മസ്ക്കറ്റ്: ഒമാനിലെ സലാലയില്‍ മലയാളി നഴ്സിന്റെ കൊലപാതകത്തിന് പിന്നില്‍ മോഷണമല്ല പ്രധാനലക്ഷ്യമെന്ന് പോലീസ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പ്രതികാരം തീര്‍ക്കാന്‍ എന്ന വണ്ണം ആഴത്തില്‍ ഏല്‍പ്പിച്ച 9 ഓളം മുറിവുകളാണ് അഞ്ച് മാസം ഗര്‍ഭിണിയായ ചിക്കു റോബര്‍ട്ടിന്റെ ശരീരത്തില്‍ കണ്ടെത്തിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. മോഷണമായിരുന്നു ലക്ഷ്യമെങ്കില്‍ അതിക്രൂരമായി കൊലപ്പെടുത്തുകയില്ലെന്നാണ് പോലീസ് നിഗമനം.
അടിവയറ്റിലാണ് ഏറ്റവും വലിയ മുറിവ്. വയര്‍ മുറിഞ്ഞ് ആന്തരികാവയവങ്ങളും മുറിഞ്ഞിരുന്നു. മുതുകിലും, നെഞ്ചിലും ആഴത്തില്‍ പല തവണ മുറിവുകള്‍ ഏല്പ്പിച്ചിട്ടുണ്ട്. മോഷണമായിരുന്നു ലക്ഷ്യമെങ്കില്‍ ഇത്രയധികം പ്രതികാരം ശരീരത്തോട് ചെയ്യേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ആസൂത്രിതമായ കൊലപാതകമായാണ് പോലീസ് കരുതുന്നത്. കൊലയ്ക്ക് ശേഷം ചെവി അറുത്ത്മാറ്റിയത് മോഷണമാണ് ലക്ഷ്യമെന്നു വരുത്തിത്തീര്‍ത്ത് കേസിന്റെ വഴി തിരിച്ചുവിടാനാണെന്നും കരുതുന്നു. മോഷണമായിരുന്നു ലക്ഷ്യമെങ്കില്‍ ഇത്രയധികം മാരകമായ മുറിവുകളേറ്റ് അബോധാവസ്ഥയിലായ ഒരാളുടെ ചെവിയില്‍ നിന്ന് അനായാസം കമ്മലുകള്‍ അഴിച്ചെടുക്കാവുന്നതേയുള്ളൂ.
പ്രാഥമിക ശരീരപരിശോധനയുടേയും, മുറിവുകളുടെ സ്വഭാവങ്ങളും സംബന്ധിച്ച വിശദാംശങ്ങളാണ് പുറത്തായത്. അതേസമയം രാസപരിശോധനാ ഫലങ്ങളും, ആന്തരികാവയവ പരിശോധനാ റിപോര്‍ട്ടും വന്നിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ചിക്കുവിന്റെ ഭര്‍ത്താവും പാക്കിസ്ഥാന്‍ സ്വദേശിയും കസ്റ്റഡിയില്‍ തുടരുകയാണ്. ഇതില്‍ പാക് സ്വദേശിയിലേക്കാണ് സംശയം നീളുന്നത്. ഇയാളുമായി ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സന് നേരത്തേ പരിചയം ഉണ്ടായിരുന്നു.പാക്കിസ്ഥാന്‍ സ്വദേശി ഇവരുടെ അയല്പക്കത്ത് താമസക്കാരനാണ്. അന്വേഷണ വിവരങ്ങള്‍ രഹസ്യമായിരിക്കാനാണ് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നതെന്നാണ് വിവരം.
എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി അസീസി നഗറില്‍ തെക്കേതില്‍ ഐരുകാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു റോബര്‍ട്ട് (27) എന്ന മലയാളി നഴ്‌സാണ് കഴിഞ്ഞ ബുധനാഴ്ച സലാലയിലെ ഫ്‌ളാറ്റില്‍ കുത്തേറ്റ് മരിച്ചത്. രക്തത്തില്‍ കുളിച്ച നിലയിലുള്ള ചിക്കുവിന്റെ ചെവികളും അറുത്ത് മാറ്റിയിരുന്നു. ചിക്കുവും ഭര്‍ത്താവ് ലിന്‍സണും ഒമാനിലെ ബദര്‍ അല്‍സമാ ആശുപത്രി ജീവനക്കാരാണ്. ലിന്‍സണ്‍ വൈകീട്ട് ആറു മണിയോടെ ജോലിക്ക് പോയി. ആ സമയത്ത് ചിക്കു ഉറങ്ങുകയായിരുന്നു. രാത്രി 10 മണിക്കാണ് ചിക്കുവിനു ജോലിയ്ക്ക് കയറേണ്ടിയിരുന്നത്. എന്നാല്‍ 10.30 ആയിട്ടും ചിക്കു ആശുപത്രിയിലെത്തിയില്ല. മാത്രമല്ല ഫോണ്‍ വിളിച്ചിട്ട് പ്രതികരിച്ചതുമില്ല. ലിന്‍സണ്‍ ഉടന്‍ ഫ്‌ളാറ്റിലേയ്ക്ക് പോയി. ഫ്‌ളാറ്റിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയില്‍ തന്നെയാണ് കണ്ടത്. വീട് തുറന്ന് അകത്തു കയറിയ ലിന്‍സണ്‍ കണ്ടത് കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ചിക്കുവിനെയാണ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം തുടരുകയാണ്. സംഭവസമയം വീട് അകത്തു നിന്നു പൂട്ടിയിരുന്നതിനാല്‍ ബാല്‍ക്കണിയിലൂടെയാവും അക്രമി അകത്ത് കടന്നതെന്നാണ് പൊലിസിന്റെ നിഗമനം.
അതേസമയം, നടപടികള്‍ പൂര്‍ത്തിയാക്കി ചിക്കുവിന്റെ മൃതദേഹം ചൊവ്വാഴ്ച്ച നാട്ടില്‍ എത്തിക്കും. എന്നാല്‍ ഭര്‍ത്താവ് ലിന്‍സനെ വിട്ടയക്കാന്‍ താമസിച്ചാല്‍ അതുവരെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാനും ആലോചനയുണ്ട്.
Post Your Comments