ ചിന്ത…….. അസഹിഷ്ണുത. രാഹുൽ ഗാന്ധി മുതൽ അരവിന്ദ് കേജ്രിവാൾ വരെ ഓടി എത്തി. സീതാറാം യെചൂരിമാരും ഡി രാജമാരും പിന്നിലാവാൻ പാടില്ലല്ലോ. സ്വന്തം കക്ഷിക്ക് ഒരാളെ പോലും കണ്ടെത്താൻ കഴിയാത്തവർ കോണ്ഗ്രസിന്റെ ചിലവിൽ എത്തിപ്പെടുകയായിരുന്നു. പിന്നീടങ്ങോട്ട് നടന്നതെല്ലാം ചരിത്രത്തിന്റെ ഭാഗം. സാഹിത്യകാരന്മാർ പുരസ്കാരങ്ങൾ മടക്കിനൽകുന്നു, അസഹിഷ്ണുത ഉയര്ത്തിക്കാട്ടി തെരുവിൽ പ്രതിഷേധം…..എന്തെല്ലാം. രാഹുൽ ഗാന്ധി അതൊക്കെ കണ്ടും കേട്ടും ദു:ഖിച്ചതിനു കയ്യും കണക്കുമില്ലെന്നാണ് കോൺഗ്രസുകാർ പറഞ്ഞിരുന്നത്. കാരണം ഒന്നേയുള്ളൂ; ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നു അത്. ആ വേളയിൽ ബിജെപിയെ പ്രതിക്കൂട്ടിലാക്കാൻ ഒരുക്കിയ പദ്ധതിയാണ് അതെല്ലാം. അവസാനം അന്വേഷണം നടന്നപ്പോൾ പ്രതിക്കൂട്ടിലായത് ആരാണ് എന്നത് നാമൊക്കെ കണ്ടു. ആം ആദ്മി പാർട്ടിക്കാരനും കോൺഗ്രസുകാരുമൊക്കെ. രാഷ്ട്രീയത്തിൽ ഒരുധാർമ്മികതയും വേണ്ട എന്ന് വിളിച്ചുകൂവുന്ന രാഹുലിനെപ്പോലുള്ളവരിൽ യെചൂരിമാരിൽ നിന്നും അതിലേറെയൊന്നും പ്രതീക്ഷിച്ചുകൂടാ. ബീഹാർ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അസഹിഷ്ണുത ഇല്ലാതായി എന്നതും നാം മറന്നുകൂടാ.
ഇതിപ്പോൾ ഓർമ്മിപ്പിക്കാൻ കാരണം കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നടന്ന പട്ടിക ജാതിക്കാരിയായ വിദ്യാർഥിനിയുടെ കൊലപാതകം സംബന്ധിച്ച ചിലരുടെ പ്രതികരണം തന്നെയാണ്. ഉത്തരേന്ത്യയിലെ ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ ‘മനസുനോന്ത് ‘ ‘അസഹിഷ്ണുതയിൽ വെന്തുരുകിയ’ ചില സാംസ്കാരിക നായകന്മാരും നായികമാരും ഈ വേളയിൽ പുലര്ത്തിയ നിലപാടിലെ കാര്യമായ വ്യത്യാസം കാണാതെ പോകാൻ കഴിയില്ല. ഒറ്റ വാക്കിൽ പറഞ്ഞാൽ തനി മൂന്നാം തരം നിലപാട്. അവിടെ മരിച്ചത്, അല്ല ക്രൂരമായി കൊലചെയ്യപ്പെട്ടത്, പട്ടികജാതിയിൽ പെട്ട ഒരു നിയമ വിദ്യാർഥിനി ആണ് എന്നത് അവർക്ക് പ്രശ്നമായി തോന്നിയില്ല. പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവർ കൊല ചെയ്യപ്പെടുന്നതും അപമാനിക്കപ്പെടുന്നതും ഇവിടെയാണെങ്കിൽ അതവർ കാണുന്നില്ല. അതിനെ രാഷ്ട്രീയ പ്രശ്നമാക്കരുത് എന്നാണ് ചില സാഹിത്യ മേഖലയിലെ വനിതകൾ മുതൽ രാഹുൽ ഗാന്ധിവരെ പറയുന്നത്. പാർലമെന്ററി ആണെങ്കിൽ അതിനെയൊക്കെ വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്നുതന്നെയല്ലേ വിശേഷിപ്പിക്കാൻ കഴിയുക?. കേരളം ഭരിക്കുന്നത് കോണ്ഗ്രസ് ആയതുകൊണ്ട് അവിടെ അസഹിഷ്ണുതക്ക് സാധ്യതയില്ല എന്നവർ സ്വയം തീരുമാനിച്ചുറയ്ക്കുന്നതാണ് അവിടെ കണ്ടത്. ആ സാഹിത്യകാരന്മാരുടെ പേരുകൾ ഞാൻ കുറിക്കേണ്ടതില്ല; കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്ന് പലവിധത്തിൽ കരസ്ഥമാക്കിയ പുരസ്കാരങ്ങൾ അസഹിഷ്ണുത കൊണ്ട് തിരിച്ചുനൽകാൻ ഓടി നടന്നവരാണ് അതിൽ പലരും. ഇന്നവർക്ക് കേരളത്തിലെ അക്കാദമികൾ നല്കിയ ഏതെങ്കിലും ചില്ലറ അവാർഡുകൾ തിരിച്ചു നല്കാൻ തോന്നിയിരുന്നുവെങ്കിൽ കുറച്ചെങ്കിലും ആത്മാർധന ഉണ്ടെന്നു കരുതാൻ കഴിയുമായിരുന്നു. നേരത്തെ അവാർഡുകൾ തിരികെ നൽകിയപ്പോൾ അതിനൊപ്പം കിട്ടിയ പണം കൊടുക്കാൻ മടിച്ചവർ കൂടിയാണ് ഇക്കൂട്ടര് എന്നതും സ്മരിക്കട്ടെ. പിന്നീട് ബീഹാർ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തിരികെ കൊടുത്തതെല്ലാം വീണ്ടും ഏറ്റുവാങ്ങി വീട്ടിൽ കൊണ്ടുവെക്കുകയും ചെയ്തവർ എന്നതുകൂടി പറഞ്ഞാലേ അത് പൂർത്തിയാവൂ . അവരെയോർത്ത് സാക്ഷര കേരളം, സാംസ്കാരിക കേരളം ഇന്ന് ലജ്ജിക്കുന്നുണ്ടാവും, തീർച്ച. മലയാളികൾക്ക് അപമാനമായി കഴിയുന്ന ഒരുകൂട്ടം സാംസ്കാരിക വിദൂഷകന്മാർ………………..
പെരുമ്പാവൂരിലെ ഇപ്പോഴത്തെ ഈ ഒരു സംഭവം മാത്രമല്ല അടുത്തകാലത്തായി കേരളത്തിൽ നടന്നത്. അത്തരം ഒട്ടനവധി സംഭവങ്ങളുണ്ട്. ഞാൻ സൂചിപ്പിക്കുന്നത് പട്ടികജാതിയിൽ പെട്ട , ആദിവാസി സമൂഹത്തിൽ പെട്ട ആൾക്കാർ അപമാനിക്കപ്പെട്ടതിന്റെയും ആക്രമിക്കപ്പെട്ടതിന്റെയും ചരിത്രത്തെക്കുറിച്ചാണ് . മുഴുവൻ സംഭവങ്ങളും ഓർമ്മയിലില്ല; കാരണം അത്രയേറെയുണ്ട് . എന്നാൽ നാട്ടിൽ,സമൂഹത്തിലും മാധ്യമങ്ങളിലും സജീവമായി ചർച്ചചെയ്യപ്പെട്ട കുറച്ചു സംഭവങ്ങൾ ആർക്കാണ് വിസ്മരിക്കാൻ കഴിയുക…….?. കോട്ടയത്തെ എം ജി സർവകലാശാലയിൽ നിന്ന് തുടങ്ങാമെന്ന് തോന്നുന്നു. അവിടെ ഒരു വിദ്യാർഥിനി ഉന്നയിച്ച പരാതി നാമൊക്കെ കണ്ടതാണ്. അതും പട്ടികജാതി വിദ്യാർഥിനി. അതിനു പിന്നിൽ ആരായിരുന്നു എന്നതും ഓർക്കേണ്ടതുണ്ട് …….. അവരുടെ പരാതിയിൽ പരാമര്ശിക്കപ്പെട്ടത് ഇടതു വിദ്യാർഥി പ്രസ്ഥാനമായ എസ് എഫ് ഐ ആണല്ലോ. ഉന്നത വിദ്യാഭ്യാസമുള്ള പെൺകുട്ടിയാണ് അവിടെയും അപമാനിക്കപ്പെട്ടത്. അത് കൊലപാതകമോ മറ്റോ ആയില്ലെങ്കിലും ആ പട്ടികജാതി വിദ്യാർഥിനി അനുഭവിച്ച പീഡനങ്ങൾ ചെറുതായിരുന്നില്ല. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നു എന്ത് നടപടിയാണ് യഥാസമയത്ത് ഉണ്ടായത്?. ആ വിദ്യാര്ധിനിയെ അധിക്ഷേപിക്കാനാണ് ഇടതു വിദ്യാര്ഥി സംഘടന തയ്യാറായത്. അടൂരിൽ രണ്ടു കുട്ടികളെ കെട്ടിയിട്ടു പീഡിപ്പിക്കപ്പെട്ട സംഭവം നാമൊക്കെ മറന്നുവോ?. അത് രണ്ടും പട്ടികജാതിക്കാരായ കുട്ടികളായിരുന്നു . അതിനുപിന്നിൽ കേരളത്തിലെ മുഖ്യ ഭരണ- പ്രതിപക്ഷ കക്ഷിക്കാരുണ്ടായിരുന്നു. അതിലൊരു പ്രതി നമ്മുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു നേതാവിനൊപ്പം ആർത്തുല്ലസിച്ച് നടക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതാണ്. ഒരു ചന്ദ്രലേഖയുടെ കഥയും ഇതിനിടയിൽ നാമൊക്കെ കേട്ടു; കണ്ണൂരിൽ നിന്ന്. ആരായിരുന്നു അതിനുപിന്നിൽ എന്നതും പിന്നീട് കണ്ടു……സാക്ഷാൽ യെച്ചൂരി സഖാവിന്റെ കക്ഷി തന്നെ. സമൂഹ മാധ്യമങ്ങളിൽ അതൊക്കെ ചർച്ച ചെയ്യപ്പെട്ടതാണ്. കണ്ണൂരിൽ തന്നെ പട്ടിക വർഗ വിഭാഗത്തിൽ പെട്ട ഒരു കൊച്ചു പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവവും നമ്മുടെ മുന്നിലുണ്ട്; പേരാവൂരിൽ ആയിരുന്നു അത് …………….. അതും ഭക്ഷണം കഴിക്കാനില്ലാതെ . ദൈവത്തിന്റെ സ്വന്തം നാടിന്റെ കഥയാണത്. ആറ്റിങ്ങലിൽ കൂട്ട ബലാൽസംഗം നടന്നതും അത്ര പഴയ സംഭവമല്ല. അവിടെയും പീഡനം ഏറ്റുവാങ്ങിയത് പട്ടികജാതിക്കാരിയാണ് .
മറ്റൊന്ന് നാമൊക്കെ കാണാതെ പോയ്ക്കൂടാത്തത് തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ നടന്ന സംഭവമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നായിത്തീരേണ്ട അവിടെയും പീഡിപ്പിക്കപ്പെട്ടത് പട്ടികജാതിയിൽ പെട്ട ഒരു വിദ്യാർഥിനി. അവിടെ നാം കണ്ടതും ഒരു തരം ഭരണപക്ഷ ഭീകരതയാണ്. യുഡി എഫ് ഭരണകൂടത്തിന്റെ പട്ടികജാതി വിരുദ്ധ മനോഭാവത്തിന്റെ ആവിഷ്കാരം. എന്നാൽ അവിടെ കണ്ട ഒരു പ്രത്യേകത, അതിനു പിന്നിൽ ഉണ്ടായിരുന്നത് എസ് എഫ് ഐ ആണ് എന്നതാണ്. അന്നവിടെ ആ പട്ടികജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടിയുടെ അഭിമാനത്തിനു ക്ഷതമേൽപ്പിച്ചവരെ രക്ഷിക്കാനും സംരക്ഷിക്കാനും ഇടതു-വലതു പാർട്ടികൾ ഒന്നിച്ചുണ്ടായിരുന്നു. ഭരണതലത്തിലെ സംരക്ഷണം വേറെയും. അവിടെ നടന്ന ഇത്തരം പ്രശ്നങ്ങൾ സമൂഹമദ്ധ്യേ ഉയർത്തിയതും ഉന്നയിച്ചതും ബിജെപിയും എ ബി വിപിയുമൊക്കെയാണ്. എന്നാൽ അപ്പോഴും ആ നീക്കങ്ങളെ പരാജയപ്പെടുത്താൻ യുഡി എഫും ഇടതുപക്ഷക്കാരും ഒന്നിച്ചു നീങ്ങുകയായിരുന്നു. അവിടെ പഠിക്കുന്ന പട്ടിക ജാതി- വർഗ വിധ്യാര്ധികൾക്ക് സ്റ്റൈപെന്റ് പോലും കിട്ടുന്നില്ലായിരുന്നു. കോണ്ഗ്രസ് മുന്നണി ഭരണത്തിന്റെ സവിശേഷത. അത് വേണമെന്ന് കാണിച്ചു സമരം ചെയ്തവരെ തച്ചു തകർക്കാൻ എസ് എഫ് ഐയും കോണ്ഗ്രസ് ഭരണകൂടത്തിന്റെ പോലീസും കൈകൊർത്തതും തൃപ്പുണിത്തുറ നിവാസികൾ കണ്ടതാണ്. അന്നൊന്നും പലരുടെയും മനസ്സിൽ വിഷമമേ ഉണ്ടായില്ല; രോഷം അണപൊട്ടിയില്ല; സാംസ്കാരിക നായകന്മാർ കണ്ടതായി നടിച്ചില്ല. ഭിക്ഷാം ദേഹികളെന്ന് ആരെങ്കിലും ഈ സ്വയം പ്രഖ്യാപിത സാംസ്കാരിക നായകന്മാരെ വിളിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?. കഴിഞ്ഞില്ല; പാലക്കാട് വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഡോ. ടി എൻ സരസുവിന് അടുത്തിടെ എസ് എഫ് ഐക്കാർ നല്കിയ യാത്രയയപ്പാണ് മറ്റൊന്ന്. സുവോളജി പ്രോഫെസർ ആയിരുന്നു പി എച് ഡി നേടിയ ആ പട്ടികജാതിക്കാരി. 27 വർഷം അവർ അധ്യാപിക എന്നനിലക്കുള്ള മികവു കാണിച്ചു. അതുകഴിഞ്ഞ് പടിയിറങ്ങുമ്പോൾ ഒരു സ്മശാനം തീർത്ത് ആ മഹതിയെ യാത്രയയക്കാൻ സഖക്കളായ വിധ്യാർധികൾ തയ്യാറായി. അത് ദേശവ്യാപകമായി ചർച്ചചെയ്യപ്പെട്ടതാണ് . 127 വര്ഷത്തെ പാരമ്പര്യമുള്ള കോളേജ് ആണ് വിക്ടോറിയ. കേരളം കണ്ട അല്ല രാജ്യം കണ്ട അനവധി പ്രഗൽഭർ അവിടെ പഠിച്ചിറങ്ങിയിട്ടുണ്ട് . ടി എൻ ശേഷൻ , ഇ ശ്രീധരൻ, ഇ എം എസ് നമ്പൂതിരിപ്പാട്, ഓ രാജഗോപാൽ, ഒവി വിജയൻ തുടങ്ങിയവർ അതിൽപ്പെടും. അത്രമാത്രം ചരിത്ര പാരമ്പര്യമുള്ള ഒരു കലാലയത്തിൽ സ്തുത്യർഹമായ സേവനം നടത്തിയ ഒരാളെയാണ് അപമാനിച്ചു അധിക്ഷേപിച്ച് പറഞ്ഞയച്ചത്; അതും പട്ടികജാതിക്കാരിയെ. അതിനോട് സാംസ്കാരിക കേരളം പ്രതികരിച്ചോ; ഇല്ലതന്നെ. ബീഹാർ തിരഞ്ഞെടുപ്പ് കാലത്ത് പുരസ്കാരം തിരികെ നല്കാനും കയ്യിൽ കിട്ടിയത് വാങ്ങി പോക്കറ്റിലിടാനും നെറ്റൊട്ടമോടിയ സാംസ്കാരിക ഭിക്ഷാംദേഹികൾ ഇതൊന്നും കണ്ടില്ല, അല്ലെങ്കിൽ കണ്ടതായി നടിച്ചില്ല. ദൗർഭാഗ്യമെന്നു പറയട്ടെ, എം എ ബേബിയെപ്പോലുള്ള ഒരു മുതിർന്ന സിപിഎം നേതാവ് അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് കാണുകയും ചെയ്തു. പണ്ട് ചുംബന സമരവുമായി സിപിഎമ്മിലെ യുവാക്കൾ ആഭാസകരമായി തെരുവിലിറങ്ങിയപ്പോൾ ശാസിക്കാൻ പിണറായി വിജയൻ തയ്യാറായിരുന്നു. അത് ഇക്കാര്യത്തിലും ഉണ്ടായെങ്കിൽ ആ കക്ഷിയുടെ നിലവാരം എത്രയോ ഉയരുമായിരുന്നു.
സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ മാത്രമല്ല അതിനെ സാധൂകരിക്കുന്ന, രാഷ്ട്രീയവും കൊടിയടയാളവും നോക്കി ന്യായീകരിക്കുന്ന ഇത്തരം പ്രവർത്തികളും സമൂഹം ശ്രദ്ധയോടെ കാണുന്നുണ്ട്. ഒരു പക്ഷെ കേരളത്തിലെ മുൻ നിര മാധ്യമങ്ങൾ, ഇലക്ട്രോണിക് മീഡിയയും പത്രങ്ങളും അതിനെ അവഗണിക്കാൻ ശ്രമിക്കുന്നെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇതൊക്കെ സജീവമായി വിശകലനം നടത്തുന്നുണ്ട്; ചർച്ച ചെയ്യുന്നുണ്ട്. അതുതന്നെയാണ് ഇന്നിപ്പോൾ പിന്നാക്ക- പട്ടികജാതി- വർഗ മേഖലയിൽ കാണുന്ന വലിയ മാറ്റം. കോണ്ഗ്രസും ഇടതു പക്ഷവും ആഗ്രഹിക്കുന്ന മട്ടിലല്ല അവിടെ ഉണ്ടാവുന്ന മാറ്റങ്ങൾ എന്നതും പറയാതെ പോകാനാവില്ല. ബിഡി ജെ എസ് എന്ന ഒരു പുതിയ രാഷ്ട്രീയ കക്ഷി കേരള സമൂഹത്തിലുണ്ടാക്കിയിട്ടുള്ള ചലനങ്ങൾ മറ്റെന്താണ് കാണിക്കുന്നത്?. കെ പി എം എസ് മുതൽ യോഗക്ഷേമ സഭ വരെ അതിലിന്ന് സജീവമാണ്. നായാടി മുതൽ നമ്പൂതിരി വരെ എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് ഇവിടെ സാധൂകരിക്കപ്പെട്ടിരിക്കുന്നു. അതിനൊപ്പമാണ് സികെ ജാനുവിനെപ്പോലെ ആദിവാസി മേഖലയിൽ കുറെയേറെ വർഷമായി പ്രവർത്തിക്കുന്ന നേതാവിന്റെ നീകാങ്ങൾ. ജാനുവും ഇത്തവണ ഇടതു-വലതു പക്ഷങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞുകൊണ്ട് ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എയുടെ ഭാഗമായിരിക്കുന്നു. ജാനു ഒരു വെറുമൊരു വ്യക്തിയല്ല; ഒരു സമൂഹത്തിന്റെ പ്രതീകമാണ് എന്നത് ഇടതു പക്ഷത്തിനറിയാം. അതാണല്ലോ അവരെ അധിക്ഷേപിക്കാൻ കേരള രാഷ്ട്രീയത്തിലെ മുതിർന്ന വ്യക്തിത്വങ്ങൾ തെരുവിലിറങ്ങിയതും ലേഖനങ്ങൾ എഴുതിയതും. ആദിവാസികൾക്കിടയിൽ നിലവിലുള്ള വികാരവും ചിന്തയുമൊക്കെയാണ് ജാനുവിലൂടെ നാമൊക്കെ തിരിച്ചറിയുന്നത് .
കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ മലയാളം ചാനൽ ആദിവാസി- പിന്നാക്ക മേഖലയിലെ ആക്ടിവിസ്റ്റുകളെ അണിനിരത്തിക്കൊണ്ട് ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു. അതിൽ പങ്കെടുത്ത ഒറ്റെല്ലാവരും കഴിഞ്ഞകാലത്ത് ഇടതു സഹയാത്രികർ ആയിരുന്നു. എന്നാൽ ഇത്തവണ ചർച്ചയിൽ അവരെല്ലാം ഊന്നിപ്പറഞ്ഞ കാര്യം പിന്നാക്ക -പട്ടികജാതി-വർഗ മേഖലയിലെ ജനങ്ങൾ ഇടതു-വലതു ഭരണത്തിൻ കീഴിൽ അവഗണിക്കപ്പെട്ടതിന്റെ കഥകളാണ്. ഇന്നവർക്കു മുന്നില് പുതിയ ചില വാതായനങ്ങൾ തുറന്നുകിടക്കുന്നുവെന്നും അവിടേക്ക് അവർ കടന്നുചെല്ലുന്നുവെന്നും ചിലരെല്ലാം വിലയിരുത്തുന്നത് കണ്ടു. ടി വി ചർച്ചകളിൽ സാധാരണ സജീവമായി പങ്കെടുക്കാറുള്ള, സംഘ പരിവാർ ലൈനിനെ വിമർശിക്കാൻ അതീവ താല്പര്യം കാണിക്കാറുള്ള ധന്യ രാമനെപ്പോലുള്ളവർ പോലും അങ്ങിനെ ചിന്തിക്കുന്നു എന്നത് വലിയ മാറ്റമാണ്. സികെ ജാനു ബിജെപി നേതൃത്വം നല്കുന്ന മുന്നണിയുടെ സ്ഥാനാർഥിയായതിനെ ഒരുവിധത്തിൽ ന്യായീകരിക്കാൻ അവര് തയ്യാറായി. മാത്രമല്ല, തൻ അടുത്തിടെ അട്ടപ്പാടിയിൽ ചെന്നപ്പോൾ അവിടത്തെ ആദിവാസി വീടുകളിലെല്ലാം ഇന്നിപ്പോൾ ബിജെപിയുടെ പോസ്ടറും കൊടിതോരണങ്ങളും കണ്ടു എന്നും സാക്ഷ്യപ്പെടുത്തി. നമ്മുടെ വനവാസി ഊരുകളിൽ കാണുന്ന മാറ്റമാണ് അതിലൂടെ പ്രകടമാവുന്നത്. കേരളത്തിലെ ഇടതു -വലതു മുന്നണികളും അവരെ ചുറ്റിപ്പറ്റി കഴിയുന്ന സ്വയം പ്രഖ്യാപിത സാസ്കാരിക നായകന്മാരുമൊക്കെ ചെയ്തുകൂട്ടുന്ന കൊല്ലാക്കൊലകളും അധമ ചിന്തകളും പ്രവർത്തനങ്ങളും തിരിച്ചറിയാൻ ആദിവാസി സമൂഹവും പട്ടികജാതി വിഭാഗങ്ങളും തയ്യാറായിരിക്കുന്നു എന്നല്ലേ ഇതിൽനിന്നും മനസിലാക്കേണ്ടത്?. അതുകൊണ്ട് തന്നെ ഇത്തവണ ഈ തിരഞ്ഞെടുപ്പിന് മുൻപ് എന്തെങ്കിലും കടുംകൈ ചെയ്യാൻ ഇടതു-വലതു മുന്നണികൾ തയ്യാറായിക്കൂടായ്കയില്ല. നിലനില്പ്പിന്റെ പ്രശ്നമായി മാറുമ്പോൾ രണ്ടുകൂട്ടരും പലതും ചെയ്യുന്നത് നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണല്ലോ. അത് കേരള സമൂഹം കാതോർത്തിരിക്കണം എന്ന് തോന്നുന്നു. പെരുമ്പാവൂരിലെ പെൺകുട്ടിയുടെ നിഷ്ഠൂര കൊലപാതകം കേരള സമൂഹത്തിൽ വരുത്താൻ പോകുന്ന മാറ്റവും കാത്തിരുന്നു കാണേണ്ടത് തന്നെ.
പെരുമ്പാവൂർ സംഭവമുണ്ടാക്കിയ ഞെട്ടൽ മാറുന്നതിനു മുന്പായി തിരുവനന്തപുരത്തിനു സമീപം വർക്കലയിൽ ഒരു പെൺകുട്ടി മൃഗീയമായി പീഡിപ്പിക്കപ്പെട്ടത്തിന്റെ വാർത്ത നമ്മുടെ മുന്നിലെത്തിയത്. അവിടെയും പീഡി പ്പിക്കപ്പെട്ടത് പട്ടികജാതിക്കാരിയായ പെൺകുട്ടിയാണ്. എന്താണ് നമ്മുടെ നാട്ടിൽ നടക്കുന്നത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു.
Post Your Comments