തിരുവനന്തപുരം : സി.പി.എമ്മിനൊപ്പം മുന്നോട്ടെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതോടെ ബംഗാളിലെ സഖ്യം കേരളത്തിലേക്കും നീളാൻ സാദ്ധ്യത. ഫോർവേഡ് – ടുഗദർ എന്ന തലക്കെട്ടിൽ ബുദ്ധദേവിനേയും രാഹുലിനേയും ഒരുമിച്ച് മാലയിട്ട് സ്വീകരിക്കുന്ന ചിത്രം ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് കോൺഗ്രസ് നയം വ്യക്തമാക്കിയിരിക്കുന്നത് .
കേന്ദ്രമന്ത്രിയും കോൺഗ്രസ് ബംഗാൾ പ്രസിഡന്റുമായിരുന്ന പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ഭാര്യ ദീപ ദാസ് മുൻഷിയുടെതെരഞ്ഞെടുപ്പ് റാലിയിലാണ് മുതിർന്ന സി.പി.എം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ പങ്കെടുത്തത്. കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സഖ്യം താഴെത്തട്ടിൽ മാത്രമേ ഉള്ളെന്ന സി.പി.എം നേതാക്കളുടെ വാദഗതിയാണ് ഇതോടെ പൊളിഞ്ഞത് . ബുദ്ധദേവ് ഭട്ടാചാര്യ പി.ബി അംഗമല്ലെന്നുള്ള സീതാറാം യച്ചൂരിയുടെ വാദവും പരിഹാസ്യമായി .
എന്നാൽ സഖ്യത്തെപ്പറ്റി കൂടുതൽ തുറന്ന കാഴ്ചപ്പാടാണ് കോൺഗ്രസ് പ്രകടിപ്പിക്കുന്നത് . സി.പി.എമ്മിനൊപ്പം മുന്നോട്ടെന്ന് കോൺഗ്രസിന്റെ ഒഫിഷ്യൽ പേജ് പോസ്റ്റിട്ടത് തന്നെ ഇത് തെളിയിക്കുന്നു. സി.പി.എം നേതാക്കൾക്കൊപ്പം വേദി പങ്കിട്ട് സോണിയ ഗാന്ധി വോട്ട് അഭ്യർത്ഥിച്ചതും ശ്രദ്ധേയമായി .സഖ്യം താഴെത്തട്ടിലെന്ന് സി.പി.എം ആണയിടുമ്പോഴും ഉന്നത നേതാക്കൾ കോൺഗ്രസുമായി വേദി പങ്കിടുന്ന വാർത്തകളാണ് ബംഗാളിൽ നിന്ന് വരുന്നത് . എന്നാൽ ഇതിൽ അസ്വാഭാവികതയില്ലെന്നും ബി.ജെ.പിക്കെതിരെ സഖ്യം തുടരാനാണ് തീരുമാനമെന്നും കോൺഗ്രസ് നേതാക്കൾ തുറന്ന് പറയുന്നു.
കേരളത്തിൽ ബി.ജെ.പി ജയിക്കാൻ സാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ രഹസ്യമായി നീക്കു പോക്ക് നടത്താൻ ദേശീയ തലത്തിൽ ധാരണയായെന്നും സൂചനയുണ്ട് . ഭാവിയിൽ കേരളത്തിൽ ഒരുമിച്ച് മുന്നോട്ടു പോകാനുള്ള പദ്ധതികളും ദേശീയതലത്തിൽ ചിന്തിക്കുന്നതായാണ് വാർത്തകൾ . ഒരു വിഭാഗം കോൺഗ്രസ് ബന്ധത്തെ എതിർക്കുമ്പോഴും മുഖ്യശത്രുവായ ബി.ജെ.പിക്കെതിരെ കേരളത്തിൽ ഉടൻ തന്നെ ഇരുവരും സഖ്യത്തിലേക്കെത്തുമെന്നാണ് സമീപകാല സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത് .
Post Your Comments