NewsTechnology

ഐഎസ്ആര്‍ഒ ഇന്ത്യയ്ക്ക് വേണ്ടി വികസിപ്പിച്ച ഗതിനിര്‍ണ്ണയ ഉപഗ്രഹം IRNSS-1G-യുടെ വിശേഷങ്ങള്‍

അമേരിക്കയുടെ GPS-നോട് കിടപിടിക്കുന്ന വിധത്തില്‍ ഇന്ത്യയുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി ഐഎസ്ആര്‍ഒ വികസിപ്പിക്കുകയും വിജയകരമായി ഭ്രമണപഥത്തില്‍ എത്തിക്കുകയും ചെയ്ത IRNSS-1G ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. 7 ഉപഗ്രഹങ്ങള്‍ അടങ്ങുന്ന സമൂഹത്തിലെ അവസാന ഘടകമായ IRNSS-1G-യും കൂടി ഭ്രമണപഥത്തില്‍ എത്തിയതോടെ ഇന്ത്യയുടെ ഉപഗ്രഹാധിഷ്ടിത ഗതിനിര്‍ണ്ണയ സംവിധാനം പൂര്‍ണ്ണമായും ബഹിരാകാശത്തെത്തി.

ഒരുമാസത്തിനുള്ളില്‍ IRNSS-1G-യും പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇന്ത്യന്‍ പ്രാദേശിക ഗതിനിര്‍ണ്ണയ ഉപഗ്രഹ സംവിധാനം (Indian Regional Navigation Satellite System, IRNSS) ടെറസ്ട്രിയല്‍, മറൈന്‍ (ഭൂതല, സാമുദ്രിക) ഗതിനിര്‍ണ്ണയം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, വെഹിക്കിള്‍ ട്രാക്കിംഗ്, ഫ്ലീറ്റ് മാനേജ്മെന്‍റ്, ഗതിനിര്‍ണ്ണയ സഹായങ്ങള്‍ എന്നിവയ്ക്ക് ഉപയുക്തമാകും.

IRNSS-1G അടങ്ങുന്ന 7 ഗതിനിര്‍ണ്ണയ ഉപഗ്രഹങ്ങളുടെ സംഘത്തിന് ഇന്ത്യന്‍ ഉപഭൂഖണ്ടപ്രദേശത്തുള്ള ആളുകള്‍ക്ക് കൃത്യമായ സ്ഥാനം സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായകരമാണ്. 1,500-കിലോമീറ്ററിന് മുകളില്‍ വരുന്ന പ്രദേശങ്ങളില്‍ ഈ സംവിധാനത്തെ പ്രയോജനപ്പെടുത്താം.

IRNSS-1G-യ്ക്ക് മുമ്പ് ഇന്ത്യ വിക്ഷേപിച്ചത് IRNSS-1A, 1B, 1C, ID, 1E, 1F എന്നിങ്ങനെ ആറ് ഉപഗ്രഹങ്ങളാണ്‌. IRNSS-ന്‍റെ മുഴുവന്‍ സംവിധാനത്തില്‍ 9 ഉപഗ്രഹങ്ങളുണ്ട്. ബഹിരാകാശ ഭ്രമണപഥത്തിലുള്ള 7 എണ്ണവും, ഭൂമിയില്‍ സ്ഥിരമായി വച്ചിട്ടുള്ള രണ്ടെണ്ണവും. ഇവ രണ്ടും സ്റ്റാന്‍ഡ്-ബൈ ഉപഗ്രഹങ്ങളാണ്‌. പക്ഷേ നാല് ഉപഗ്രഹങ്ങളുടെ ഉപയോഗത്തിലൂടെ ഗതിനിര്‍ണ്ണയ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

IRNSS സംവിധാനത്തിലെ ഓരോ ഉപഗ്രഹത്തിനും ചിലവ് 150-കോടി രൂപയാണ്. അവയെ ഭ്രമണപഥത്തിലേക്ക് വഹിച്ചുകൊണ്ട് പോകുന്ന PSLV-XL റോക്കറ്റിന്‍റെ ചിലവ് 130-കോടി രൂപയും. അങ്ങനെ വരുമ്പോള്‍ IRNSS-ന്‍റെ പൂര്‍ണ്ണസംവിധാനത്തിന്‍റെ ചിലവ് 910-കോടി രൂപയാണ്.

IRNSS-1A ജൂലൈ 2013-ലും, IRNSS-1B ഏപ്രില്‍ 2014-ലും, IRNSS-1C ഒക്ടോബര്‍ 2014-ലും, IRNSS-ID മാര്‍ച്ച്‌ 2015-ലും, IRNSS-1E ജനുവരി 2016-ലും IRNSS-1F മാര്‍ച്ച്‌ 2016-ലും ആണ് വിക്ഷേപിച്ചത്. IRNSS സംവിധാനം അടുത്തമാസം പൂര്‍ണ്ണസജ്ജമാകുന്നതോടെ ഇന്ത്യയ്ക്ക് ഇത്തരത്തിലുള്ള മറ്റ് രാജ്യങ്ങളുടെ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരികയില്ല.

IRNSS 24-ഉപഗ്രഹങ്ങള്‍ അടങ്ങുന്ന അമേരിക്കയുടെ GPS, റഷ്യയുടെ ഗ്ലോനാസ്, യൂറോപ്പിന്‍റെ ഗലീലിയോ, ചൈനയുടെ ബെയ്ദൂ, ജപ്പാന്‍റെ ക്വാസി-സെനിത്ത് എന്നിവയ്ക്ക് സമമാണ്. GPS, ഗ്ലോനാസ് എന്നിവ ഭൂമിയെ പൂര്‍ണ്ണമായും കവര്‍ ചെയ്യുമ്പോള്‍ ചൈനീസ്‌, ജപ്പാനീസ് സംവിധാനങ്ങള്‍ പ്രാദേശിക കവറേജ് മാത്രമേ തരുന്നുള്ളൂ. ഗലീലിയോ ഇതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല.

രണ്ട് തരത്തിലുള്ള സര്‍വ്വീസുകളാണ് IRNSS വാഗ്ദാനം ചെയ്യുന്നത്. എല്ലാത്തരം ആളുകള്‍ക്കും ഉപയോഗിക്കാവുന്ന സ്റ്റാന്‍ഡേര്‍ഡ് പൊസിഷനിംഗ് സര്‍വ്വീസും, അംഗീകൃത ഉപഭോക്താക്കള്‍ക്കായി പരിമിതപ്പെടുത്തിയ എന്‍ക്രിപ്റ്റഡ് സര്‍വ്വീസും.

shortlink

Related Articles

Post Your Comments

Related Articles


Back to top button