Kerala

ലഹരിമരുന്നുകള്‍ ഭ്രാന്തനാക്കി; 10 വയസ് കാരനെ കുത്തിക്കൊന്ന അജി ദേവസിയുടെ കഥ

എറണാകുളം:പുല്ലേപ്പടിയില്‍ 10 വയസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ അജി ദേവസ്യ മാനസിക രോഗിയായത് തുടര്‍ച്ചയായ ലഹരി മരുന്നിന്റെ ഉപയോഗം മൂലം. ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതോടെ അമ്മ നല്‍കിയ പരാതിയില്‍ പോലീസാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്.

ഡിസംബറിലാണ് പോലീസ് ഇടപെട്ട് ഇയാളെ തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രണ്ട് മാസത്തോളം നീണ്ട ചികിത്സക്ക് ശേഷം ഫിബ്രവരിയിലാണ് ഇയാള്‍ പുല്ലേപ്പടിയിലെ വീട്ടിലേക്ക് തിരിച്ചെത്തി.മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 12 വര്‍ഷത്തോളമായി ചികിത്സയിലാണ് അജി ദേവസ്യയെന്നും എന്നാല്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ ഇയാള്‍ കഴിക്കാറില്ലെന്നുമാണ് അജി ദേവസ്യയുടെ മാതാവ് പറയുന്നത്.
വീട്ടില്‍ സ്ഥിരം പ്രശ്‌നക്കാരനായിരുന്നു ഇയാള്‍. ഇത് സഹിക്കാനാവതെ വന്നതോടെയാണ് സ്വന്തം അമ്മയ്ക്ക് തന്നെ മകനെതിരെ പോലീസിനെ സമീപിക്കേണ്ടി വന്നത്.

ഇന്നലെ തൃശ്ശൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ച ഡോ.ലക്ഷ്മിയായിരുന്നു ഒടുവില്‍ അജി ദേവസ്യയെ ചികിത്സിച്ചിരുന്നത്. എന്നാല്‍ കഞ്ചാവും മയക്കുമരുന്നുമടക്കമുള്ള ലഹരിപദാര്‍ഥങ്ങള്‍ അജി ഉപയോഗിച്ചിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ലഹരി മരുന്നുകള്‍ കിട്ടാത്ത സമയങ്ങളില്‍ ഇയാള്‍ അക്രമാസക്തനായിരുന്നുവെന്നും, പലപ്പോഴും നാട്ടുകാരെ ആക്രമിച്ചിരുന്നുവെന്നും ഇവര്‍ സാക്ഷ്യപ്പടുത്തുന്നു. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള അജി ദേവസ്യയുടെ ആരോഗ്യപരിശോധന കൂടി പൂര്‍ത്തിയായാല്‍ മാത്രമേ കൃത്യം നടക്കുന്ന സമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നുവോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button