കോണ്‍ഗ്രസ് നേത്രുത്വത്തിലുള്ള യുപിഎ ഭരണകാലത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നായ ആദര്‍ശ് ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നിയമവിരുദ്ധമായാണ് 31-നിലകളുള്ള ആദര്‍ശ് ഫ്ലാറ്റ് സമുച്ചയം കെട്ടിപ്പൊക്കിയതെന്ന് അഭിപ്രായപ്പെട്ട കോടതി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയേയും ക്രിമിനല്‍ വിചാരണയ്ക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശിച്ചു.
പക്ഷേ, ഈ ഉത്തരവ് വന്നയുടന്‍ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി സമര്‍പ്പിച്ച ഒരു അഭ്യര്‍ത്ഥന മാനിച്ച് വിധി പുറപ്പെടുവിച്ച ഡിവിഷന്‍ ബെഞ്ച് ഫ്ലാറ്റ് സമുച്ചയം പൊളിച്ചു മാറ്റുന്ന നടപടികള്‍ 12 ആഴ്ച്ചക്കാലത്തേക്ക് സ്റ്റേ ചെയ്തു. എതിര്‍ചേരിയിലുള്ളവര്‍ക്ക് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ സമയം നല്‍കുന്നതിനു വേണ്ടിയാണ് ഈ സ്റ്റേ. മഹാരാഷ്ട്രാ ഗവണ്‍മെന്‍റിന്‍റെ എതിര്‍പ്പിനെ മറികടന്നായിരുന്നു സ്റ്റേ അനുവദിച്ചത്.
കാര്‍ഗില്‍ യുദ്ധവീരന്മാര്‍ക്കും യുദ്ധത്തില്‍ വീരചരമം പ്രാപിച്ച ജവാന്മാരുടെ വിധവകള്‍ക്കും വേണ്ടിയെന്ന പേരില്‍ പടുത്തുയര്‍ത്തിയ ആദര്‍ശ് ഫ്ലാറ്റ് സമുച്ചയത്തില്‍ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും അധികാര ദുര്‍വിനിയോഗം നടത്തി ഫ്ലാറ്റുകള്‍ തങ്ങളുടെ പേരിലാക്കിയതാണ് യുപിഎ ഗവണ്‍മെന്‍റിനെ അക്ഷരാര്‍ത്ഥത്തില്‍ ഉലച്ചു കളഞ്ഞ ആദര്‍ശ് അഴിമതി. കോണ്‍ഗ്രസിന്‍റെ മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി അശോക് ചവാന്‍ വരെ ഈ അഴിമതിയില്‍ പങ്കാളിയാണ്. ഇവര്‍ക്കെതിരെ അധികാര ദുര്‍വിനിയോഗത്തിനും അഴിമതിക്കും ക്രിമിനല്‍ നടപടികള്‍ തുടങ്ങാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments