ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നുമുതല്‍ ഡീസല്‍ ടാക്സികള്‍ക്ക് നിരോധനം. ഡീസല്‍ ടാക്‌സികള്‍ക്ക് സി.എന്‍.ജിയിലേക്ക് മാറാനുള്ള കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് ഇത്. ഡീസല്‍ ടാക്‌സികള്‍ സി.എന്‍.ജിയിലേക്ക് മാര്‍ച്ച് ഒന്നോടെ മാറണമെന്ന് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ സമയ പരിധി മാര്‍ച്ച് 31 ലേക്കും പിന്നീട് ഏപ്രില്‍ 30 ലേക്കും നീട്ടുകയായിരുന്നു.
ഡീസല്‍ വാഹനങ്ങള്‍ സി.എന്‍.ജിയിലേക്കു മാറ്റാനുള്ള സാങ്കേതിക സംവിധാനം വിപണിയില്‍ ലഭ്യമല്ലെന്നായിരുന്നു വാഹന ഉടമകളുടെ വാദം. എന്നാല്‍ പല തവണ കാലാവധി നീട്ടി നല്‍കിയെന്നും മറ്റു മാര്‍ഗങ്ങള്‍ ഇതിനോടകം തേടാമായിരുന്നെന്നും ഇനി സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യകതമാക്കി . മഹീന്ദ്ര, ടാറ്റാ മോട്ടേഴ്‌സ്, ടൊയോട്ട, മേഴ്‌സിഡസ് ബെന്‍സ് എന്നീ കമ്പനികള്‍ 2000 സി.സി ക്കും മുകളിലും ശേഷിയുള്ള സ്വകാര്യ ഡീസല്‍ കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരേ സുപ്രീം കോടതിയെ സമീപിച്ചിരുന്നു . എന്നാല്‍, ഈ വിഷയത്തില്‍ വാദം കേള്‍ക്കുന്നത് ഒമ്പതിലേക്കു മാറ്റി.
Post Your Comments