കൊച്ചി: 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകനെ കണ്ടെത്താന്‍ പിതാവിന് തുണയായത് കോടതി സമന്‍സ്. മകനെതിരെ പൊലീസ് കേസെടുത്തതിന്റെ പേരില്‍ കിട്ടിയ സമന്‍സാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മകന്റെയും അച്ഛന്റെയും കണ്ടുമുട്ടലിന് വഴി തെളിച്ചത്. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി രാമചന്ദ്രന്‍ നായര്‍ക്കും ഭാര്യ അംബുജാക്ഷിയ്ക്കുമാണ് നഷ്ടപ്പെട്ടന്ന് കരുതിയ മകനെ തിരിച്ച് കിട്ടിയത്. അച്ഛനുമായി പണങ്ങി 21ാം വയസില്‍ ആന്ധ്രയില്‍ നിന്ന് നാടുവിട്ട മുരളീധരനെ(38)യാണ് മാതാപിതാക്കള്‍ക്ക് തിരിച്ച് കിട്ടിയത്. മുരളീധരനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കോടതി വഴി അയച്ച സമന്‍സിലൂടെയാണ് ഇയാള്‍ ജീവിച്ചിരിയ്ക്കുന്ന വിവരം അറിയുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍പ് തന്നെ ബന്ധുക്കളെത്തി മുരളീധരനുമായി വീട്ടിലേയ്ക്ക് മടങ്ങി.
1999ലാണ് ആന്ധ്ര സവര്‍കലാശാലയില്‍ നിന്നും രാമചന്ദ്രന്‍ നായര്‍ സ്വയം വിരമിച്ചത്. ആ സമയത്താണ് പ്രീഡിഗ്രി വിദ്യാഭ്യാസമുള്ള മകന്‍ മുരളീധരന് അവിടെ പ്യൂണായി ജോലി കിട്ടിയത്. രാമചന്ദ്രന്‍ നായര്‍ നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. ഏറെ വേകാതെ നിസാര കാര്യത്തിന് അച്ഛനുമായി പിണങ്ങി മുരളീധരന്‍ ജോലി ഉപേക്ഷിച്ച് ആന്ധ്രയില്‍ നിന്നും നാട് വിട്ടു. പൊലീസ് മുഖേനയും അല്ലാതെയും വര്‍ഷങ്ങളോളം അന്വേഷിച്ചെങ്കിലും മുരളീധരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആന്ധ്രയില്‍ നിന്നും കൊച്ചിയിലേയ്ക്ക് വണ്ടി കയറിയ മുരളീധരന്‍ കലൂര്‍ എസ്.ആര്‍.എം റോഡിലെ കംപ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാന്റീനില്‍ എട്ടുവര്‍ഷം ജോലി ചെയ്തു. ഒന്‍പതു വര്‍ഷമായി എസ.്ആര്‍.എം കാന്റീനിലെ ഹോട്ടലിലായിരുന്നു ജോലി. ഒരുമാസം മുമ്പ് മുരളീധരന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നോര്‍ത്ത് പൊലീസ് പെറ്റിക്കേസെടുത്തു. ഹോട്ടലിന് മുന്നിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് മുരളീധരന്‍ പൊലീസിന് നല്‍കിയ വിലാസം പട്ടാമ്പിയിലേതായിരുന്നു. അങ്ങനെ മകന് കിട്ടേണ്ട സമന്‍സ് അച്ഛന് കിട്ടി. നോര്‍ത്ത് പൊലീസിന്റെ സഹായത്തോടെ മുരളീധന്റെ നമ്പര്‍ കണ്ടെത്തി. അധികം വൈകാതെ രാമചന്ദ്രന്‍ നായരും ബന്ധുക്കളും കൊച്ചിയിലെത്തി മുരളീധരനെ കൂട്ടിക്കൊണ്ട് പോയി. 17 വര്‍ഷം അച്ഛനേയും അമ്മയേയും കരയിച്ചതിന്റെ കുറ്റബോധം കരഞ്ഞ് തീര്‍ക്കുകയായിരുന്നു മുരളീധരന്‍.
Post Your Comments