തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ കടന്നാക്രമിച്ച് എം.വി.നികേഷ് കുമാര്‍. ഓഹരിതട്ടിപ്പ് കേസില്‍ നികേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ് ഡി.ജി.പിക്ക് നല്‍കിയ കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് വി.എസിനെതിരെ നിശിത വിമര്‍ശനവുമായി നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ടിവി രംഗത്ത് വന്നത്. യു.ഡി.എഫോ ബിജെപിയോ പോലും വി.എസിനെതിരെ ഉന്നയിക്കാത്ത വിമര്‍ശനങ്ങളാണ് റിപ്പോര്‍ട്ടര്‍ ടിവി വിഎസിനെതിരെ ഉന്നയിച്ചിട്ടുള്ളത്. എം.എല്‍.എയായ വി.എസ് മലമ്പുഴ നിയോജകമണ്ഡലത്തില്‍ ശ്രദ്ധ നല്‍കിയില്ലെന്നും മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ ശ്രദ്ധിച്ചില്ലെന്നും പരിസ്ഥിതി വിരുദ്ധ നിലപാട് സ്വീകരിച്ച് മലിനീകരണ കമ്പനിക്ക് ഒപ്പം ചേര്‍ന്നു എന്നുമുള്ള വാര്‍ത്തയാണ് റിപ്പോര്‍ട്ടര്‍ ടി.വി തുടര്‍ച്ചയായി നല്‍കിയത്. ആയിരത്തിഎണ്ണൂറോളം കുടുംബങ്ങള്‍ വി.എസിന്റെ പ്രവര്‍ത്തനം മൂലം മലമ്പുഴയില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു എന്ന വാര്‍ത്തയാണ് റിപ്പോര്‍ട്ടര്‍ നല്‍കിയത്. ”മലമ്പുഴയില്‍ ഒരു പ്രമുഖ ഇരുമ്പുരുക്ക് കമ്പനി മലിനീകരണം നടത്തുകയാണ്. മലിനീകരണം മൂലം ജനങ്ങള്‍ക്ക് താമസം മാറ്റേണ്ടി വന്നു. ഈ കമ്പനിയുടെ മലിനീകരണം സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് വി.എസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും വി.എസ് നടപടിയെടുത്തില്ല” എന്ന രീതിയില്‍ ജനങ്ങളുടെ പ്രതികരണമെല്ലാം ഉള്‍പ്പെടുത്തി വി.എസിനെതിരെ വാര്‍ത്ത നല്‍കുകയാണ് റിപ്പോര്‍ട്ടര്‍ ടിവി ചെയ്തത്.
പ്രതിപക്ഷ നേതാവായ വി.എസ് അച്യുതാനന്ദന്റെ എം.എല്‍.എ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളിലെ പോരായ്മ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നികേഷ് കുമാറിന്റെ ചാനല്‍ തന്നെ നല്‍കിയത് വി.എസിനെതിരായ വിമര്‍ശനം ശരിയാണെന്ന തോന്നല്‍ വോട്ടര്‍മാരില്‍ ഉണ്ടാക്കിയെന്നാണ് മലമ്പുഴയിലെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ പരാതി. ഇക്കാര്യം അവര്‍ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വി.എസ്.അച്യുതാനന്ദനെ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യനാക്കിയത് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ്. ഇതില്‍ വി.എസ് അച്യുതാനന്ദന്റെ ഉദ്ദേശശുദ്ധിയെ ഭരണപ്രതിപക്ഷ ഭേദമന്യേഎല്ലാ ജനങ്ങളും അംഗീകരിക്കുന്നു. ഇതിനിടയിലാണ് നികേഷിന്റെ റിപ്പോര്‍ട്ടര്‍ ടിവി വി.എസ് മലിനീകരണ കമ്പനിക്കൊപ്പമാണ് എന്ന രീതിയില്‍ വാര്‍ത്ത നല്‍കിക്കൊണ്ടിരിക്കുന്നത്.
നികേഷ് കുമാര്‍ പ്രതിയായ ഓഹരിതട്ടിപ്പ് കേസിനെ കുറിച്ചോ 57 കേസുണ്ടെന്ന നികേഷ് നല്‍കിയ സത്യവാങ്മൂലത്തെ കുറിച്ചോ റിപ്പോര്‍ട്ടര്‍ ടിവി ഇതുവരെ വാര്‍ത്ത നല്‍കിയിട്ടില്ല. കോളെജ് വിദ്യാഭ്യാസ കാലത്ത് നികേഷ് കെ.എസ്.യു ചെയര്‍മാനായിരുന്നു എന്ന വാര്‍ത്തയും റിപ്പോര്‍ട്ടര്‍ ടിവി നല്‍കിയിട്ടില്ല. കുറച്ചുനാളായി കോണ്‍ഗ്രസിനെതിരായ വാര്‍ത്തകള്‍ മാത്രം നല്‍കുന്ന റിപ്പോര്‍ട്ടര്‍ ടിവി നികേഷിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് വി.എസിനെതിരെ വാര്‍ത്ത നല്‍കുന്നതെന്ന് സി.പി.ഐ.എം നേതാക്കള്‍ തന്നെ സംശയിക്കുന്നുണ്ട്.
Post Your Comments