പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ് വിശദമാക്കുന്നതിങ്ങനെ
ഓഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്ടർ ഇടപാട് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന് കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണിയെ സംബന്ധിച്ചിടത്തോളം നിർണായകമാവുകയാണ്. 3600 കോടിയുടെ ഈ ഇടപാടിലെ വലിയ ക്രമക്കേടുകളിൽ നിന്ന് ആന്റണിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് തെളിയിക്കുന്ന രേഖകൾ കേന്ദ്ര സർക്കാരിന്റെ പക്കലുണ്ട് എന്നാണ് അതുസംബന്ധിച്ച വൃത്തങ്ങൾ നല്‍കുന്ന സൂചന. ഇന്ന് തന്നെ ഒരു പ്രമുഖ ഇംഗ്ലീഷ് ചാനൽ പുറത്തുവിട്ട രേഖ ആന്റണിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്തുവരാൻ 96 മണിക്കൂർ അവശേഷിക്കെ മാത്രമാണ് ഈ ഹെലികോപ്ടർ ഇടപാടുമായി ബന്ധപ്പെട്ട കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ ആന്റണി നിർദ്ദേശം നല്‍കിയത് എന്നതാണത് . അതായത് വീണ്ടും അധികാരത്തിലെത്തില്ല എന്ന് ഏറെക്കുറെ തീർച്ചയായ ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ നടപടിയെടുക്കുന്നതിനെ കുറിച്ച് സോണിയയും മൻമോഹൻ സിങ്ങും ചിന്തിച്ചത്. അതും തിരഞ്ഞെടുപ്പിൽ തോറ്റ് അധികാരമൊഴിയാൻ വെറും മൂന്നു നാൾ ബാക്കിനിൽക്കെ. അത് സംബന്ധിച്ച ഫയൽ അണ്ടർ സെക്രട്ടറിയിൽ ഉടലെടുത്തു; അത് അന്നേദിവസം തന്നെ പ്രതിരോധവകുപ്പിലെ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ ജനറൽ ( അക്വിസിഷൻ), പ്രതിരോധ സെക്രട്ടറി എന്നിവർ കണ്ടു അംഗീകരിച്ചു. അവസാനം അന്നുതന്നെ അത് പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ കയ്യിലുമെത്തി. മിന്നൽ വേഗത്തിൽ മുന്‍പെങ്ങും കാണാത്തവിധം എല്ലാം നടന്നു. എന്നിട്ട് കോൺഗ്രസുകാർ ദൽഹിയിലും മറ്റും വിളിച്ചുകൂവുന്നത് എന്താണ്?. തങ്ങളാണ് ഓഗസ്റ്റ വെസ്റ്റ് ലാൻഡ് കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തത് എന്നാണ്. ആന്റണിയും അത് ആദ്യമൊക്കെ പാടിനടന്നത് നാം കണ്ടുവല്ലോ. കള്ളപ്രചരണം നടത്താൻ കോൺഗ്രസുകാർക്ക് ലവലേശം മടിയില്ല എന്നല്ലേ അതൊക്കെ കാണിക്കുന്നത്. കേരളത്തിലെത്തി ബിജെപിക്കെതിരെ ആഞ്ഞടിക്കാനും ബിജെപി ജയിച്ചാൽ കേരളത്തിൽ മുഴുവൻ പ്രശ്നങ്ങളാവും, കേരളം നശിക്കും എന്നെല്ലാം നടന്നു വിളിച്ചുകൂവാനും എ കെ ആന്റണിയെ നിർബന്ധിതമാക്കിയത് ഈ പ്രശ്നങ്ങൾ വെളിച്ചം കാണുന്നു എന്ന ആശങ്ക കൊണ്ടാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. കേരളത്തിൽ യുഡിഎഫിന്റെ പ്രചാരണത്തിനു നേതൃത്വം നൽകാൻ ഡൽഹിയിൽ നിന്നുമെത്തിയ ആന്റണി ഇന്ന് പെട്ടെന്ന് ഡൽഹിക്ക് വിമാനം കയറിയതും എന്തുകൊണ്ടാവാം എന്നത് ചിന്തിക്കാവുന്നതേയുള്ളൂ. ഇത്തവണ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പക്ഷെ ഏറ്റവുമധികം സജീവമായി ചർച്ച ചെയ്യാൻ പോകുന്നത് ആന്റണിയുടെ ഈ റോൾ തന്നെയായിക്കൂടായ്കയില്ല. ഹെലികോപ്ടർ ഇടപാട് സംബന്ധിച്ച് സംബന്ധിച്ച ചർച്ച നാളെ ( ബുധനാഴ്ച) ലോകസഭയിൽ നടക്കാനിരിക്കുകയാണല്ലോ.
3,600 കോടിയുടെ ഈ ഹെലികോപ്ടർ ഇടപാടിൽ കോഴ ഇടപാട് നടന്നിട്ടുണ്ട് എന്നത് വളരെ നേരത്തെ തന്നെ എ കെ ആന്റണി സമ്മതിച്ചതാണ്. 2012- ൽ ആണത്. ഇടപാടിൽ ക്രമക്കേട് നടന്നു എന്ന് ആന്റണി പരസ്യമായി പത്രക്കാരോട് പറഞ്ഞത് 2013 മാർച്ച് 25 ന് . അഴിമതി നടന്നു എന്ന സൂചനതന്നെയാണ് അന്ന് അദ്ദേഹം നല്കിയത്. അതേവർഷം സിബിഐ ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. എയർ ചീഫ് മാർഷൽ ആയിരുന്ന എസ് പി ത്യാഗി അടക്കം 11 പേരെ പ്രതികളായി എഫ് ഐ ആറിൽ സൂചിപ്പിച്ചിരുന്നു. 2013 മാർച്ചിൽ അവർ കോടതിയിൽ എഫ് ഐ ആറും സമർപ്പിച്ചു. ഒരു മുൻ കേന്ദ്ര മന്ത്രിയും കോണ്ഗ്രസ് നേതാവുമായ സന്തോഷ് ബർഗൊദിയയും ആ എഫ് ഐ ആറിലുണ്ട്. അതൊക്കെ അറിയാവുന്ന ആന്റണി എന്തുകൊണ്ട് ഓഗസ്റ്റ വെസ്റ്റ് ലാന്‍ഡിനെ കരിമ്പട്ടികയിൽ പെടുത്താൻ ശ്രമിച്ചില്ല. എന്താണ് അതിനു തടസമായി നിന്നത്?. പിന്നെ എന്തിനു ഏറ്റവുമൊടുവിൽ അതിനു തിരക്കിട്ട് നിർദ്ദേശം നല്കി?. എ കെ ആന്റണിയുടെ പിന്നാലെ എത്തുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടിയില്ല എന്നതാണ് വസ്തുത.
അത് മാത്രമല്ല എ കെ ആന്റണി ചെയ്തത്. യുപി എ സർക്കാരിൽ പത്തുവർഷം അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നുവല്ലോ. അതിനുള്ളിലാണ് ഈ ഇടപാട് സംബന്ധിച്ച കൂടിയാലോചന നടന്നതും ഇടപാട് നടന്നതും. ഇതിന്റെ ആദ്യ തീരുമാനം 2010-ലാണ് . അന്നാണ് പന്ത്രണ്ടു ഹെലികോപ്ടറുകൾ വാങ്ങാൻ മൻമോഹൻ സിംഗ് ഒപ്പിട്ടു ഉത്തരവ് ഇറങ്ങുന്നത്. അതുകഴിഞ്ഞ് അതുസംബന്ധിച്ച ചർച്ചകൾ നടന്നു. അവസാനം ഓർഡർ ഓഗസ്റ്റക്ക് നല്കാനായി ഹെലികോപ്ടറിന്റെ മാതൃകയിലും അതിന്റെ സംവിധാനങ്ങളിലും ഒക്കെ മാറ്റം വരുത്തി. അതായത് 2010-ൽ പ്രധാനമന്ത്രി വാങ്ങാൻ നിർദ്ദേശിക്കുമ്പോൾ നിശ്ചയിച്ചിരുന്ന സ്പെസിഫിക്കേഷനുകൾ മാറി മറിഞ്ഞു. അതായത്, അതിനേക്കാൾ മോശമായ കണ്ടിഷൻ ഉള്ളവയാണ് അവസാനം വാങ്ങാൻ തീരുമാനിച്ചത്. അതിനു ആരാണ് താല്പര്യം എടുത്തത്? അതിൽ പ്രതിരോധ മന്ത്രി എന്താണ് നിലപാട് എടുത്തത്?. ഉദാഹരണം പറയാം. എത്ര ഉയരത്തിൽ പറക്കുന്നതാവണം പുതിയ ഹെലികോപ്ടർ എന്നത് വ്യവസ്ഥയുണ്ടായിരുന്നു. അതിനനുസൃതമായ ഹെലികോപ്ടർ ഓഗസ്റ്റവെസ്റ്റ് ലാന്‍ഡിന് ഇല്ലായിരുന്നു. അതുപോലെ എയർ സ്റ്റാഫിന്റെ ആവശ്യങ്ങൾ സൂചിപ്പിച്ചിരുന്നു; അതിലും മാറ്റം വന്നു. ഇതൊക്കെ ചെയ്തതാവട്ടെ വാങ്ങുന്നത് ഇറ്റാലിയൻ കമ്പനിയായ ഫിന്നെക്കാനിക്കയുടെ കീഴിലെ കമ്പനിയായ ഓഗസ്റ്റവെസ്റ്റ് ലാന്‍ഡിന് വേണ്ടിയായിരുന്നു എന്നർഥം. അതും എ കെ ആന്റണി അറിയാതെ നടക്കില്ലല്ലോ…………….സംശയം വേണ്ടതില്ല , അദ്ദേഹം അറിയാതെ നടക്കില്ല തന്നെ. അതൊക്കെ കഴിഞ്ഞ് ഇതിന്റെ ടെസ്റ്റ് പറക്കൽ ഇന്ത്യയിൽ വെച്ചുവേണം എന്നതായിരുന്നു വ്യവസ്ഥ. അക്കാര്യത്തിലും ആന്റണി അനുകൂല നിലപാടാണ് എടുത്തത്. പക്ഷെ ഇന്ത്യയിൽ വെച്ച് അതുനടന്നില്ല; പിന്നെ നടന്നതോം ആന്റണിയുടെ നേതാവിന്റെ സ്വന്തം രാജ്യത്ത്; ഇറ്റലിയിൽ. അതിനു ആരാണ് അനുമതി നല്കിയത്?. അതിൽ ആന്റണിക്ക് മേൽ ആരെങ്കിലും സമ്മർദ്ദം ചെലുത്തിയോ? എങ്കിൽ ആ ആരാണ് സമ്മർദ്ദം ചെലുത്തിയത്?. ഇതൊക്കെ ആന്റണിക്ക് ഇനിയെങ്കിലും തുറന്നു പറയാതിരിക്കാൻ കഴിയുമോ?.
2012-ലാണ് ഈ ഇടപാടിൽ ക്രമക്കേട് ഉണ്ടെന്നു കണ്ടെത്തിയത് എന്ന് ആന്റണി പറയുന്നുണ്ട്. എന്തുകൊണ്ടാണ് അന്നുതന്നെ പ്രശ്നം സിബിഐക്കു വിടാൻ ആന്റണി തയ്യാറാവാതിരുന്നത് ?. ആ വർഷം തന്നെ, അഴിമതി നടന്നു എന്ന് മനസിലാക്കിയ ശേഷവും, ഓഗസ്റ്റ വെസ്റ്റ് ലാൻഡിൽ നിന്ന് മൂന്നു ഹെലികൊപ്റ്റരുകൾ ഇന്ത്യ വാങ്ങിയത് എന്തിനാണ്?. അഴിമതിയും ക്രമക്കെടും നടന്നു എന്ന് ബോധ്യമായിട്ടും, ഇന്ത്യയിൽ വെച്ച് പരീക്ഷണ പറക്കൽ നടത്താതിരുന്നിട്ടും ആന്റണിയുടെ മന്ത്രാലയം മൂന്നു ഹെലികോപ്ടറുകൾ കൈപ്പറ്റി എന്നർഥം . അത് ആരുടെ നിർദ്ദേശപ്രകാരമാണ്?. 2013-ലാണ് ഓഗസ്റ്റ വെസ്റ്റ് ലാൻഡിന്റെ മാതൃ കമ്പനിയുടെ മേധാവിയെ ഇറ്റാലിയൻ പോലീസ് അറസ്റ്റ് ചെയ്യുന്നത്; ഈ ഹെലികോപ്ടർ ഇടപാടിൽ ഇന്ത്യയിലെ ചിലർക്ക് കൈക്കൂലി നല്കിയെന്നതിനാണ് അറസ്റ്റ് നടന്നത്. അതിനുശേഷവും ആന്റണിയോ കൂട്ടരോ ആ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താനോ നടപടി എടുക്കാനോ തയ്യാറായില്ല. എന്തുകൊണ്ട്?. അവസാനം നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റ ശേഷം 2014 ജൂലൈ മൂന്നിലെ പ്രതിരോധ മന്ത്രാലയത്തിലെ വിജിലന്‍സ് വകുപ്പിന്റെ ഉത്തരവ് പ്രകാരം; 31013/ 4 / 008/ ഡി / (വിജിലന്‍സ് ) എന്ന ഉത്തരവിലൂടെ.
ഇതിപ്പോൾ കോണ്‍ഗ്രസിന് കീറാമുട്ടി ആയതു ഇറ്റാലിയൻ കോടതിയുടെ വിധിയോടെ ആണ്. അവിടെ കോഴ കൊടുത്തയാളെ നാല് വർഷത്തേക്ക് ശിക്ഷിച്ചു; ജയിലിൽ അടച്ചു. എന്നാൽ കോഴ വാങ്ങിയ ആളെയോ അല്ലെങ്കിൽ കോഴ കൈപ്പറ്റിയവരെയോ ?. അവരെ ശിക്ഷിക്കണ്ടേ; അവരെ കണ്ടെത്തണ്ടേ?. അതാണ് കേന്ദ്ര സർക്കാർ തീവ്രമായി ശ്രമിക്കുന്നത്. ഇറ്റാലിയൻ കോടതി വിധിയിൽ സോണിയ ഗാന്ധിയെ പരാമർശിക്കുന്നുണ്ട് . “ഡ്രൈവിംഗ് ഫോഴ്സ് ” എന്നതാണ് അവർക്ക് ആ നാട്ടിലെ കോടതി നല്കിയിട്ടുള്ള വിശദീകരണം. അതുകൊണ്ട് തന്നെ എന്താണ് സോണിയ പരിവാറിന്റെ പങ്കു എന്നത് ഊഹിക്കാമെന്ന് തോന്നുന്നു. പിന്നെ അഹമദ് പട്ടേൽ, ഓസ്കാർ ഫെർണാണ്ടസ് , എം കെ നാരായണൻ എന്നിവരുടെ പേരുകളും അതിലുണ്ട്. അതിലെ ആദ്യ രണ്ടുപേർക്ക് കോണ്‍ഗ്രസ് തറവാട്ടിലെ കാരണവന്മാരുമായുള്ള അടുപ്പം പറഞ്ഞറിയിക്കെണ്ടതില്ലല്ലോ. അതിനൊക്കെ പുറമെയാണ് കോൺഗ്രസുകാരനും മുന് മന്ത്രിയുമായ സന്തോഷ് ബര്‍ഗോഡിയയുടെ പങ്ക് . അദ്ദേഹം ഡയറക്ടർ ആയുള്ള ഐ ഡി എസ് ഇൻഫോടെക്ക് എന്ന സ്ഥാപനം വഴിയാണ് കോഴപ്പണം ഇന്ത്യയിലെത്തിയത് എന്ന് കരുതപ്പെടുന്നു. അല്ലെങ്കിൽ അതാണ് ഒരു മാർഗം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം; ഇതേ മുന് കേന്ദ്ര മന്ത്രി കല്ക്കരി കേസുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. കോൾ ഇന്ത്യക്ക് അനുവദിച്ച കോൾ പടം മറ്റൊരു വ്യക്തിക്ക് നല്കിയതിലൂടെ ഉണ്ടായ നഷ്ടം ഏതാണ്ട് 600 കോടി രൂപയാണ്. 2008- 09 കാലത്താണ് അത് നടന്നത്. അതെയാൾ തന്നെ 2012-ൽ ഇത്തരമൊരു ഇടപാടിനു നിയുക്തനാവണമെങ്കിൽ അതിനു പിന്നിലെ ചേതോവികാരം എന്താവണം?. കോണ്ഗ്രസ് ആസ്ഥാനത്തെ പ്രമുഖനാണ് അദ്ദേഹം എന്ന് ദൽഹിയിലെ മാധ്യമസുഹൃത്തുക്കൾ എങ്കിലും മനസിലാക്കിയിരിക്കും. എന്തിനു ആന്റണിയും കൂട്ടരും ഇതുപോലുള്ള കളങ്കിതരെ കൂടെ കൂട്ടി?. ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രി മാത്രമായിരുന്നില്ല, പ്രവര്‍ത്തക സമിതി അംഗമാണ്; ഹൈക്കാമാന്‍ഡിന്റെ ഭാഗമാണ്; അഥവാ ഹൈക്കമാന്‍ഡിലെ പ്രമുഖനാണ്. അതിനു മറുപടി പറയാതെ ആന്റണിക്ക് നാട്ടിലിറങ്ങി നടക്കാൻ കഴിയുമോ?.
നാളെ പാർലമെന്റിൽ തീർച്ചയായും കുറെയേറെ വിവരങ്ങൾ വെളിപ്പെടുത്തപ്പെടും എന്നുവേണം കരുതാൻ. ഇക്കാര്യം പരിശോധിക്കാൻ പ്രതിരോധ മന്ത്രി മനോഹർ പാരിക്കർ ഒരു ഉപസമിതിയെ നിശ്ചയിച്ചിരുന്നു. കുറെയേറെ ഫയലുകൾ ഇത് സംബന്ധിച്ചുണ്ട് അതൊക്കെ പരിശോധിച്ച് പാർലമെന്റിൽ നടത്തേണ്ടുന്ന പ്രസ്താവനക്ക് മനോഹർ പരിക്കർ രൂപം നല്കുകയാണ്. തീർച്ചയായും അതൊരു ‘ബോംബ് ഷെൽ ‘ തന്നെയാവും എന്നുവേണം കരുതാൻ. കഴിഞ്ഞ കുറെക്കാലമായി കോൺഗ്രസുകർ നടത്തിവരുന്ന കൊള്ള തുറന്നുകാട്ടാനുള്ള ശ്രമമാവും അത്. അതൊക്കെ കഴിഞ്ഞു കേരളത്തിൽ വന്നു ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ആന്റണിക്ക് വേദമോതാൻ കഴിയുമോ എന്നതാണ് കണ്ടറിയേണ്ടത്……. അതിനായി കാത്തിരിക്കാം. ആത്മാര്ധത ഉണ്ടെങ്കിൽ നടന്ന തട്ടിപ്പിനെക്കുറിച്ചു തുറന്നു പറയാൻ ആന്റണി തയ്യാറാവണം. ആരെല്ലാമാണ് കോഴ പണം കൈപ്പറ്റിയത് എന്നത് കേരളത്തിലെ ജനങ്ങൾക്ക് മുന്നില്‍ വിശദീകരിക്കാൻ തയ്യാറാവണം. അത് നടക്കുമോ, അതിനു ആന്റണി തയ്യാറാവുമോ എന്നതാണ് കേരളം കാത്തിരിക്കുന്നത്.
Post Your Comments