Kerala

യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ സി.പി.എം-ബി.ജെ.പി രഹസ്യനീക്കം- രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സിപിഐഎമ്മും ബിജെപിയും രഹസ്യനീക്കം നടത്തുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫേസ്ബൂക്കിലാണ് ചെന്നിത്തലയുടെ പരാമര്‍ശം

ആലപ്പുഴ ജില്ലയില്‍ ഇവരുടെ അവിശുദ്ധബന്ധം മറനീക്കി പുറത്തുവന്നു, ബിഡിജെഎസും ബിജെപിയും വോട്ടുകളെ സ്വന്തം പെട്ടിയിലിക്കാനാണ് ശ്രമിക്കുന്നത്. ആലപ്പുഴ മോഡല്‍ പരീക്ഷണം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് ഇരു പാര്‍ട്ടികളുടേയും ശ്രമമെന്നും രമേശേ് ചെന്നിത്തല പോസ്റ്റില്‍ പറഞ്ഞു. രഹസ്യ അജണ്ട നടപ്പാക്കാനുള്ള ഒരു പാലമായിട്ടാണ് ബി ഡി ജെഎസിനെ ഇരുപാര്‍ട്ടികളും ഉപയോഗിക്കുന്നതെന്നും ചെന്നിത്തല പറയുന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനുള്ള മുന്‍തൂക്കം എങ്ങിനെയും ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് ആലപ്പുഴ മോഡല്‍ പരീക്ഷണത്തിന് ഇരു പാര്‍ട്ടികളും ഉദ്യമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പരാജയപ്പെടുത്തുക എന്ന ഒറ്റ ഉദ്ദേശം മുന്‍ നിര്‍ത്തി സി പി എമ്മും- ബി ജെ പിയും സംയുക്തമായി രഹസ്യ നീക്കം നടത്തുകയാണ്. ആലപ്പുഴ ജില്ലയിലാണ് ഇവരുടെ അവിശുദ്ധ രഹസ്യ ബാന്ധവം ഇപ്പോള്‍ മറനീക്കി പുറത്ത്‌ വന്നിരിക്കുന്നത്. ബി ജെ പി സഖ്യകക്ഷിയായ ബി ഡി ജെസുമായി അവിശുദ്ധ ബന്ധത്തിലേര്‍പ്പെട്ട് ബി ജെ പി വോട്ടുകളെ തങ്ങളുടെ പെട്ടിയിലെത്തിക്കാന്‍ സി പി എം ശ്രമിക്കുകയാണ്. ആലപ്പുഴ മോഡല്‍ പരീക്ഷണം സംസ്ഥാനമൊട്ടും വ്യാപിപ്പിക്കാനാണ് രണ്ട് പാര്‍ട്ടികളുടെയും ശ്രമം. തങ്ങളുടെ രഹസ്യ അജണ്ട നടപ്പാക്കാനുള്ള ഒരു പാലമായിട്ടാണ് ബി ഡി ജെഎസിനെ ഇരുപാര്‍ട്ടികളും ഉപയോഗിക്കുന്നത്.

സി പി എമ്മിനും- ബി ജെ പിക്കും ഈ ബാന്ധവം പുതിയതല്ല, നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് 1977 ല്‍ മൊറാര്‍ജിദേശായിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സി പി എം അഖിലേന്ത്യ നേതൃത്വവും, ബി ജെ പി യുടെ ആദിമരൂപമായ ജനസംഘവും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചത്. 1989 ല്‍ വി പി സിംഗ്‌സര്‍ക്കാരിനെ കേന്ദ്രത്തില്‍ അവരോധിക്കാന്‍ സി പി എമ്മും- ബി ജെ പി യും ഒരേ മനസോടെഒരുമിച്ച് നിന്നു. അന്ന്‌ സി പിഎം അഖിലേന്ത്യ സെക്രട്ടറിയായിരുന്ന ഇ എംഎസും, എല്‍ കെ അദ്വാനിയും പലപ്പോഴും ഒരുമിച്ചിരുന്ന്‌ കൊണ്ടാണ്‌ കോണ്‍ഗ്രസിനെ അധികാരത്തില്‍ പുറത്ത് നിര്‍ത്താനും, അതുവഴി വി പി സിംഗിനെ പ്രധാനമന്ത്രിയാക്കാനുമുള്ള തന്ത്രങ്ങള്‍ രൂപം നല്‍കിയത്. അന്ധമായ കോണ്‍ഗ്രസ്‌ വിരോധം മാത്രമായിരുന്നു ഇത്തരം അവിശുദ്ധ ബന്ധങ്ങള്‍ക്ക് ഇവരെ എന്നും പ്രേരിപ്പിച്ചത്. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനുള്ള മുന്‍തൂക്കം എങ്ങിനെയും ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് ആലപ്പുഴ മോഡല്‍ പരീക്ഷണത്തിന് ഇരു പാര്‍ട്ടികളും ഉദ്യമിക്കുന്നത്. എന്നാല്‍ ജനം ഇത് തിരിച്ചറിഞ്ഞ് അക്രമരാഷ്ട്രീയത്തിന്റെയും വര്‍ഗീയരാഷ്ട്രീയത്തിന്റെ വക്താക്കളെയും നിഷ്‌കരുണം പരാജയപ്പെടുത്തുമെന്ന് എനിക്ക്‌ വിശ്വാസമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button