ന്യൂഡല്‍ഹി: എം.പി. മാരുടെ ശമ്പളവും, അലവന്‍സും നൂറ് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ബി.ജെ.പി. നേതാവ് യോഗി ആദിത്യനാഥ് അധ്യക്ഷനായ പാര്‍ലമെന്ററി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് ആലോചന. മുന്‍ എം.പി.മാരുടെ പെന്ഷന് തുകയില്‍ 75 ശതമാനത്തിന്റെ വര്‍ദ്ധനവും ശിപാര്‍ശയിലുണ്ട്. നിര്‍ദ്ദേശത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചു. ശമ്പള വര്‍ധന ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.
എം.പി.മാരുടെ മാസ വേതനം നിലവില്‍ 50,000 രൂപയും മണ്ഡല അലവന്‍സ് 45,000 രൂപയുമാണ്. എന്നാല്‍ ശന്പള വര്‍ധനയോടെ മാസ വേതനം ഒരു ലക്ഷവും. മണ്ഡല അലവന്‍സ് 90,000 രൂപയുമായിത്തീരും. ശുപാര്‍ശ നിലവില്‍ വന്നാല്‍ ഒരുമാസം എം.പിമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം 1,40,000 നിന്ന് 2,80,000 ആയി ഉയരും. ബി.ജെ.പിയുടെ വിവാദ എം.പി. യോഗി ആദിത്യനാഥാണ് കമ്മിറ്റിയുടെ ചെയര്മാന്.
എം.പി.മാരുടെ ശമ്പളം കാലക്രമേണ പുതുക്കി നിശ്ചയിക്കണമെന്നും കമ്മിറ്റി ശുപാര്‍ശയില്‍ പറയുന്നു. നേരത്തെ ശമ്പള വര്‍ധനവ് നടപ്പിലാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും ഇടത് അംഗങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും, എസ്.പി. നേതാവ് നരേഷ് അഗര്‍വാളും ശുപാര്‍ശ നടപ്പിലാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് വേതനം വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി കേന്ദ്രം മുന്നോട്ട് പേകാന്‍ തീരുമാനിച്ചത്. ശമ്പളവും അലവന്‍സും വര്‍ദ്ധിപ്പിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
Post Your Comments