KeralaNews

ജിഷയുടെ അതിക്രൂരമായ കൊലപാതകം: പ്രതിഷേധകടലായി ജനരോഷം നിശബ്ധമായ മാധ്യമങ്ങള്‍ക്കെതിരെ നിസികാന്ത് ഗോപിയുടെ ഒരു തുറന്ന കത്ത് മാധ്യമങ്ങളുടെ കപടതയും പക്ഷപാതകച്ചവട നിലപാടിനെയും വെല്ലുവിളിച്ച്

കേരളത്തിലെ പ്രമുഖചാനലിലെ പ്രഗത്ഭരായ വാർത്താ അവതാരകരോട്…

നിങ്ങളാണല്ലോ എല്ലാ വാർത്തകളും ചൂടോടെ ജനങ്ങൾക്കു മുൻപിൽ ആദ്യം എത്തിക്കുന്നതെന്ന് അവകാശപ്പെടുന്നതും അത് എക്സ്ക്ലൂസീവായി അറിയിച്ചുകൊണ്ടിരിക്കുന്നതും. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി പെരുമ്പാവൂരിൽ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ വാർത്തയും നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമെന്നു കരുതുന്നു. ഇത്രയും നിഷ്ഠൂരമായ ഒരു കൊലപാതകം നിങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്, ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വാർത്തയാകുംവരെ. നാട്ടിലെ അഴിമതിയെക്കുറിച്ചും അക്രമത്തെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കുകയും രാഷ്ട്രീയക്കാരെ ചോദ്യങ്ങളിൽ കൊരുത്ത് അമ്മാനമാടുകയും ചെയ്യുന്ന ആദർശധീരരും ഉന്നതമായ മാദ്ധ്യമബോധത്തിന്റെ പ്രവാചകരുമൊക്കെയായ നിങ്ങൾ ഈ വാർത്ത എന്തുകൊണ്ടാണ് ജനങ്ങളുടെ മുൻപിലേക്ക് എത്തിക്കാതിരുന്നത്? വാർത്തകളിലെ സെൻസേഷൻ മുഖം നോക്കി റിപ്പോർട്ടുചെയ്യുന്നത് നല്ല മാദ്ധ്യമധർമ്മമാണോ? എല്ലാവരേയും വിചാരണചെയ്യുന്ന നിങ്ങൾ സ്വയം ഒരു വിമർശനത്തിനു വിധേയരാവുകയല്ലേ ആദ്യം വേണ്ടത്? നിങ്ങളും നിങ്ങളുടെ ഡെസ്കും തീരുമാനിക്കുന്ന വിഷയങ്ങൾ മാത്രം ജനത അറിഞ്ഞാൽ മതിയെന്നാണോ? എങ്കിൽ അതിനെ കപട ആദർശമെന്നല്ലേ വിളിക്കേണ്ടത്?

നിങ്ങളുടെ ഉത്തരവാദിത്തവും സമൂഹത്തോടുള്ള പ്രതിബദ്ധതയും വെറും പൊള്ളയാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഇതൊക്കെക്കണ്ടും കേട്ടും കൊണ്ടിരിക്കുന്ന പൊതുജനങ്ങൾ ‘വെറും’ കഴുതകളല്ലെന്ന് മനസ്സിലാക്കുന്നത് നല്ലത്. നിങ്ങളുടെയൊന്നും സഹായമില്ലാതെ പൊതുജനങ്ങൾ വിഷയം ഏറ്റെടുത്തപ്പോൾ മാത്രമാണ് നിങ്ങൾ ഒരു രണ്ടുവരി വാർത്ത കൊടുക്കാൻ തയ്യാറായത്. നാട്ടിൽ നടന്ന ബഹുജനപ്രക്ഷോഭങ്ങളൊന്നും തന്നെ നിങ്ങളുടെ ചാനലിലെ വാർത്തകണ്ടല്ല നടന്നതെന്ന് മനസ്സിലാക്കിയാൽ കൊള്ളാം. മുട്ടനാടുകളുടെ പോരുകണ്ടുകൊണ്ടിരിക്കുന്ന കുറുക്കന്മാരുടെ റോളാണ് നിങ്ങൾക്കുള്ളത്! ജനങ്ങൾക്ക് സംഘടിക്കുവാനും പ്രതിഷേധിക്കുവാനും നിങ്ങളുടെയൊന്നും സഹായമേ ആവശ്യമില്ലെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടായാൽ നല്ലത്. ഇന്നാണ് നാട്ടിലെ മുഖ്യൻ പോലും ഇതിനെതിരേയൊന്ന് പ്രതികരിച്ചുകണ്ടത്! അടുത്തവട്ടവും നിർഭയകേരളത്തെ നയിക്കാനുള്ള ഓട്ടത്തിലാണദ്ദേഹം, കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സത്യത്തിൽ നിങ്ങളും കപട രാഷ്ട്രീയക്കാരും തമ്മിൽ ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല. രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ തന്നെ…!

ലജ്ജയുണ്ട് കേട്ടോ, നിങ്ങളെക്കുറിച്ചോർത്ത്…!!! നാളെയും ദില്ലിയിലും കൽക്കത്തയിലുമൊക്കെ നടക്കുന്ന ക്രൂരതകളെക്കുറിച്ച് നിങ്ങൾക്ക് ഉളുപ്പില്ലാതെ കാമറയ്ക്കു മുന്നിൽ വന്ന് ‘നിർഭയ’മായി ഛർദ്ദിക്കാനുള്ള ശക്തിയും ധൈര്യവും ഉണ്ടാകട്ടെയെന്ന് ആശംസിച്ചുകൊണ്ട്… ഗ്വാഗ്വാ വിളികൾ കൊണ്ട് കേരളജനതയുടെ ഭവനങ്ങൾ തുടർന്നും കലാപപൂരിതമാക്കാൻ നിങ്ങൾക്ക് ഓജസ്സും തേജസ്സും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്… ഇത്രയും പറഞ്ഞില്ലെങ്കിൽ മനഃസാക്ഷിക്കുമുൻപിൽ അതൊരു വലിയ തെറ്റായിപ്പോകുമെന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട്…

“കേരളം സുന്ദരമാണ്… സുരക്ഷിതമാണ്.. സാക്ഷരമാണ്.. നിർഭയവുമാണ്…..!!!”

shortlink

Related Articles

Post Your Comments

Related Articles


Back to top button