തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ചൂടു കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഉഷ്ണതരംഗം അനുഭവപ്പെടുമെന്നും ഉച്ചസമയത്ത് പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന കടുത്ത ചൂട് ഇനിയും വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലുള്ളവര്‍ ചൂട് നാല്‍പ്പത് ഡിഗ്രിക്ക് മുകളിലേക്ക് ഉയരുമെന്നും അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ സൂര്യഘാതം ഏക്കാതെ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സൂര്യഘാതം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്. പതിനൊന്ന് മണിമുതല്‍ മൂന്ന് മണിവരെ പുറത്ത് ജോലി ചെയ്യരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിരത്തിലൂടെ നടക്കുന്നവര്‍ കുട ഉപയോഗിക്കണമെന്നും കുപ്പിയില്‍ വെള്ളം കൊണ്ടുപോകണമെന്നും അധികൃതര്‍ അറിയിച്ചു. തൊഴില്‍ സ്ഥലങ്ങളിലും അംഗന്‍വാടികളിലുമെല്ലാം കൂടുതല്‍ കുടിവെള്ളം എത്തിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് വൈകുന്നേരം തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും മെയ് അഞ്ചിനുശേഷം കേരളത്തിലുടനീളം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments