ശത്രത്തെ ഉള്ളം കൈയില്‍ അമ്മാനമാടുന്ന ശാസ്ത്രഞ്ജര്‍ റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ വിളക്കുകൊളുത്തി തേങ്ങ ഉടയ്ക്കുന്നു- അറിയാമോ?
ഇന്ന് വാര്‍ത്തകളില്‍ അയ്യപ്പനും ആനപിണ്ഡവും ചങ്ങലകളും നിറയുമ്പോള്‍ മനസ്സില്‍ തെളിഞ്ഞുവരുന്ന ചില ചരിത്രത്തിന്റെ ചിത്രങ്ങളുണ്ട്.പുരോഗമനവാദം കൊണ്ടോ സ്ത്രീപക്ഷവാദം കൊണ്ടോ ചരിത്രത്തിന്റെ ഏടുകളില്‍ നിന്നും മായ്ക്കാന്‍ കഴിയാത്ത കേരളത്തിന്റെ മതസൌഹാര്ദത്തിന്റെ നേര്ചിത്രം..ഇന്ത്യാമഹാരാജ്യത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ആദ്യമായി വൈദേശികമതവിശ്വാസങ്ങളെ ആദരിച്ചു ആനയിച്ച ജനവിഭാഗമാണ് നമ്മള്‍ മലയാളികള്‍..റോമില്‍ ക്രിസ്തുമതത്തിനു തുല്യം ചാര്‍ത്തുന്നതിനു മുമ്പേ കേരളത്തിലെത്തിയ സെന്റ് തോമസിനും ക്നാനായി തൊമ്മനും ഭൂമിയുംപണവും നല്‍കി ആദരിച്ചവരാണ് നമ്മുടെ നാട്ടുരാജാക്കന്മാര്‍. അതിനൊപ്പം തന്നെ ആദ്യക്രിസ്ത്യന്‍ പള്ളി പണിയാനുള്ള അനുവാദവും നല്‍കി..വ്യാപാരത്തിനൊപ്പം വിശ്വാസവും കേരളത്തിലെത്തിച്ച അറബ് കച്ചവടക്കാര്‍ക്ക് പരവതാനി വിരിച്ചു സ്വീകരിച്ച കോഴിക്കോട് സാമൂതിരി ആദ്യത്തെ മുസ്ലീം പള്ളി പണിയുന്നതിനുള്ള അനുവാദവും നല്‍കി..ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണിനു പറയാന്‍ ഇങ്ങനെയെത്ര കഥകള്‍ ബാക്കി.അര്‍ത്തുങ്കല്‍ പള്ളിയെയും വാവരുപള്ളിയെയും കടന്നുപോകുന്ന ശബരിമല തീര്‍ത്ഥാടനം മതാതീതമായ വിശ്വമാനവികതയുടെ മകുടോദാഹരണമാണ്. ആനപിണ്ഡത്തെയും ആര്‍ത്തവത്തെയും ചങ്ങലകളെയും അണിനിരത്തി പുരോഗമനം പ്രസംഗിക്കുന്നവര്‍ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ-ഇല്ലാത്ത വര്‍ഗ്ഗീയതയും അസഹിഷ്ണുതയും പറഞ്ഞുപരത്തി ഇവിടുത്തെ മതസൌഹാര്‍ദം തകര്‍ക്കുകയെന്ന ഒരൊറ്റ ലക്‌ഷ്യം മാത്രം.
പതിമൂന്നാമത്തെ വയസ്സില്‍ എന്നില്‍ നിന്നും മുറിവില്ലാതെയൂര്‍ന്നു പോയ ആ ചുവന്നത്തുള്ളികള്‍ ഒരിക്കലും എന്നോട് പറഞ്ഞില്ല ഞാന്‍ അശുദ്ധയെന്നു. അത് എന്നിലെ പെണ്മയെ എനിക്ക് കാട്ടിതന്ന വലിയൊരു തിരിച്ചറിവായിരുന്നു..അടിവയറ്റില്‍ പടര്‍ത്തിയ അസ്വസ്ഥതകള്‍ക്കിടയിലും അതെനിക്ക് കാട്ടിത്തന്നത് എന്റെ സ്വത്വത്തെയായിരുന്നു. എവിടെയും ഞാന്‍ വിലക്കുകള്‍ കണ്ടില്ല.പക്ഷേ കുഞ്ഞുനാള്‍ മുതല്‍ അറിയാതെയെന്നില്‍ അടിയുറച്ചുപോയ വിശ്വാസത്തിന്റെ ചവിട്ടുപടിയില്‍ നിന്നും കൊണ്ട് ഞാന്‍ എനിക്ക് ചുറ്റും ഒരു ലക്ഷ്മണരേഖ വരച്ചു..ആ ലക്ഷ്മണരേഖ ഒരിക്കലും എന്നിലെ സ്വാതന്ത്രത്തെ ഹനിച്ചില്ല.ഞാന്‍ സ്വയം വരച്ച ലക്ഷ്മണരേഖയ്ക്കുള്ളില്‍ നിന്നുകൊണ്ട് സന്തോഷത്തോടെ പൂജാമുറിയില്‍ നിന്നും,അമ്പലങ്ങളില്‍ നിന്നും എന്റെ ഇരുപത്തെട്ടുദിവസത്തെ ജൈവികചാക്രികത്തില്‍ നിന്നും ആ ഏഴു ചുവന്നപൂക്കളെ മാറ്റിനിറുത്തി. അതിനു ഞാനെന്തിനു ഇത്രമേല്‍ വേവലാതിപ്പെടണം?ബാക്കിയുള്ള ദിവസങ്ങള്‍ അവര്‍ക്കായി,എന്റെ പരാതികളും ആവലാതികളും നേരിട്ട്കേള്‍ക്കാനായി,ഞാന്‍ ഒഴിച്ചിട്ടുണ്ടല്ലോ..ഈശ്വരാരാധനയെന്നതു മനസ്സിന്റെ ഒരു വിശ്വാസമാണ്.എന്നെ പോലൊരു വിശ്വാസിക്ക് ആശ്രയത്തിന്റെ അവസാനത്തെ കോടതിയാണ് ഈശ്വരന്‍..എന്റെ വിശ്വാസവും ആചാരവും മതവും ചേര്‍ന്നൊരുക്കിയ ഒരു ചട്ടക്കൂട്ടിനുള്ളില്‍ നാളിതുവരെ കഴിഞ്ഞുപോന്ന എനിക്ക് അതുകൊണ്ടൊരു ദോഷവും ഇന്ന് വരെയും സംഭവിച്ചിട്ടില്ല..എട്ടാമത്തെ വയസ്സില്‍ കന്നികെട്ടു കെട്ടി അമ്മാവനൊപ്പം മലചവിട്ടിയ എനിക്ക് അയ്യപ്പന്‍ എന്നത് ഒരു വിശ്വാസമാണ്.പിന്നീടു ഋതുമതിയായ ശേഷവും പലപ്പോഴും ഞാന്‍ അയ്യപ്പനെ കണ്ടിട്ടുണ്ട്.അത് ശബരിമലയില്‍ പോയിട്ടല്ല..അടുത്തുള്ള ശാസ്താക്ഷേത്രത്തില്‍ വച്ച് ഞാന്‍ അയ്യപ്പനെ കണ്ടിട്ടുണ്ട്.എന്റെ പൂജാമുറിക്കുള്ളിലും ആര്യങ്കാവിലും അച്ചന്‍കോവിലിലും ഞാന്‍കണ്ടിട്ടുള്ളത് അതേ അയ്യപ്പനെയാണ്.അങ്ങനെ അയ്യപ്പനെ ദര്‍ശിക്കാമെന്നിരിക്കെ നൂറ്റാണ്ടുകളായി തുടര്‍ന്ന്പോരുന്ന ഒരാചാരത്തെ എതിര്‍ത്ത് സമൂഹത്തില്‍ എന്ത് നേട്ടമാണ് ഞാന്‍ കൊണ്ട് വരേണ്ടത്?വിശ്വാസികളായ ഒരു സ്ത്രീയും പറയില്ല ആചാരത്തെ എതിര്‍ത്ത് ശബരിമലയില്‍ തൊഴണമെന്നും ആര്‍ത്തവകാലത്ത് അമ്പലങ്ങളില്‍ പോകണമെന്നും..
ചില ചങ്ങലകള്‍ മനുഷ്യന് നല്ലതാണ്. ചങ്ങലക്കെട്ടുകള്‍ പൊട്ടിക്കുന്ന മദയാനകള്‍ സമൂഹത്തില്‍ എന്ത് മാറ്റമാണ് കൊണ്ട് വന്നിരിക്കുന്നത്?ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ ശ്രമിച്ച “ഒരാന” കാമുകനുവേണ്ടി സ്വന്തം കുഞ്ഞിനേയും അമ്മായിയമ്മയെയും കൊല്ലാന്‍ കൂട്ടുനിന്നതിന്റെ ഫലം നമ്മള്‍ കണ്ടതാണ്. ചില തിരിച്ചറിവുകളും വിശ്വാസങ്ങളും കാലത്തിന്റെയും സമൂഹത്തിന്റെയും സംഭാവനകളാണ്..ആ തിരിച്ചറിവുകള്‍ നമുക്ക് ഉള്ളത് കൊണ്ടാണ് നമ്മള്‍ സ്വന്തം സഹോദരങ്ങളെയും മാതാപിതാക്കളെയും കാമിക്കാത്തത്. വിവാഹം കഴിക്കാത്തത്..അതിനെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നതിന്റെ പേരില്‍ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ എന്താകും ഈ സമൂഹത്തിന്റെ അവസ്ഥ? ഐ എസ് ആര്‍ ഒ ഓരോ റോക്കറ്റ് വിക്ഷേപണം നടത്തുമ്പോഴും പൂജയും തേങ്ങയുടയ്ക്കലും നടത്താറുണ്ട്.ശാസ്ത്രത്തെ ഉള്ളംകൈയില്‍ കൊണ്ട് നടക്കുന്ന ആ ശാസ്ത്രജ്ഞര്‍ അങ്ങനെ ചെയ്യുന്നത് അവര്‍ മതതീവ്രവാദികളോ അന്ധവിശ്വാസികളോ ആയതു കൊണ്ടല്ല. കാലങ്ങളായി ചെയ്തുപോരുന്ന ഒരു കീഴ്വഴക്കം..അത് ചെയ്തത് കൊണ്ട് എല്ലാ റോക്കറ്റും വിജയലക്ഷ്യത്തിലെത്തുന്നില്ല..ചെയ്യാത്തത് കൊണ്ട് ലക്ഷ്യത്തിലെത്താതിരിക്കുന്നുമില്ല.ആര്‍ക്കും ദ്രോഹമല്ലാത്ത വിശ്വാസങ്ങളെ ഹനിക്കുന്നത് കൊണ്ട് ഒരു നേട്ടവും ഉണ്ടാകുന്നില്ല. മറിച്ചു കാലാകാലങ്ങളായി ചെയ്തുപോരുന്ന ആചാരങ്ങളെ ചോദ്യം ചെയ്യുക വഴി സമൂഹത്തില്‍ വെറുപ്പിന്റെ വിത്തുകള്‍ മാത്രമേ പാകുകയുള്ളൂ..
മത സൗഹാര്‍ദ്ദത്തെ ക്കുറിച്ച് പറയുമ്പോള്‍ തിരുവനന്തപുരത്തുകാരിയായ എനിക്ക് എന്റെ നാടിനെ കുറിച്ച് പറയാതെ വയ്യ .ഞാന്‍ പഠിച്ചിരുന്ന നിര്‍മ്മലഭവന്‍ സ്കൂളിനുള്ളില്‍ തന്നെ ഒരു ചാപ്പല്‍ ഉണ്ട് . അവിടെ ഹിന്ദുവായ ഞാനും ക്രിസ്ത്യാനിയായ സൂസനും മുസ്ലീമായ റോഷനും ഒരുമിച്ചു പോയി പ്രാര്‍ഥിക്കാറുണ്ട് . അവിടെ ഒരു വിലക്കും ഞാന്‍ കണ്ടിട്ടില്ല .അതുപോലെതന്നെ സ്കൂളിനു മുന്നില്‍ ഒരു ശിവക്ഷേത്രമുണ്ട്. പരീക്ഷാക്കാലങ്ങളില്‍ അവിടെ നിര്‍മ്മലഭവന്‍ സ്കൂളിലെയും ക്രൈസ്റ്റ്നഗര്‍ സ്കൂളിലെയും സകല കുട്ടികളും ജാതിമതഭേദമന്യേ അവിടെയെത്തി പ്രാര്‍ഥിക്കാറുണ്ട് . ഞങ്ങള്‍ തിരുവനന്തപുരത്തുകാര്‍ക്ക് മൂന്ന് ഉത്സവങ്ങള്‍ ഉണ്ട് . ആറ്റുകാല്‍ പൊങ്കാല ,വെട്ടുകാട് പള്ളി കൊടിയേറ്റം,ബീമാപള്ളി ഉറൂസ് . മൂന്നു ഉത്സവങ്ങള്‍ക്കും പ്രാദേശിക അവധിയുണ്ട് .ആറ്റുകാല്‍ പൊങ്കാലയ്ക്ക് ജില്ല മുഴുവന്‍ അവധിയും മറ്റു രണ്ടു ഉത്സവങ്ങള്‍ക്കും തിരുവനന്തപുരംസിറ്റി പ്രദേശത്തിനുമാണ് അവധി. ഈ മൂന്ന് ഉത്സവവും നാടിന്റെ ഉത്സവമാണ്..ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പെടുന്ന മണക്കാട് പ്രദേശത്ത് ധാരാളം ഇസ്ലാം മത വിശ്വാസികള്‍ ഉണ്ട്. അവര്‍ക്ക് പൊങ്കാലയെന്നാല്‍ അവരുടെ ഉത്സവം കൂടിയാണ് . ആ പ്രദേശങ്ങളിലെ ഓരോ വീടും പൊങ്കാല ദിവസം ഭക്തജനങ്ങള്‍ക്കായി എല്ലാവിധ സൌകര്യങ്ങളും ഒരുക്കുന്നു .അതുപോലെതന്നെയാണ് വെട്ടുകാട് പെരുന്നാളും .വെട്ടുകാട് നാഥനെ തൊഴാത്ത ഹിന്ദുക്കള്‍ തിരുവനന്തപുരത്തു കുറവാണ് ..എല്ലാ വെള്ളിയാഴ്ചയും ഞാന്‍ കരിക്കകത്തു ക്ഷേത്രത്തില്‍ തൊഴുത് തിരികെ വരും വഴി വെട്ടുകാട് പോകും. അവിടുത്തെ ചരട് കൈയില്‍ കെട്ടാത്ത കുട്ടികള്‍ ആള്‍സെയിന്റ്സ് കോളേജില്‍ ഇല്ല തന്നെ . ബീമാപള്ളിയിലും എല്ലാ മതസ്ഥരും പോകാറുണ്ട് . ഇത് പോലെ തനെയാണ് കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലെയും ജനങ്ങള്‍ തമ്മിലുള്ള സൌഹൃദം. ഇവിടെയോക്കെയും വര്‍ഗീയ പാര്‍ട്ടികളെക്കാള്‍ സൂക്ഷിക്കേണ്ടത് മതേതരം പ്രസംഗിക്കുന്ന ഇതര രാഷ്ട്രീയപാര്‍ട്ടിയെയാണ് . അവര്‍ക്കാണ് മതേതരം നശിപ്പിക്കാനുള്ള വ്യക്തമായ അജണ്ടയുള്ളത് .അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കാലങ്ങളില്‍ വേണ്ടാത്ത വിവാദപ്രസ്തവനകള്മായി ഇത്തരക്കാര്‍ രംഗപ്രവേശം ചെയ്യുന്നത്. കൂടുതലും ലക്‌ഷ്യം വയ്ക്കുന്നത് ഹിന്ദു ആചാരങ്ങളെയും ആയിരിക്കും .അത് ഒരു സൂത്രമാണ് . ഹിന്ദുക്കളെ പറയുമ്പോള്‍ സ്വാഭാവികമായും പിന്തുണയുമായി വര്‍ഗ്ഗീയതയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ചില മതവാദികള്‍ രംഗത്തെത്തും. അതിനെ എതിര്‍ക്കാന്‍ എതിര്‍വിഭാഗങ്ങളും എത്തുമ്പോള്‍ വിവാദമായി . പിന്നീടു ഒരു കലാപത്തിനുള്ള സാധ്യതയുമായി. ആട്ടിന്‍കൂട്ടത്തെ തമ്മിലടിപ്പിച്ചു കൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഇത്തരം ചെന്നായക്കൂട്ടങ്ങള്‍ ആണ് നമ്മുടെ നാടിന്റെ ശാപം .
Post Your Comments