മസ്ക്കറ്റ്: ഒമാനിലെ സലാലയില്‍ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോയേക്കുമെന്ന് റിപ്പോര്‍ട്ട്. സുല്‍ത്താന്‍ ഖുബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നാളെ രാത്രി 9.30നുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകാനാണ് പദ്ധതിയെന്ന് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഞായറാഴ്ച നല്‍കാമെന്ന് പൊലീസ് വാക്കാല്‍ അറിയിച്ചിട്ടുണ്ടെന്നും സലാലയിലുള്ള ബന്ധു ജയ്സനെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ റോയല്‍ ഒമാന്‍ പോലീസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് ലിന്‍സണ്‍ മൃതദേഹത്തിനൊപ്പം നാട്ടില്‍പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ വിട്ടയക്കാന്‍ സാധ്യതയില്ല. . ലിന്‍സനില്‍നിന്നുള്ള തെളിവെടുപ്പ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ചോദിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ലിന്‍സനെ പൊലീസ് സ്റ്റേഷനില്‍നിന്ന് പുറത്തുവിടാത്തതെന്ന് ജയ്സണ്‍ പറഞ്ഞു. മരണം നടന്നതിന്‍െറ പിറ്റേദിവസം മുതല്‍ ലിന്‍സന്‍ തെളിവെടുപ്പിനായി സ്റ്റേഷനില്‍തന്നെയാണ്. മാനസികമായും ശാരീരികമായും ലിന്‍സണ്‍ ഏറെ തളര്‍ന്ന നിലയിലാണെന്നും ജയ്സണ്‍ പറഞ്ഞു.
അതേസമയം, ചിക്കുവിന്റെ മരണത്തില്‍ ദുരൂഹത തുടരുകയാണ്. മോഷണമാണോ പ്രതികരമാണോ എന്ന് ഉറപ്പിക്കാന്‍ ഇതുവരെയും പോലീസിന് കഴിഞ്ഞിട്ടില്ല. കരുതിക്കൂട്ടിയുള്ള കൊലപാതകമായി കണക്കിലെടുത്താണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഫ്ലാറ്റിന്റെ ബാല്‍ക്കണി വഴിയാണ് അക്രമികള്‍ പ്രവേശിച്ചത്. അന്വേഷണ ഭാഗമായി ആശുപത്രിയിലെ പുരുഷജീവനക്കാരില്‍നിന്നുള്ള വിരലടയാളം കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു.
സലാല ബദര്‍ അല്‍സമ ആശുപത്രിയിലെ നഴ്സായിരുന്ന എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ടിനെ കഴിഞ്ഞ 20ന് രാത്രി പത്തുമണിയോടെയാണ് സലാല ടൗണിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്തെിയത്.
കാതുകള്‍ അറുത്ത നിലയിലായിരുന്നു മൃതദേഹം. മരിക്കുമ്പോള്‍ നാലുമാസം ഗര്‍ഭിണിയുമായിരുന്നു. സംഭവ ദിവസം ചിക്കു രാത്രി 10 മണിക്കുള്ള ഷിഫ്റ്റിലാണ് ജോലിക്ക് പ്രവേശിക്കേണ്ടിയിരുന്നത്. എന്നാല്‍, പത്തരയായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് അതേ ആശുപത്രിയിലെ തന്നെ പി.ആര്‍.ഒ ആയ ജയ്സണ്‍ അന്വേഷിച്ച് ഫ്ളാറ്റിലത്തെിയപ്പോള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന്, മുറിതുറന്ന് അകത്തുകയറിയപ്പോഴാണ് കിടക്കയില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടത്തെിയത്. ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അടിവയറ്റില്‍ ഉള്‍പ്പടെ ആഴത്തില്‍ 9 ഓളം കുത്തുകള്‍ ഏട്ടനിലയിലാരുനു മൃതദേഹം.
Post Your Comments